ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്ന ഇന്ത്യ സഖ്യത്തിന്റെ മനസ്സിലിരുപ്പ് എന്താണ്? അത് എന്തായാലും, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വോട്ട് രാഹുൽ ഗാന്ധിക്കാണ്. ഇന്ത്യ സഖ്യം എൻഡിഎയെ തോൽപ്പിച്ചാൽ, മോദിക്ക് പകരം രാഹുൽ പ്രധാനമന്ത്രി ആകുന്നതിനെ താൻ പിന്തുണയ്ക്കുമെന്ന് ഖാർഗെ എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ റായ് ബറോലിയിൽ നിന്ന് മത്സരിപ്പിക്കാൻ താൻ ഏറെ സമ്മർദ്ദം ചെലുത്തിയെങ്കിലും, അവർ ഒഴിഞ്ഞുമാറിയെന്നും പകരം രാഹുൽ മത്സരിച്ചെന്നും ഖാർഗെ വ്യക്തമാക്കി.

' തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഭാരത് ജോഡോ യാത്രകൾ നയിക്കുകയും, വിപുലമായ പ്രചാരണം നടത്തുകയും സഖ്യകക്ഷികളുമായി വേദി പങ്കിടുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ നേരിട്ടുള്ള ആക്രമണങ്ങൾ നയിക്കുകയും ചെയ്ത രാഹുലാണ് സ്വാഭാവികമായും ഉന്നത പദവിയിലേക്കുള്ള ജനപ്രിയ നേതാവ്', ഖാർഗെ പറഞ്ഞു. രാഹുലിനെയാണ് താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക എന്നും, രാജ്യത്തങ്ങോളം ഇങ്ങോളമുള്ള യുവജനങ്ങളെ പ്രതിനിധീകരിക്കുന്നത് രാഹുലാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു

വ്യക്തിപരമായ പിന്തുണയ്ക്ക് അപ്പുറം, ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രിയെ സ്ഥാനാർത്ഥിയെ സംയുക്തമായി ആലോചിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. നേരത്തെ ആരാകും ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി എന്ന ചോദ്യത്തിന് മറുപടി പറയാൻ ഖാർഗെ വിസമ്മതിച്ചിരുന്നു.

ഇന്ത്യ സഖ്യം ജയിച്ചാൽ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന നിലപാട് അദ്ദേഹം ഇതിന് മുമ്പ് സ്വീകരിക്കുകയോ, തുറന്നുപറയുകയോ ചെയ്തിരുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ശനിയാഴ്ച നടക്കാനിരിക്കെ, ഖാർഗെ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ്. ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതുകൊണ്ട് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പരസ്യമായി പറയുക ഉചിതമല്ലെന്നും ഖാർഗെ നേരത്തെ പ്രതികരിച്ചിരുന്നു.

താനായിരിക്കും ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന വാദവും ഖാർഗെ തള്ളിക്കളഞ്ഞു. തൃണമൂലും, എഎപിയും അടക്കമുള്ള ഘടകക്ഷികൾ ഖാർഗെയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും. തനിക്ക് ഒറ്റയ്ക്ക് തീരുമാനം ഒന്നും എടുക്കാൻ കഴിയില്ലെന്നും ഖാർഗെ പറഞ്ഞു. അതേസമയം, ഇന്ത്യ സഖ്യം ശനിയാഴ്ച അനൗദ്യോഗികമായി രോഗം ചേരും. മൂന്നാം തവണയും ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റാൽ ഖാർഗെയെ പുറത്താക്കുമെന്ന അനുമാനവും ഖാർഗെ ചിരിച്ചുതള്ളി.