- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ സത്യപ്രതിജ്ഞക്ക് കോൺഗ്രസിന് ക്ഷണം
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് ക്ഷണം. വൈകീട്ട് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഖാർഗെ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യാ മുന്നണി നേതാക്കളുമായി സംസാരിച്ച ശേഷമാണ് ഖാർഗെ പങ്കെടുക്കുന്നതിൽ അന്തിമാ തീരുമാനം വരിക.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂർ, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് അറിയിച്ചു. നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു. ലോക നേതാക്കൾക്ക് വരെ ക്ഷണമുള്ള ചടങ്ങിലാണ് കോൺഗ്രസ് നേതാക്കളെ ക്ഷണിക്കാതിരുന്നത്. രാഷ്ട്രീയവും ധാർമികവുമായും തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്നും ജയറാം രമേശ് ചോദിച്ചിരുന്നു.
അതേസമയം വൈകീട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിത്ഞ നടക്കുക. വിവിധ മേഖലകളിൽ നിന്നായി 8,000 ത്തിലധികം അതിഥികൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിന് ശേഷം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥികൾക്ക് വിരുന്നൊരുക്കും.
നിരവധി രാഷ്ട്രത്തലവന്മാർ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിങ്കെ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു, സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗഥ്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്‌ഗേ എന്നിവർ ചടങ്ങിൽ പങ്കെടുത്തേക്കും. ചില രാഷ്ട്ര നേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്.
ചെന്നൈ റെയിൽവേ ഡിവിഷനിൽ നിന്നുള്ള വന്ദേ ഭാരത് ലോക്കോ പൈലറ്റ് ഐശ്വര്യ എസ്. മേനോൻ, ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖ യാദവ് എന്നിവർക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്. ആകെ 10 ലോക്കോ പൈലറ്റുമാർക്ക് ക്ഷണമുണ്ട്. കൂടാതെ, ശുചീകരണ തൊഴിലാളികൾ, ട്രാൻസ്ജെൻഡർ ജീവനക്കാർ, സെൻട്രൽ വിസ്ത പദ്ധതിയിൽ സംഭാവന നൽകിയ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ അതിഥികളാകും.
കഴിഞ്ഞ വർഷം ഉത്തരകാശിയിലെ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ 41 നിർമ്മാണ തൊഴിലാളികളെ രക്ഷിക്കാൻ സഹായിച്ച റാറ്റ് ഹോൾ മൈനിങ് തൊഴിലാളികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. നിരവധി പ്രമുഖ മതനേതാക്കൾ, അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാര ജേതാക്കൾക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഇവരെക്കൂടാതെ, സ്ഥാനമൊഴിയുന്ന പാർലമെന്റംഗങ്ങൾ, ബിജെപി നേതാക്കൾ, എൻ.ഇ.സി അംഗങ്ങൾ, മറ്റ് എംപി.മാർ, എംഎൽഎമാർ, എം.എൽ.സിമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.