- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോളിങ് കൂടിയതിൽ ബിജെപിക്കും കോൺഗ്രസിനും പ്രതീക്ഷ; എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിറയുന്നത് കോൺഗ്രസ് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണ്ണായകമായാൽ ആരും അധികാരത്തിലെത്തുന്ന അവസ്ഥ വരും; കർണ്ണാടകയിൽ ത്രിശങ്കു സഭ വരുമോ? ഡബിൾ എഞ്ചിൻ സർക്കാരിനുള്ള സാധ്യത സജീവം; കൂടുതൽ ആവേശം കോൺഗ്രസ് ക്യാമ്പിൽ
ന്യൂഡൽഹി: കർണാടകനിയമസഭാ തിരഞ്ഞെടുപ്പിൽ 71.93% പോളിങ് ആരെ തുണയ്ക്കും? കഴിഞ്ഞ തവണത്തേക്കാൾ പോളിങാണ് ഇത്തവണ. മോദി ഫാക്ടറാണ് വോട്ട് കൂടാൻ കാരണമെന്ന് ബിജെപി പറയുന്നു. അഴിമതിക്കെതിരായ വോട്ടാണെന്ന് കോൺഗ്രസും. തൂക്കുസഭ വരുമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്. വോട്ടെണ്ണൽ ശനിയാഴ്ച. പുറത്തുവന്ന 9 എക്‌സിറ്റ് പോളിൽ ഏഴെണ്ണം കോൺഗ്രസ് മുന്നേറ്റം പ്രവചിച്ചു. 4 ഫലങ്ങൾ കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നൽകി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതിൽ മൂന്നിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാൽ, ജെഡിഎസ്സിന്റെ നിലപാട് നിർണായകമാകും.
കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും തൂക്കുമന്ത്രിസഭയ്ക്കു സാധ്യതയെന്നും പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളുകയാണ് രാഷ്ട്രീയ നേതാക്കൾ. ഇവിടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെട്ടപ്പോൾ, ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസും ജെഡിഎസും ആവർത്തിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുമെന്നാണ് പ്രധാന നേതാക്കളെല്ലാം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാൽ കർണ്ണാടകയിലെ അടിയൊഴുക്കുകൾ കോൺഗ്രസിന് അനുകൂലമാണ്. കൂടുതൽ ആവേശം കോൺഗ്രസ് ക്യാമ്പിലാണ്.
മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ കോൺഗ്രസിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും ചരടു വലികൾ തുടങ്ങിയിട്ടുണ്ട്. തൂക്കുമന്ത്രിസഭ വരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് ഡി.കെ.ശിവകുമാർ വ്യക്തമാക്കി. കർണാടകയിൽ ഡബിൾ എൻജിൻ സർക്കാർ പരാജയപ്പെട്ടു. അതിനാൽ തന്നെ സഖ്യ രൂപീകരണ സാഹചര്യം വരില്ല. കോൺഗ്രസ് ഏറ്റവും കുറഞ്ഞത് 146 സീറ്റ് നേടുമെന്നും ശിവകുമാർ അവകാശപ്പെട്ടു. ഇത് ബിജെപി അംഗീകരിക്കുന്നില്ല. മോദി ഫാക്ടറിലാണ് പ്രതീക്ഷ.
ബിജെപി അധികാരം നിലനിർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കിട്ടും. കോൺഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് നൂറു ശതമാനം കൃത്യതയില്ല. യഥാർഥ ഫലവുമായി അഞ്ച് ശതമാനം വ്യത്യാസം എക്‌സിറ്റ് പോൾ ഫലങ്ങളിൽ വരാറുണ്ട്. അങ്ങനെ വന്നാൽ തന്നെ സാഹചര്യം മാറുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കർണാടകയിൽ ബിജെപി ജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പറഞ്ഞു. തൂക്കുമന്ത്രിസഭയെന്ന വിഷയം ഉദിക്കുന്നില്ല. ബിജെപിക്ക് 115 മുതൽ 117 സീറ്റു വരെ കിട്ടും. അതിനാൽ ജെഡിഎസുമായി സഹകരിക്കേണ്ട സാഹചര്യം വരില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം ജയസാധ്യതയുള്ള 25 സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. വിചാരിച്ച പോലെ സംഭാവനകൾ കിട്ടിയില്ല. അതിനാൽ ചില സ്ഥാനാർത്ഥികളെ സാമ്പത്തികമായി പിന്തുണയ്ക്കാൻ സാധിച്ചില്ലെന്നത് വേദനിപ്പിക്കുന്നുവെന്നും കുമാരസ്വാമി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ