- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് നൽകുന്ന 1000 രൂപ 'പിച്ച'യെന്ന് പറഞ്ഞ് അധിക്ഷേപിച്ചു ഖുഷ്ബു
ചെന്നൈ: തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാർ നടപ്പാക്കിയ കുടുംബനാഥരായ സ്ത്രീകൾക്ക് മാസം 1000 രൂപ നൽകുന്ന പദ്ധതിയെ 'പിച്ച'യെന്ന് വിശേഷിപ്പിച്ച ദേശീയ വനിത കമീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെതിരെ പ്രതിഷേധം. 2000 കോടിയുടെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് സിനിമ നിർമ്മാതാവ് ജാഫർ സാദിഖ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായ പശ്ചാത്തലത്തിലായിരുന്നു ഖുശ്‌ബുവിന്റെ വിവാദ പ്രസ്താവന.
ഡി.എം.കെ സർക്കാറിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ നടി നടത്തിയ പ്രസ്താവന വിവാദമാകുകയും ചെയ്തു. ഡി.എം.കെ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ) അടച്ചുപൂട്ടുകയും ചെയ്താൽ, ആളുകൾക്ക് 1000 രൂപ പിച്ച തേടേണ്ടിവരില്ല. 1000 രൂപ നൽകിയാൽ സ്ത്രീകൾ ഡി.എം.കെക്ക് വോട്ടുചെയ്യില്ല എന്നിങ്ങനെയായിരുന്നു ഖുഷ്ബുവിന്റെ പ്രസ്താവന. ലക്ഷക്കണക്കിന് വീട്ടമ്മമാർക്ക് ലഭിക്കുന്ന പണത്തെ ഖുഷ്ബു തള്ളിപ്പറഞ്ഞത് വലിയ വിമർശനം ക്ഷണിച്ചു വരുത്തുന്നതായി മാറി.
ഇതോടെ ഇതിനെതിരെ ഡി.എം.കെ വനിത വിഭാഗം സംസ്ഥാന വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. ഖുഷ്ബുവിന്റേത് അധിക്ഷേപകരമായ പരാമർശമാണെന്നും പദ്ധതിയുടെ ഗുണഭോക്താക്കളായ 1.16 കോടി സ്ത്രീകളെ അപമാനിച്ചിരിക്കലാണെന്നും സാമൂഹികക്ഷേമ-വനിത ശാക്തീകരണ മന്ത്രി ഗീതാ ജീവൻ പ്രതികരിച്ചു. 'ഇത് അങ്ങേയറ്റം വേദനാജനകമാണ്. സ്ത്രീകൾ നേരിടുന്ന കഷ്ടപ്പാടുകൾ അവർ അറിയുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഈ 1000 രൂപ സ്ത്രീകൾക്ക് എത്രത്തോളം സഹായകരമാണെന്ന് നിങ്ങൾക്കറിയാമോ ഒന്നും അറിയാതെ നിങ്ങൾ വീട്ടിൽനിന്നിറങ്ങി മൈക്ക് പിടിച്ച് എന്തും പറയുകയാണ്' -മന്ത്രി കൂട്ടിച്ചേർത്തു.
പരാമർശം വിവാദമായതോടെ വിശദീകരണവുമായി ഖുഷ്ബു രംഗത്തെത്തി. വാർത്തകളിൽ തുടരാൻ ഡി.എം.കെക്ക് താൻ ആവശ്യമാണെന്നും മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കാൻ മാത്രമാണ് താൻ പറഞ്ഞതെന്നും അവർ എക്സിൽ കുറിച്ചു. '1982ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രൻ പാവപ്പെട്ടവർക്ക് സൗജന്യമായി നൽകിയ ഭക്ഷണം അവർക്കുനേരെ എറിയുന്ന 'പിച്ച'യാണെന്ന മുൻ കേന്ദ്രമന്ത്രി മുരസൊലി മാരന്റെ പ്രസ്താവനയെ ആരും അപലപിച്ചില്ല. കെ. പൊന്മുടി, ഇ.വി വേലു തുടങ്ങിയ ഡി.എം.കെ നേതാക്കൾ സ്ത്രീകൾക്കും സംസ്ഥാനത്തെ ജനങ്ങൾക്കുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
അപ്പോൾ നിങ്ങളെല്ലാം അന്ധരും മൂകരും ബധിരരുമായിരുന്നോ മയക്കുമരുന്ന് വിപത്ത് തടയുക, ടാസ്മാക്കിൽ നിന്നുള്ള കമീഷൻ കുറക്കുക എന്ന് മാത്രമാണ് ഞാൻ പറയുന്നത്. തൊഴിലാളികൾ ടാസ്മാക്കിൽ ചെലവിടുന്ന പണം ലാഭിക്കാൻ സ്ത്രീകളെ സഹായിക്കൂ. മദ്യപിച്ചവരുമായി അവർ അനുഭവിക്കുന്ന വേദന നിങ്ങളുടെ പണത്തേക്കാൾ വളരെ കൂടുതലാണ്. അവരെ സ്വതന്ത്രരാക്കുക, അവർക്ക് നിങ്ങളുടെ 1,000 രൂപ ആവശ്യമില്ല' -ഖുഷ്ബു എക്സിലെ വിശദീകരണ കുറിപ്പിൽ കുറിച്ചു.