ജയ്പൂർ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കേന്ദ്രസർക്കാർ ക്ഷണിക്കാത്തതിൽ, രൂക്ഷവിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഉദ്ഘാടന ചടങ്ങിലേക്ക് ബിജെപി സിനിമാ താരങ്ങളെ ക്ഷണിച്ചുവെന്നും, എന്നാൽ രാഷ്ട്രപതിയെ ഒഴിവാക്കാനാണ് തീരുമാനിച്ചതെന്നും ഖാർഗെ ആരോപിച്ചു. ഇത് രാഷ്ട്രപതിയെ അപമാനിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ജയ്പുരിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖർഗെ.

രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയാണ് ദ്രൗപദി മുർമു വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് രാഷ്ട്രപതിക്ക് അപമാനമാണ്. കോൺഗ്രസിൽ എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകളുണ്ട്, എന്നാൽ ബിജെപി ആരെയും അടുത്തേക്ക് വരാൻ പോലും അനുവദിക്കുന്നില്ല. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ ബിജെപി ക്ഷണിക്കാതിരുന്നതിനെയും ഖർഗെ ചോദ്യം ചെയ്തു. രാംനാഥ് കോവിന്ദിനെ ക്ഷണിക്കാതിരുന്നത്, അദ്ദേഹം 'തൊട്ടുകൂടായ്മയുള്ള' ആളായതുകൊണ്ടാണെന്ന് ഖർഗെ ആരോപിച്ചു. ''തൊട്ടുകൂടായ്മയുള്ള ഒരാളാണ് തറക്കല്ലിടുന്നതെങ്കിൽ, സ്വാഭാവികമായും അത് ഗംഗാജലം കൊണ്ട് കഴുകേണ്ടിവരും'' ഖർഗെ പറഞ്ഞു

വനിതാ സംവരണ ബിൽ കൊണ്ടുവന്നതിന് പിന്നിലെ നരേന്ദ്ര മോദി സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെയും കോൺഗ്രസ് നേതാവ് ചോദ്യം ചെയ്തു. സ്ത്രീകൾക്ക് സംവരണം നൽകാൻ ബിജെപി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഇന്ത്യാ സഖ്യം രൂപീകരിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപി വനിതാ സംവരണ ബില്ലിനെക്കുറിച്ച് ചിന്തിച്ചതെന്ന് ഖാർഗെ പറഞ്ഞു.