ഹസൻ: കർണ്ണാടകയിൽ വീണ്ടും ഓപ്പറേഷൻ ലോട്ടസ്. കർണ്ണാടകയിൽ വീണ്ടും പഴയ മോഡലിന് സാധ്യത. അധികാരം പിടിക്കാൻ കോൺഗ്രസിനെ പിളർത്താനാണ് ശ്രമം. ഭരണകക്ഷിയായ കോൺഗ്രസിലെ സ്വാധീനമുള്ള ഒരു മന്ത്രി ബിജെപിയിൽ ചേർന്നേക്കുമെന്ന അവകാശവാദവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി എത്തുമ്പോൾ ചർച്ച പുതിയ തലത്തിലെത്തുന്നു. അട്ടിമറി സംഭവിക്കുമെന്നാണ് വിലയിരുത്തൽ. ജെഡിഎസ് നിലവിൽ ബിജെപിക്കൊപ്പമാണ്. ഈ സാഹചര്യത്തിലാണ് പ്രസ്താവന രാഷ്ട്രീയമായി ചർച്ചകളിൽ നിറയുന്നത്.

രാജ്യത്ത് കോൺഗ്രസിന് അധികാരമുള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കർണ്ണാടകം. തെലുങ്കാനയിൽ ഈയിടെ കോൺഗ്രസ് അധികാരം പിടിച്ചതും കർണ്ണാടകയിലെ കൂടെ കരുത്തുപയോഗിച്ചാണ്. എന്നാൽ കർണ്ണാടകയിലും കോൺഗ്രസിന് വിമത പ്രശ്‌നമുണ്ട്. ഇത് മുതലെടുക്കാൻ ബിജെപി ശ്രമം സജീവമാക്കുന്നുവെന്നാണ് കുമാരസ്വാമിയുടെ വാക്കുകൾ നൽകുന്ന സൂചന. മുമ്പ് കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ അവരുടെ എംഎൽഎമാരെ രാജിവയ്‌പ്പിച്ച് ഭരണം പിടിച്ച ചരിത്രം ബിജെപിക്കുണ്ട്. ഈ മോഡൽ വീണ്ടും കർണ്ണാടകയിൽ സംഭവിക്കാമെന്നാണ് കുമാരസ്വാമി പറഞ്ഞു വയ്ക്കുന്നത്.

കേന്ദ്ര സർക്കാർ ചുമത്തിയ കേസുകളിൽ നിന്ന് കരകയറാൻ ആഗ്രഹിക്കുന്ന ആ മന്ത്രി, കോൺഗ്രസ് വിട്ട് 5060 എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നേക്കുമെന്നും അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കുമാരസ്വാമി അവകാശപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആ മന്ത്രി ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. കർണ്ണാടക കോൺഗ്രസിലെ വമ്പനാണ് ഇതിന് പിന്നിലെന്നും കുമാരസ്വാമി പറയാതെ പറയുന്നു. നിലവിൽ സിദ്ദരാമയ്യയാണ് കർണ്ണാടകയിലെ മുഖ്യമന്ത്രി. ഡികെ ശിവകുമാര് ഉപമുഖ്യമന്ത്രിയും. രണ്ടൂ പേരും തമ്മിലെ ഭിന്നത ഏവർക്കും അറിയാം. ഈ സാഹചര്യത്തിലാണ് പ്രസ്താവന.

''കോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല. സ്വാധീനമുള്ള ഒരു മന്ത്രി അദ്ദേഹത്തിനെതിരായ കേസുകളിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത തരത്തിലാണ് അദ്ദേഹത്തിനെതിരെ കേന്ദ്ര സർക്കാർ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലേതുപോലെ കർണാടകയിൽ ഏതുനിമിഷവും എന്തും സംഭവിക്കാം'' കുമാരസ്വാമി പറഞ്ഞു. അതിനിടെ ഇത് ബിജെപിയുടെ വെറും തന്ത്രമാണെന്നാണ് കോൺഗ്രസ് വിശദീകരണം. എംഎൽഎമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമെന്നും വിലയിരുത്തുന്നു.

ഏതായാലും കോൺഗ്രസ് കരുതൽ എടുക്കും. എല്ലാ എംഎൽഎമാരുമായും ചർച്ച നടത്തും. കുമാരസ്വാമിയുടെ കണിയിൽ വീഴരുതെന്നും ആവശ്യപ്പെടും. 'ചെറിയ നേതാക്കളിൽ നിന്ന് ഇത്തരമൊരു ധീരമായ പ്രവൃത്തി പ്രതീക്ഷിക്കാനാവില്ലെന്നും സ്വാധീനമുള്ള ആളുകൾക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂ'വെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം നോക്കുമ്പോൾ എന്തും സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയക്കാർ അവരുടെ സൗകര്യാർഥം പക്ഷം മാറുമ്പോൾ പ്രത്യയശാസ്ത്രങ്ങൾ പിന്നാക്കം പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മുതിർന്ന മന്ത്രി ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ബിജെപി.യിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് കേന്ദ്രനേതാക്കളെ സമീപിച്ചു. 50 മുതൽ 60 വരെ എംഎ‍ൽഎ.മാരുമായി ബിജെപി.യിൽ ചേരാമെന്നും ആറുമാസം സാവകാശം തരണമെന്നും ആവശ്യപ്പെട്ടു' -കുമാരസ്വാമി പറഞ്ഞു. എന്നാൽ, ഏതുമന്ത്രിയാണ് ബിജെപി.യെ സമീപിച്ചതെന്നും ആരുമായാണ് ചർച്ചനടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കർണാടകത്തിൽ എന്തും സംഭവിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റ് നേടി. എന്നാൽ, അവരുടെ യഥാർഥസ്ഥാനമെന്താണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ അറിയാമെന്നും കുമാരസ്വാമി പറഞ്ഞു.