- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി 100 സീറ്റു പോലും തികയ്ക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ദേശീയ തലത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീതി ശക്തമായിരിക്കവേ ബിജെപി 100 സീറ്റ് പോലും തികയ്ക്കില്ലെന്ന് പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റും എൻഡിഎ 400 സീറ്റും നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിരമായി പറയുന്നതിനിടെയാണ് ബിജെപി വമ്പൻ തോൽവി ഏറ്റുവാങ്ങുമെന്ന് ഖാർഗെ പ്രവചിക്കുന്നത്.
ബിജെപിയുടെ 400 സീറ്റ് നേടുകയെന്ന പദ്ധതി നടക്കാൻ പോകുന്നില്ലെന്നാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽ നടന്ന പൊതുസമ്മേളനത്തിൽ ഖർഗെ പറഞ്ഞത്. 100 സീറ്റു പോലും നേടാനാകാതെ ബിജെപി അധികാരത്തിൽ നിന്നും പുറത്തുപോകുമെന്നും കോൺഗ്രസ് അധ്യക്ഷൻ പ്രവചിച്ചു.
"നിരവധി തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. എന്നാൽ ഇവിടെ ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണ്. കോൺഗ്രസിന്റെ കാലത്ത് അമേഠിയിൽ കോടികളുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും പൂർത്തിയായിരുന്നില്ല. എന്തുകൊണ്ടാണ് ആ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാത്തതെന്ന് ബിജെപിയോടു ചോദിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അമേഠിയിലും റായ്ബറേലിയിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല" മല്ലികാർജുൻ ഖർഗെ പറഞ്ഞു.
അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾക്കു ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ഖർഗെ പറഞ്ഞു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനമായി ജോലിയെടുത്ത മണ്ണാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ ഭാരത് ജോഡോ ന്യായ് യാത്ര അമേഠിയിൽ പ്രവേശിച്ചപ്പോൾ തന്നെ നാലുദിവസത്തെ മണ്ഡല പര്യടനത്തിനായി സ്മൃതി ഇറാനി അമേഠിയിൽ എത്തിയിരുന്നു. രാഹുലിനെ അമേഠിയിൽ മൽസരിക്കാൻ വെല്ലുവിളിച്ചായിരുന്നു സ്മൃതി മാധ്യമങ്ങളെ കണ്ടത്.
അതിനിടെ കോൺഗ്രസിൽ നിന്ന് മുൻനിര നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പാർട്ടി പ്രവർത്തക സമിതി അംഗമായ രാജസ്ഥാനിലെ എംഎൽഎ മഹേന്ദ്രജീത് സിങ് മാളവ്യയാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്ത് ഭരണം നഷ്ടപ്പെട്ട ശേഷം ഇദ്ദേഹം പാർട്ടിയിൽ പ്രതിപക്ഷ നേതൃ സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി പരിഗണിച്ചില്ല. ഇതിൽ രോഷാകുലനായാണ് മഹേന്ദ്രജീത് സിങ് മാളവ്യ പാർട്ടി വിട്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ ജനസ്വാധീനമുള്ള നേതാക്കൾ ഒന്നൊന്നായി പാർട്ടി വിടുന്ന സ്ഥിതിയാണുള്ളത്. നാല് തവണ എംഎൽഎയായിരുന്നു മഹേന്ദ്രജീത്ത് സിങ് മാളവ്യ. മുൻപ് മന്ത്രിയായും എംപിയായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ദുങ്കർപുർ-ബനസ്വര മേഖലയിൽ വലിയ സ്വാധീനമുണ്ട്. 2013 ൽ ബിജെപി സംസ്ഥാനത്ത് 163 സീറ്റ് നേടിയ തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു മഹേന്ദ്രജീത്ത്.
ഇദ്ദേഹത്തെ തന്റെ സ്വാധീനമേഖലയിൽ തന്നെ ബിജെപി ലോക്‌സഭാ സീറ്റിലേക്ക് മത്സരിപ്പിക്കുമെന്നാണ് കരുതുന്നത്. മൂന്ന് ദിവസമായി ബിജെപി മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി ഇദ്ദേഹം ചർച്ച നടത്തുന്നുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ജയ്പൂരിൽ ബിജെപി ആസ്ഥാനത്താണ് ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.