ന്യൂഡൽഹി: കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടത് രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത നാളെന്ന് എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേന പ്രതികരിച്ചു. ജനാധിപത്യത്തെ കൊല ചെയ്യുന്നത് രാജ്യത്തെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്.

ഇഡിയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യം. ഇഡി ബിജെപിയുടെ ഭാഗമാണ്. എഎപി നേതാക്കൾക്കെതിരെ ഇതുവരെ കുറ്റമൊന്നും തെളിയിക്കാൻ ഇഡി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി അതിഷി മർലേന പറഞ്ഞു. ഡൽഹിയിൽ ഉടനീളം പ്രതിഷേധം കടുപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ നീക്കം.

കെജ്രിവാളിനെ മാർച്ച് 28 വരെ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. 3.30 മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചത്. കനത്ത സുരക്ഷാസന്നാഹത്തെയാണ് കോടതി പരിസരത്ത് വിന്യസിച്ചിരിക്കുന്നത്.

മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷം വീണ്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിൽ വിധി പറഞ്ഞത്. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്‌പെഷൽ ജഡ്ജി കാവേരി ബാജ്‌വ അറിയിച്ചത്. കോടതിയുടെ പുറത്ത് രാത്രിയും ഒട്ടേറെ എഎപി പ്രവർത്തകരാണ് തടിച്ചുകൂടിയത്.

മൂന്നു മണിക്കൂറിലേറെയാണ് കോടതിയിൽ വാദം നടന്നത്. അരവിന്ദ് കേജ്രിവാളിന് അഭിഭാഷകരുമായി സംസാരിക്കാൻ പത്തു മിനിറ്റ് സമയം അനുവദിച്ചു.അതേസമയം, തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ജയിലിനകത്തായാലും പുറത്തായാലും താൻ രാജ്യത്തെ സേവിക്കും. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാകുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കെജ്രിവാളിനെ കോടതിയിലെ വിശ്രമമുറിയിലേക്ക് മാറ്റി. കുറച്ച് നേരം ഇവിടെ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് നില മെച്ചപ്പെട്ടതിനാൽ കോടതി മുറിയിലേക്ക് തിരികെ എത്തിച്ചു