- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു വർഷമായി മദ്യനയ കേസ് ബിജെപിയുടെ ഏജൻസികൾ അന്വേഷിക്കുന്നു; എന്തെങ്കിലും തുമ്പ് ലഭിച്ചോ? മദ്യനയ കേസിൽ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ല; ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് താൻ ഉണ്ടാകരുതെന്ന് നിർബന്ധം; അറസ്റ്റു ചെയ്യാൻ നീക്കമെന്ന് കെജ്രിവാൾ
ന്യൂഡൽഹി: തന്നെ അറസ്റ്റു ചെയ്യാൻ നീക്കം നടക്കുന്നതായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായി അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസിൽ താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്ന സന്ദർഭങ്ങളിൽ ഇ.ഡി സമൻസ് അയക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് താൻ ഉണ്ടാകരുതെന്ന് ബിജെപിക്ക് നിർബന്ധമുണ്ട്. അതിന്റെ ഭാഗമായാണ് ഇ.ഡിയെ രംഗത്തിറക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു.
''രണ്ടുവർഷത്തിനിടെ നിരവധി തവണ മദ്യനയ അഴിമതിയെ കുറിച്ച് നിങ്ങൾ കേട്ടിടുണ്ടാകും. രണ്ടുവർഷമായി ബിജെപിയുടെ ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട് നിരവധി റെയ്ഡുകൾ നടത്തി. നിരവധിയാളുകളെ അറസ്റ്റ് ചെയ്തു. എന്നിട്ടും ഒരു നയാപൈസയുടെ അഴിമതി കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. അവർ യഥാർഥത്തിൽ അഴിമതിയെ കുറിച്ചാണ് അന്വേഷിക്കുന്നതെങ്കിൽ ഈ കോടികളൊക്കെ എവിടേക്ക് പോയി പണമെല്ലാം അന്തരീക്ഷത്തിൽ ആവിയായി പോവുന്നതാണോ''-കെജ്രിവാൾ ചോദിച്ചു.
മദ്യനയത്തിൽ ഒരുതരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ അഴിമതിപ്പണം കണ്ടെത്താൻ സാധിക്കുമായിരുന്നുവെന്നും കെജ്രിവാൾ അവകാശപ്പെട്ടു. ഒരുതെളിവുമില്ലാതെയാണ് അവർ എ.എ.പി നേതാക്കൾ ജയിലടച്ചിരിക്കുന്നത്. അവർക്ക് ആരെയും ജയിലിലടക്കാം. ഇപ്പോൾ അവർക്കാവശ്യം എന്റെ അറസ്റ്റാണ്. തെറ്റായ ആരോപണങ്ങളും അടിസ്ഥാനമില്ലാത്ത സമൻസുകളും അയച്ച് അവർ എന്റെ സ്വത്തുക്കൾ ലക്ഷ്യമിട്ട അവർ എന്റെ പേരും പദവിയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.
സമൻസുകൾ നിയമവിരുദ്ധമാണെന്ന് എന്റെ അഭിഭാഷകർ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ഇ.ഡിക്ക് മറുപടി നൽകിയിട്ടുമുണ്ട്.എന്നാൽ അവർ മറുപടി നൽകിയിട്ടില്ല. കാരണം അവർക്ക് പറയാൻ മറുപടിയില്ല. അന്വേഷണം നടത്തുക എന്നതല്ല ബിജെപിയുടെ ലക്ഷ്യം. മറിച്ച് അടുത്ത തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഞാൻ ഉണ്ടാവരുത് എന്നാണ് നിർബന്ധം. രണ്ടുവർഷമായി അന്വേഷണം നടക്കുന്ന ഒരു സംഭവത്തിൽ ഒരു തെളിവും അവർക്ക് കണ്ടെത്താനായിട്ടില്ല. തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് അവർ ഹാജരാകാൻ വേണ്ടി സമൻസ് അയക്കുന്നു. എന്തുകൊണ്ട് അവർ അതിനു മുമ്പ് എനിക്ക് സമൻസ് അയക്കുന്നില്ല.-കെജ്രിവാൾ ചോദിച്ചു.
എട്ടുമാസം മുമ്പ് താൻ സിബിഐക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായ കാര്യവും കെജ്രിവാൾ ചൂണ്ടിക്കാട്ടി. മുന്നോട്ടുപോകാൻ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ബിജെപി, ഇന്ത്യ സഖ്യത്തിലെ നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന് ഭീഷണി മുഴക്കി അവരെയെല്ലാം പാർട്ടിയിൽ ചേർക്കുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.
അതേസമയം നവംബർ രണ്ടിനും ഡിസംബർ 21നും രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. തുടർന്നാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്. എന്നാൽ ഇതിനും ഹാജരാവാതെയിരുന്ന കെജ്രിവാൾ, രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി നൽകിയാൽ മറുപടി നൽകാമെന്നും ഇ.ഡി.യെ രേഖാമൂലം അറിയിച്ചു. ആവശ്യപ്പെട്ടാൽ കൈവശമുള്ള രേഖകൾ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നോട്ടീസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും കേസിൽ സാക്ഷിയായാണോ പ്രതിയായാണോ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് വ്യക്തമല്ലെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രചരണം നടത്തുന്നതിൽ നിന്നും അദ്ദേഹത്തെ തടയുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് ആം ആദ്മി പാർട്ടിയും പറഞ്ഞു.
മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയ്ൻ എന്നിവർ ജയിലിലായതിനു പിന്നാലെ ഇങ്ങനെയൊരു നീക്കം എഎപി നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ജയിലിലായാലും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും ജയിലിലിരുന്ന് ജോലികൾ ചെയ്യണമെന്നുമാണ് പാർട്ടി തീരുമാനം.
മറുനാടന് ഡെസ്ക്