- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെ മൽസരിക്കില്ല
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നു സൂചന. കർണാടക കോൺഗ്രസ് ഘടകത്തിന്റെ ആവശ്യം ഖർഗെ നിരസിച്ചു. സ്വന്തം പ്രചാരണ പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ രാജ്യത്താകെ കോൺഗ്രസിന്റെ പ്രചാരണരപവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകേണ്ടതെന്നാണ് ഖർഗെയുടെ വാദം.
കർണാടകയിലെ ഗുൽബർഗ മണ്ഡലത്തിൽ ഖർഗെയുടെ പേര് മാത്രമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ മരുമകനായ രാധാകൃഷ്ണൻ ദൊഡ്ഡമണിയെ ഖർഗെ നിർദ്ദേശിക്കുമെന്നാണ് റിപ്പോർട്ട്. ഗുൽബർഗയിൽ രണ്ടു തവണ ജയിച്ച ഖർഗെ പക്ഷേ 2019ൽ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ രാജ്യസഭാംഗമായ ഖർഗെയ്ക്ക് നാല് വർഷത്തെ കാലാവധി കൂടിയുണ്ട്.
ഇന്ത്യ മുന്നണിയുടെ അവസാന യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മല്ലികാർജുൻ ഖർഗയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ഖർഗെ ഇതു നിരസിച്ചിരുന്നു. സാധാരണയായി പാർട്ടി അധ്യക്ഷന്മാർ പൊതുതിരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ല. സോണിയ ഗാന്ധിയും രാഹുലും മൽസരിച്ചിരുന്നു. ബിജെപിയിലാകട്ടെ ജെ.പി.നഡ്ഡയും ഇക്കുറി മൽസരിക്കുന്നില്ല.
അതേസമയം, ബിജെപിയുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിച്ചേക്കും. അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പ്രമുഖ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നേക്കുമെന്ന് സൂചനകൾ. അശോക് ഗഹലോത്ത്, കമൽനാഥ്, ദിഗ്‌വിജയ സിങ്, ഹരീഷ് റാവത്ത് എന്നീ നാല് മുൻ മുഖ്യമന്ത്രിമാർ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവർക്ക് പുറമെ രാജസ്ഥാനിലെ പ്രമുഖ നേതാവായ സച്ചിൻ പൈലറ്റും ലോക്‌സഭയിലേക്ക് ജനവിധി തേടുന്നില്ലെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 62 സീറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.
ഇവർക്ക് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പകരം, ഇവർ മറ്റ് നേതാക്കളുടെ പേരുകൾ നിർദ്ദേശിച്ചു. അശോക് ഗഹലോത്ത് തന്റെ മകൻ വൈഭവിന്റെ നിർദ്ദേശിച്ചത്. അദ്ദേഹത്തിന് രാജസ്ഥാനിലെ ജലോർ സീറ്റ് ലഭിച്ചേക്കും. കമൽനാഥിന്റെ മകനും ചിന്ദ്വാര സീറ്റിലെ സിറ്റിങ് എംപിയുമായ നകുൽ നാഥ് ഇത്തവണയും ഇതേ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഹരീഷ് റാവത്ത് മത്സരത്തിനില്ലെന്ന് അറിയിച്ചത്. പകരം, മകൻ വിരേന്ദ്ര റാവത്തിന് സീറ്റ് നൽകണമെന്നാണ് ആവശ്യം. രാജസ്ഥാനിലെ ചില ലോക്‌സഭാ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സച്ചിൻ പൈലറ്റിന്റെ പദ്ധതി. പാർട്ടിയുടെ മൊത്തത്തിലുള്ള നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി സ്ഥാനാർത്ഥി നിർണയ ചർച്ച നടത്തി. സോണിയ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, തിരഞ്ഞെടുപ്പ് സമിതിയംഗവും കർണാടക മന്ത്രിയുമായ കെ.ജെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ബിജെപിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസിന് ഈ സംസ്ഥാനങ്ങളിലെ മുന്നേറ്റം അതീവ നിർണായകമാണ്.