ബെംഗളൂരു: കർണാടകത്തിൽ ഹിജാബ് നിരോധനം ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ' ഹിജാബ് നിരോധനം ഇപ്പോഴില്ല. സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. ഉത്തരവ് പിൻവലിക്കാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിങ്ങൾ എന്തു ധരിക്കുന്നു, എന്തു കഴിക്കുന്നു എന്നുള്ളത് നിങ്ങളുടെ തീരുമാനമാണ്. ഞാൻ എന്തിന് അതിന് തടസ്സം നിൽക്കണം? മൈസൂരിൽ സിദ്ധരാമയ്യ പറഞ്ഞു.

നിങ്ങൾക്ക് എന്തും ധരിക്കാം. ഇഷ്ടമുള്ളത് കഴിക്കാം. ഞാൻ എനിക്കിഷ്ടമുള്ളത് കഴിക്കും, നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ളതും. ഞാൻ ധോത്തി ധിക്കുന്നു, നിങ്ങൾ പാന്റും ഷർട്ടും ധരിക്കുന്നു. അതിൽ എന്താണ് തെറ്റ്? സിദ്ധരാമയ്യ ചോദിച്ചു.

2022ലാണ് ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തട്ടമിടുന്നത് നിരോധിച്ചത്. ഇതേ തുടർന്ന് നിരവധി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അവശ്യ മതസമ്പ്രദായം അല്ലെന്നാണ് കോടതി പറഞ്ഞത്. സുപ്രീംകോടതിയിലും ഭിന്നവിധിയായിരുന്നു.

ജൂണിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയപ്പോൾ ബിജെപി സർക്കാർ കൊണ്ടുവന്ന പിന്തിരിപ്പൻ നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.