ന്യൂഡൽഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. 'മോദിയുടെ ഗ്യാരണ്ടി' മുദ്രാവാക്യം പാഴാകുമെന്നും ഖാർഗെ പറഞ്ഞു. 2004 ലെ സാഹചര്യം ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയ്ക്ക് അംഗീകാരം കൊടുക്കാൻ ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെ.

'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായിട്ടാണ് 2004 ൽ വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി അധികാരം നിലനിർത്താനായി തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേഫലമാകും ഇത്തവണ ബിജെപിയെ കാത്തിരിക്കുന്നത്. ഇന്ത്യ മാറ്റം തേടുകയാണെന്നും ഖാർഗെ പറഞ്ഞു.

കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വീടുകളിലും എത്തിക്കാൻ പാർട്ടി നേതാക്കളും പ്രവർത്തകരും ശ്രമിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. പ്രകടന പത്രികയിലെ നിർദേശങ്ങൾക്കും വാഗ്ദാനങ്ങൾക്കും കഴിയുന്നത്ര പ്രചാരം നൽകണം. പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അധികാരം ലഭിച്ചാൽ നടപ്പാക്കുമെന്നും മല്ലികാർജുൻ ഖാർഗെ ഉറപ്പു നൽകി.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രഖ്യാപിച്ച അഞ്ച് ന്യായ് പദ്ധതികൾ തന്നെയാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഹൈലൈറ്റ് എന്നാണ് സൂചന. പ്രകടനപത്രികയ്ക്ക് കോൺഗ്രസ് പ്രവർത്തകസമിതി അംഗീകാരം നൽകിയിട്ടുണ്ട്. പ്രകടനപത്രിക ഇന്നോ നാളെയോ കോൺഗ്രസ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രവർത്തകസമിതി യോഗത്തിന് ശേഷം ഇന്നു വൈകീട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത ഇന്നത്തെ യോഗത്തോടെ അവസാനിച്ചേക്കും. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി താൽപ്പര്യം കാണിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.