- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് ലോക്സഭാ സീറ്റുകളില്‍ തോല്‍ക്കില്ലെന്ന് വെല്ലുവിളിച്ചു; തോറ്റതോടെ വാക്കുപാലിച്ചു; മന്ത്രിസ്ഥാനം രാജിവെച്ച് കിരോഡിലാല്‍ മീണ
ജയ്പുര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി നേതാവ് കിരോഡി ലാല്‍ മീണ രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്സഭാ സീറ്റുകളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും തോല്‍വിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് കിരോഡി ലാല്‍ മീണ തെരഞ്ഞെടുപ്പിന് മുമ്പ് വെല്ലുവിളിച്ചിരുന്നു. ജന്മനാടായ ദൗസ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായതോടെയാണ് 72 കാരനായ കിരോഡി ലാല്‍ രാജിവച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ വാക്ക് ഇതോടെ കിരോഡി ലാല്‍ പാലിക്കുകയായിരുന്നു.
ദൗസ ഉള്‍പ്പെടുന്ന കിഴക്കന്‍ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന അദ്ദേഹം ഇവിടുത്തെ ഏഴ് സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നായിരുന്നു വോട്ടെണ്ണലിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടത്തിയ വെല്ലുവിളി. എന്നാല്‍, ഇവിടുത്തെ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി പരാജയപ്പെട്ടു. തനിക്ക് പാര്‍ട്ടിയെ വിജയിപ്പിക്കാനായില്ലെന്നും മന്ത്രിസഭയില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും വ്യക്തമാക്കിയ മീണ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം, മീണയുടെ രാജി സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
10 ദിവസം മുമ്പാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയതെന്ന് കിരോഡി ലാലിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രാജസ്ഥാനിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍ 14 സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍, ദൗസ ഉള്‍പ്പെടെ എട്ട് സീറ്റുകള്‍ നേടി കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുകയായിരുന്നു. മറ്റ് പാര്‍ട്ടികള്‍ മൂന്ന് സീറ്റുകള്‍ നേടി. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഗ്രാമവികസനം, ദുരന്തനിവാരണം, ദുരിതാശ്വാസം, സിവില്‍ ഡിഫന്‍സ് തുടങ്ങി നിരവധി വകുപ്പുകളുടെ മന്ത്രിയായിരുന്നു കിരോഡി ലാല്‍ മീണ. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. സവായ് മധോപൂര്‍ മണ്ഡലത്തില്‍ നിന്നാണ് മീണ വിജയിച്ചത്.
'കഴിഞ്ഞ 10-12 വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചിട്ടും എനിക്ക് സ്വാധീനമുള്ള മേഖലയില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഹൈക്കമാന്‍ഡ് എന്നോട് ഡല്‍ഹിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഡല്‍ഹിയില്‍ പോയി അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. പാര്‍ട്ടി വിജയിച്ചില്ലെങ്കില്‍ രാജിവെക്കുക എന്നത് എന്റെ ധാര്‍മിക കടമയാണ്' കിരോഡി ലാല്‍ മീണ പറഞ്ഞു.
അതേസമയം, പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള അതൃപ്തിയാണ് തന്റെ രാജിക്ക് പിന്നിലെന്ന അഭ്യൂഹവും അദ്ദേഹം തള്ളി. താന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും രാജിക്കാര്യം അദ്ദേഹത്തെ അറിയിച്ചതായും മീണ വ്യക്തമാക്കി. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയ്ക്കും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും താഴെയായി ഏറ്റവും മുതിര്‍ന്ന മന്ത്രിയാണ് മീണ. രാജ്യസഭയിലും രണ്ട് തവണ ലോക്സഭാ എംപിയായും അഞ്ചുതവണ എംഎല്‍എ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദൗസ സീറ്റില്‍ ബിജെപിയുടെ കനയ്യലാല്‍ മീണയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുറാലി ലാല്‍ മീണ 2.3 ലക്ഷത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ദൗസയില്‍ ബിജെപി വിജയിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അദ്ദേഹം പലതവണ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസവും അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കന്‍ രാജസ്ഥാനിലെ ഏഴ് സീറ്റുകളുടെ ചുമതല തനിക്ക് നല്‍കിയെന്നും അവിടെ ജയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
ദൗസയെ കൂടാതെ കിഴക്കന്‍ രാജസ്ഥാനിലെ ടോങ്ക്, സവായ് മധോപുര്‍, കരൗലി-ധോല്‍പുര്‍, ഭരത്പൂര്‍ എന്നിവയും ബിജെപിക്ക് ഇത്തവണ ബിജെപി നഷ്ടമായിരുന്നു. 2019-ല്‍ രാജസ്ഥാനിലെ 25-ല്‍ 24 സീറ്റുകളും നേടാനായ ബിജെപിക്ക് ഇത്തവണ 14 സീറ്റുകളിലേ വിജയം നേടാനായുള്ളൂ.