ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താൻ രാജി വച്ചാൽ, നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന് അരവിന്ദ് കെജ്രിവാൾ. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണ്. അവർ ആദ്യം ഹേമന്ത് സോറനേയും പിന്നീട് തന്നെയും അറസ്റ്റ് ചെയ്തു. കെജ്രിവാളിനെ കള്ളക്കേസിൽ കുടുക്കിയാൽ ആരെ വേണമെങ്കിലും കള്ളക്കേസിൽ കുടുക്കാമെന്ന സന്ദേശമാണ് ബിജെപി സർക്കാർ നൽകുന്നതെന്നും ദ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ബിജെപി എവിടെ തോൽക്കുന്ന സാഹചര്യമുണ്ടായാലും, മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തുകൊണ്ട് അവർ സർക്കാരിനെ അസ്ഥിരമാക്കും. ഇതിനെതിരേ ശക്തമായി പോരാടേണ്ടതുണ്ട്. അവർ ജനാധിപത്യത്തെ തുറങ്കിലടയ്ക്കുകയാണെങ്കിൽ ജനാധിപത്യം ജയിലിനകത്ത് നിന്നുകൊണ്ട് പ്രവർത്തിക്കും.

മൂന്നാം വട്ടവും മോദി അധികാരത്തിലേറിയാൽ അവർ ഭരണഘടന തിരുത്തും. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങും. ഒന്നുകിൽ തിരഞ്ഞെടുപ്പ് നടക്കാതിരിക്കും. മറിച്ചാണെങ്കിൽ, റഷ്യൻ മാതൃകയിലായിരിക്കും തിരഞ്ഞെടുപ്പെന്നും പ്രതിപക്ഷാംഗങ്ങളെ ജയിലിലടയ്ക്കുന്ന പുതിൻ സർക്കാരിനെ ചൂണ്ടിക്കാട്ടി കെജ്രിവാൾ പറഞ്ഞു.

മുഴുവൻ പ്രതിപക്ഷത്തേയും ബിജെപി ജയിലിലടയ്ക്കുകയും അവർക്ക് വോട്ട് കിട്ടുന്നത് തുടരുകയും ചെയ്യും. അവർ തന്നേയും സിസോദിയയേയും ജയിലിലടച്ചു. കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ആം ആദ്മി പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായിരിക്കും അടുത്ത നീക്കം. എൻ സി പിയെ രണ്ടായി പിളർത്തി. ശിവസേനയെ പിളർത്തി അവരുടെ ചിഹ്നം നഷ്ടപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ പ്രതിപക്ഷം ഏത് രീതിയിലാണ് പോരാടുന്നതെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മോദിയോട് വിരമിക്കരുതെന്ന് അമിത് ഷായും മറ്റ് പല നേതാക്കളും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഇക്കാര്യം മോദി സ്ഥിരീകരിച്ചിട്ടില്ല. മോദി അടുത്ത വർഷം വിരമിക്കുമെന്നാണ് കരുതുന്നത്. അമിത് ഷായെ പിൻഗാമിയാക്കാനാണ് അദ്ദേഹത്തിന് താത്പര്യം. എന്നാൽ, ബിജെപിയിൽ ഇക്കാര്യത്തിൽ എതിർപ്പുണ്ട്', കെജ്രിവാൾ പറഞ്ഞു.

തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു. പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. തന്നെ തൂക്കി കൊന്നാലും ആം ആദ്മി പാർട്ടി അവസാനിക്കില്ല. ജയിലിലേക്ക് മടങ്ങി പോകാൻ തനിക്ക് ഭയമോ ആശങ്കയോ ഇല്ല. ജൂൺ ഒന്നിന് ജാമ്യം അവസാനിക്കാനിരിക്കെയാണ് കെജ്രിവാളിന്റെ പ്രതികരണം.

ജയിലിൽ കഴിഞ്ഞപ്പോൾ തന്റെ സെല്ലിൽ നാല് പാടും സിസിടിവി ക്യാമറകൾ വഴി ജയിൽ അധികൃതരും പ്രധാനമന്ത്രിയുടെ ഓഫീസും തന്നെ നിരീക്ഷിക്കുകയായിരുന്നെന്നും കെജ്രിവാൾ ആരോപിച്ചു.