ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് സഹതാപ തരംഗം ഉണ്ടാകുമോ? ഡൽഹിയിൽ ബിജെപിക്ക് തിരിച്ചടിയാകുമോ? ഇന്ത്യ സഖ്യത്തെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്ന പശ്ചാത്തലത്തിൽ, വിശേഷിച്ചും. എന്നാൽ, ഏതു തിരിച്ചടിയും ചെറുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയെന്ന് നേതാക്കൾ പറയുന്നു.

തിരഞ്ഞെടുപ്പിന്റെ ഈ നിർണായക ഘട്ടത്തിൽ കെജ്രിവാൾ ചിത്രത്തിൽ നിന്ന് പുറത്താകുന്നത്, ഇന്ത്യ സഖ്യത്തിന് കടുത്ത ക്ഷതമേൽപ്പിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എഎപിക്ക് ഡൽഹിയിലും തിരിച്ചടി കിട്ടുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, ഏതുവലിയ നേതാവായാലും അഴിമതിക്കെതിരെ മോദി സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന ശക്തമായ സന്ദേശം ജനങ്ങൾക്ക് നൽകാൻ കെജ്രിവാളിന്റെ അറസ്റ്റിലൂടെ സാധിക്കുമെന്ന് ബിജെപി കണക്കാക്കുന്നു.

പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുമ്പോൾ, ഇഡി സമൻസ് കിട്ടിയിട്ടും ഹാജരാകാതിരുന്ന കെജ്രിവാളിന്റെ ധാർഷ്ട്യമായിരിക്കും ബിജെപി എടുത്തുകാട്ടുക. എഎപിയുടെ മുഖം കെജ്രിവാൾ ആയതുകൊണ്ട് പ്രചാരണ രംഗത്ത് പാർട്ടിക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയില്ലെന്നാണ് മുതിർന്ന ബിജെപി നേതാക്കൾ പറയുന്നത്.

ഇന്ത്യ സഖ്യത്തിന്റെ താര പ്രചാരകരിൽ ഒരാൾ ഇതോടെ ഔട്ടാകുകയാണ്. അഴിമതിക്കാരുടെ മുന്നണി എന്ന പ്രതിച്ഛായ ഇന്ത്യ സഖ്യത്തിന് നൽകുന്നതിലും ബിജെപി വിജയിച്ചു. അഴിമതി വിരുദ്ധ പോരാട്ടവുമായി ഉയർന്നു വന്ന എഎപിയുടെ പ്രമുഖ നേതാവിനെ തന്നെ അകത്താക്കുമ്പോൾ ബിജെപിക്ക് കിട്ടുന്ന മൈലേജ് ചെറുതൊന്നുമല്ല.

കെജ്രിവാളിന്റെ കാര്യത്തിൽ മോദി സർക്കാർ മെല്ലപ്പോക്ക് നടത്തുന്നതായി ബിജെപി കേഡറുകൾക്ക് ഒരു തോന്നലുണ്ടായിരുന്നു. കെജ്രിവാളിന്റെ പ്രശസ്തി കാരണം അദ്ദേഹത്തെ ബിജെപി ഭയക്കുന്നതായ തോന്നൽ. അറസ്‌റ്റോടെ പാർട്ടി അണികളുടെ വീര്യം ഉണർത്താനും കഴിഞ്ഞു.

ഡൽഹിയിൽ എഎപിയും, കോൺഗ്രസും ഒന്നിച്ചുമത്സരിക്കുന്ന സാഹചര്യം വന്നപ്പോഴും, കെജ്രിവാളിന്റെ അറസ്റ്റ് ഡൽഹിയിൽ കാര്യമായ ചലനമുണ്ടാക്കുമെന്ന് ബിജെപി കരുതിയിട്ടില്ല. കാരണം 2019 ൽ 50 ശതമാനത്തിലേറെ വോട്ടുമായി ഏഴ് ലോക്‌സഭാ സീറ്റും ബിജെപിയാണ് നേടിയത്.

പാർട്ടിയിൽ സമീപകാലത്ത് നടത്തിയ ഉൾപാർട്ടി സർവേകളിലും, കെജ്രിവാളിന്റെ അറസ്റ്റ് സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ബിജെപി അളന്നിരുന്നു. മനീഷ് സിസോദിയ ഒരു വർഷമായി ജയിലിലാണ്. സഞ്ജയ് സിങ്ങും ഇതേ കേസിൽ ജയിലിലാണ്. മദ്യനയക്കേസ് കെജ്രിവാളിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് ബിജെപി നേതാക്കൾ കരുതുന്നു. തെളിവുകൾ ഒന്നും ഇല്ലായിരുന്നെങ്കിൽ സിസോദിയയ്ക്ക് ജാമ്യം കിട്ടുമായിരുന്നല്ലോ എന്ന വാദമാണ് ബിജെപി ഉയർത്തുക.

ഡൽഹിയിൽ ആറാം ഘട്ടത്തിൽ മെയ് 25 നാണ് വോട്ടെടുപ്പ്. രണ്ടുമാസത്തോളം സമയം. അപ്പോഴേക്കും കെജ്രിവാളിന്റെ അസാന്നിധ്യം എഎപിയെ ദുർബലമാക്കുമെന്നും പോരാടാനുള്ള ശേഷിയെ ബാധിച്ചിരിക്കുമെന്നുമ ബിജെപി കണക്കുകൂട്ടുന്നു. സൗജന്യ വൈദ്യുതി, വെള്ളം. ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികൾ എന്നിങ്ങനെ സർക്കാരിന്റെ ജനക്ഷേമനടപടികളിലൂടെ മികച്ച ഭരണമെന്ന പ്രതീതി സൃഷ്ടിച്ച കെജ്രിവാൾ തങ്ങൾക്ക് ഭീഷണിയായിരുന്നുവെന്ന് ബിജെപി നേതാക്കൾ സമ്മതിക്കുന്നു. എന്തായാലും മദ്യനയം എഎപിയെ വൻകുഴിയിൽ തന്നെയാണ് ചാടിച്ചിരിക്കുന്നത്.