- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അത് അവഹേളനമല്ല; അഭിമാനകരം'; മോദിയുടെ പരാന്നഭോജി പ്രയോഗത്തിന് ഖാര്‍ഗെയുടെ മറുപടി
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാന്നഭോജി പ്രയോഗത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പിയില്‍നിന്ന് എന്ത് അവഹേളനം സഹിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിനുവേണ്ടി എണ്ണമറ്റ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അവരുടെ ചോരയും നീരുംകൊണ്ടാണ് തങ്ങളുടെ നേതാക്കള്‍ രാജ്യം നിര്‍മിച്ചതെന്നും ഖാര്‍ഗെ അവകാശപ്പെട്ടു.
'2021 ഫെബ്രുവരി എട്ടിന് രാജ്യത്തെ ഊട്ടുന്ന കര്‍ഷകരെ പരാന്നഭോജികളെന്നാണ് നിങ്ങള്‍ ലോക്സഭയില്‍ വിശേഷിപ്പിച്ചത്. ഒരുവര്‍ഷം നീണ്ടുനിന്ന കര്‍ഷകരുടെ അവകാശപ്പോരാട്ടത്തെ നിങ്ങള്‍ അധിക്ഷേപിച്ചു. എന്നാല്‍, അതിന് മുന്നില്‍ നിങ്ങളുടെ ഏകാധിപത്യഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നു. മൂന്ന് കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, അതേ വാക്ക് കോണ്‍ഗ്രസിനെ വിശേഷിപ്പിക്കാനും ഇന്ന് താങ്കള്‍ ഉപയോഗിച്ചിരിക്കുന്നു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവഹേളനമല്ല, രാജ്യനിര്‍മിതിക്കായി കര്‍ഷകര്‍ക്കൊപ്പം ജീവന്‍ ബലിനല്‍കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്', ഖാര്‍ഗെ എക്സില്‍ കുറിച്ചു.
ഇന്ത്യന്‍ സൈന്യം 1947-ലും 65-ലും 71-ലും പാകിസ്താനേയും 1967-ല്‍ ചൈനയേയും പരാജയപ്പെടുത്തിയെന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. എന്നാല്‍, കോണ്‍ഗ്രസ് സൈന്യത്തിന്റെ ആത്മവീര്യംകുറയക്കുന്നെന്ന അടിസ്ഥാനരഹിതവും വൃത്തികെട്ടതുമായ ആരോപണവുമാണ് നിങ്ങള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് സൈനികര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം തുടരും. ഏകാധിപത്യംകൊണ്ട് നിങ്ങള്‍ക്ക് രാജ്യത്തിന്റെ ശക്തമായ പാരമ്പര്യത്തെ ഇളക്കാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റുവിനും ബി.ആര്‍. അംബ്ദേകറിനും സര്‍ദാര്‍ പട്ടേലിനുമൊപ്പം കോണ്‍ഗ്രസ് രാജ്യത്തെ ഭരണഘടന നിര്‍മിച്ചു. രാജ്യത്ത് ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍, ബി.ജെപിയില്‍നിന്ന് ഏത് അവഹേളനം സഹിക്കാനും കോണ്‍ഗ്രസ് തയ്യാറാണ്. തങ്ങളുടെ നേതാക്കളുടെ മാന്യതയും ഭരണഘടനയോടും സ്ഥാപനങ്ങളോടുമുള്ള ബഹുമാനവും ബലഹീനതയായി കാണരുത്. തങ്ങളുടെ സിരകളിലോടുന്നത് ഗാന്ധിജി കാണിച്ച സത്യത്തിന്റേയും അഹിംസയുടേയും പാഠമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന് ഒറ്റയ്ക്ക് വിജയിക്കാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ചായിരുന്നു മോദി പരാന്നഭോജി പരാമര്‍ശം ലോക്സഭയില്‍ നടത്തിയത്. സഖ്യകക്ഷികളുടെ വോട്ടുതിന്നുന്ന പരാന്നഭോജികളാണ് കോണ്‍ഗ്രസ് എന്നായിരുന്നു, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയവെ മോദിയുടെ പരാമര്‍ശം.
ഷോലെ സിനിമയിലെ ഡയലോഗ് പറഞ്ഞ് കോണ്‍ഗ്രസിനെ പരിഹസിച്ച നരേന്ദ്ര മോദി, ജനവിധി കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയിച്ചു എന്ന് വ്യാജമായി തോന്നിപ്പിക്കരുത്. ജനവിധി കോണ്‍ഗ്രസ് മനസിലാക്കാന്‍ ശ്രമിക്കണം. കോണ്‍ഗ്രസ് 'പരജീവി' പാര്‍ട്ടിയായി. സഖ്യകക്ഷികളെ ആശ്രയിച്ച് സീറ്റുകള്‍ നേടി. ഒറ്റയ്ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ ക്ഷീണം ഉണ്ടായി.
കോണ്‍ഗ്രസ് രാജ്യത്ത് അരാജകത്വം പടര്‍ത്താന്‍ ശ്രമിക്കുകയാണ്. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനും കോണ്‍ഗ്രസ് നോക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കില്‍ കലാപത്തിന് കോണ്‍ഗ്രസ് തയ്യാറെടുത്തിരുന്നു. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള കുട്ടിയുടെ ശ്രമം ഇന്നലെ സഭയില്‍ കണ്ടു.
രാഹുലിന് 'കുട്ടി ബുദ്ധി' യാണ്. രാഹുല്‍ ഗാന്ധി അഴിമതി കേസില്‍ ജാമ്യത്തിലുള്ള നേതാവാണ്. സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞ നേതാവാണ്. ഒബിസി വിഭാഗത്തെ ആക്ഷേപിച്ചതിന് ശിക്ഷ കിട്ടിയെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിമര്‍ശിച്ചു. എന്നാല്‍ പ്രസംഗത്തിനിടെ മണിപ്പൂര്‍ മണിപ്പൂര്‍, മണിപ്പൂരിന് നീതി വേണം എന്ന മുദ്രാവാക്യം പ്രതിപക്ഷ അംഗങ്ങള്‍ മുഴക്കിക്കൊണ്ടേയിരുന്നു.