- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്രിവാളിനെ വിചാരണ കോടതിയിൽ ഹാജരാക്കും
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ചോദ്യംചെയ്യൽ ആരംഭിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഡീഷനൽ ഡയറക്ടർ കപിൽ രാജാണ് ചോദ്യം ചെയ്യുന്നത്. ഇതിനു പിന്നാലെ വിചാരണക്കോടതിയിൽ ഹാജരാക്കും. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തതും കപിൽ രാജാണ്. കെജ്രിവാളിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതിയിൽ എത്തിക്കുമെന്നാണ് സൂചന. അതിന് മുമ്പ് തന്നെ പരമാവധി ചോദ്യം ചെയ്യലിന് വിധേയമാക്കും. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി. അല്ലാത്ത പക്ഷം കെജ്രിവാളിന് പകരക്കാനെ പോലും നിശ്ചയിക്കേണ്ട സ്ഥിതി വരും.
ഇന്നലെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കേജ്രിവാളിന്റെ സിവിൽ ലെയ്ൻസിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാത്രി 7.05ന് ഇ.ഡി സംഘമെത്തി. രാത്രി 9.11ന് അറസ്റ്റു രേഖപ്പെടുത്തിയശേഷം 11.10ന് ഇ.ഡിയുടെ ഓഫിസിലേക്കു കൊണ്ടുപോയി. രാവിലെ വിശദ ചോദ്യം ചെയ്യലാണ് നടക്കുന്നത്. അതിനിടെ കെജ്രിവളിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ആംആദ്മി പ്രതികരിച്ചു. പ്രതിപക്ഷത്തെ തകർക്കാനാണ് നീക്കമെന്നും പറഞ്ഞു. കെജ്രിവാളിന്റെ കുടുംബം വീട്ടു തടങ്കലിലാണ്. അച്ഛനും അമ്മയക്കും മരുന്നു പോലും എത്തിക്കാൻ സാധിക്കുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.
കെജ്രിവാളിനെ രണ്ടു മണിക്ക് വിചാരണ കോടതിയിൽ ഹാജരാക്കാനാണ് ഇഡി തീരുമാനം. വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി തീരുമാനം. കേജ്രിവാളിന് പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേജ്രിവാളിന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. ജനരോഷം നേരിടാൻ ബിജെപി ഒരുങ്ങിക്കൊള്ളൂ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതികരിച്ചു. ഡൽഹിയിൽ ഇന്നു രാവിലെ 10 മുതൽ എഎപിയുടെ പ്രതിഷേധം ഉണ്ട്. ബിജെപി ആസ്ഥാനത്തേക്കും പ്രതിഷേധം ഉണ്ടാകും. അതിനിടെ കേജ്രിവാളിന്റെ രാജി ആവശ്യപ്പെടുന്നതു സംബന്ധിച്ച് ലെഫ്. ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.
ഡൽഹിയിലെ മദ്യനയ അഴിമതിക്കേസിലെ ബുദ്ധികേന്ദ്രം അരവിന്ദ് കേജ്?രിവാളെന്ന് ഇഡി. നയം തയ്യാറാക്കുന്ന ഗൂഢാലോചനയിൽ കേജ്‌രിവാൾ പങ്കെടുത്തെന്നും അന്വേഷണവുമായി നിസഹകരിക്കുകയാണെന്നും ഇഡി ആരോപിച്ചിരുന്നു. ബി.ആർ.എസ് നേതാവ് കെ.കവിതയ്‌ക്കൊപ്പം കേജ്രിവാളിനെ ചോദ്യംചെയ്യുമെന്ന് ഇഡി വ്യക്തമാക്കി. കവിതയ്ക്ക് മദ്യവ്യവസായികൾ നൽകിയ 100 കോടി എഎപി കൈപ്പറ്റിയെന്നും ഇഡി ആരോപിക്കുന്നു. അതേസമയം ഡൽഹിയിൽ ഭരണ പ്രതിസന്ധിയുണ്ടായേക്കുമെന്ന് സൂചന. കേജ്‌രിവാൾ രാജിവയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നും ആം ആദ്മി പാർട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും ജയിലിൽ ഇരുന്ന് ഭരണം നടത്താൻ ചട്ടം അനുവദിക്കുന്നില്ല.
ഇതോടെ നിയമസാധുതകൾ പരിശോധിക്കുകയാണ് ലഫ്റ്റനന്റ് ഗവർണറും ആഭ്യന്തര മന്ത്രാലയവും. മുഖ്യമന്ത്രിയാണെങ്കിലും കേജരിവാളിന് നിലവിൽ വകുപ്പുകളില്ല. കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. അതേസമയം കെജരിവാളിന് പകരം ആര് എന്നതിൽ ആം ആദ്മി പാർട്ടിയിൽ അവ്യക്തതയുണ്ട്. കെജ്രിവാളിന്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തി.
സുനിതയോട് നിലപാട് തേടാനാണ് ചർച്ച. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മന്ത്രിമാരായ അതിഷി മെർലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയർന്ന് വരുന്നത്. കെജ്രിവാൾ ജയിലിൽ കിടന്ന് ഭരണം നിയന്ത്രിക്കും എന്നാണ് ആം ആദ്മി എടുത്തിരിക്കുന്ന രാഷ്ടീയ തീരുമാനം. പക്ഷേ ഇതിന് നിയമപരമായ കടമ്പകൾ ഏറെയാണ്. പാർട്ടിയുടെ സ്റ്റാർ പ്രചാരകനായ കെജ്രിവാൾ അറസ്റ്റിലായതിന് പുറമെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, സഞ്ജയ് സിങ് എന്നിവരുടെ അസാന്നിദ്ധ്യവും പാർട്ടിയെ അലട്ടുന്നുണ്ട്.
ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമായും കെജ്‌രിവാളിനെ കേന്ദ്രീകരിച്ചായിരുന്നു. കോൺഗ്രസുമായി സഖ്യത്തിലല്ലാതെ 13 സീറ്റുകളിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലാണ് പ്രചരണമെങ്കിലും കെജ്‌രിവാൾ അവിടെയും സ്ഥിരസാന്നിദ്ധ്യമായിരുന്നു.