- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർണയെ പിന്തുണച്ച് ഖാർഗെ
ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ കേരളം ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തുവന്നത് മുഖ്യമന്ത്രി പിണറായിക്കും കൂട്ടർക്കും പിടിവള്ളിയായി. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നുവെന്നും മോദി ഭരണത്തിൽ നേട്ടം ഉണ്ടായത് മുതലാളിമാർക്ക് മാത്രമാണെന്നും മല്ലികാർജ്ജുന ഖാർഗെ ആരോപിച്ചു.
കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുണ്ട്. തൊഴിലില്ലായ്മയാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നം. സർക്കാർ ശ്രമം പരാജയങ്ങൾ മറക്കാനാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്രത്തിൽ നിന്നും 57,800 കോടി രൂപ കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. പിണറായി സർക്കാറിന്റെ കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തുന്നതെന്നും സുപ്രീംകോടതിയിലും ഡൽഹിയിലും കേരള നിയമസഭയിലും പരസ്പര വിരുദ്ധ കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കേന്ദ്രം വികലമാക്കുകയാണെന്നു സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയരുന്നു. ഡൽഹി ജന്തർമന്ദറിൽ കേന്ദ്ര അവഗണനയ്ക്കെതിരായ കേരളത്തിന്റെ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ആകെ വരുമാനത്തിൽ സംസ്ഥാനത്തിനുള്ള ഓഹരി തുടർച്ചയായി പരിമിതപ്പെടുത്തുകയാണ്. ഏകപക്ഷീയമായാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ തീരുമാനിക്കുന്നത്. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ അവയിൽ ഉൾപ്പെടുത്താറില്ല. ഓരോ ധനകമ്മീഷനും കഴിയുമ്പോൾ കേരളത്തിലെ നികുതി കുത്തനെ ഇടിയുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ പല മേഖലകളിൽ കേരളം കൈവരിക്കുന്ന വലിയ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ് പലപ്പോഴും ഇത്തരം കുറവുവരുത്തലിനെ ന്യായീകരിക്കുന്നത്. ആ നേട്ടങ്ങൾ സംസ്ഥാനത്തിനു തന്നെ ശിക്ഷായി മാറുന്നു. ഇത് ലോകത്തിൽ മറ്റൊരിടത്തും കാണാനാവാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം വൈകിക്കുന്നു. ഓരോതവണയും കേരളത്തിന്റെ വായ്പാ പരിധി കുത്തനെ കുറയ്ക്കുന്നു. ഇടക്കാല ബജറ്റ് കേരളത്തെ കൂടുതൽ ഞെരുക്കി. കേരളത്തോട് വിവേചനം കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബർ വില സ്ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.