- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ കെ അദ്വാനി പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ല
അയോധ്യ: രാമജന്മഭൂമി പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ല.അതിശൈത്യം കാരണമാണ് അദ്വാനി വിട്ടുനിൽക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
96 കാരനായ നേതാവ് ചടങ്ങിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ആദ്യം മുതലേ അനിശ്ചിതത്വം ഉണ്ടായിരുന്നു. അദ്വാനിയെ കൂടാതെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പങ്കെടുക്കില്ലെന്ന് രാം മന്ദിര് ട്രസ്റ്റ് അറിയിച്ചു.
"രണ്ടുപേരും കുടുംബത്തിലെ മുതിർന്നവരാണ്. പ്രായം പരിഗണിച്ചു രണ്ടുപേരോടും ചടങ്ങിലേക്ക് എത്തേണ്ടെന്ന് അഭ്യർത്ഥിച്ചിരുന്നു. രണ്ടുപേരും അത് അംഗീകരിക്കുകയും ചെയ്തു" ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞ മാസം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അദ്വനി ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഎച്ച്പി നേതാവ് ഈ മാസം ആദ്യം അറിയിച്ചിരുന്നു. അഡ്വാനിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കുമെന്നും വിഎച്ച്പി നേതാവ് അലോക് കുമാർ വ്യക്തമാക്കിയിരുന്നു. ഡിസംബറിൽ ഇരുനേതാക്കളെയും വിഎച്ച്പി ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ചരിത്രയാത്ര ഓർത്തെടുത്ത് അദ്വാനി
അയോധ്യയിൽ രാമക്ഷേത്രം പുനർനിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത് ഭഗവാൻ ശ്രീരാമൻ ആണെന്ന് ബിജെപിയുടെ എൽ കെ അദ്വാനി പറഞ്ഞിരുന്നു രാഷ്ട്ര ധർമ മാസികയുടെ പ്രത്യേക പതിപ്പിൽ, 'രാം മന്ദിർ നിർമ്മാൺ, ഏക് ദിവ്യ സ്വപ്ന കി പൂർത്തി' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് 33 വർഷം മുമ്പ് താൻ നയിച്ച രഥ് യാത്ര അടക്കമുള്ള രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ചരിത്ര യാത്ര അദ്ദേഹം ഓർത്തെടുക്കുന്നത്. ഇന്ത്യയെ വീണ്ടും കണ്ടെത്താനും, സ്വയം മനസ്സിലാക്കാനും ഉള്ള യാത്രയായിരുന്നു അത്. 1990 സെപ്റ്റംബർ 25 ന് ആരംഭിച്ച രഥയാത്ര ശ്രീരാമവിശ്വാസത്തിൽ അധിഷ്ഠിതമായ ദേശവ്യാപക പ്രസ്ഥാനത്തിന് തിരികൊളുത്തി എന്നും അദ്വാനി കുറിച്ചു.
രഥയാത്രയിൽ മോദിയുടെ സാന്നിധ്യവും അദ്ദേഹം ഓർത്തെടുക്കുന്നു. ആ കാലത്തേ രാമക്ഷേത്രം പുനർനിർമ്മിക്കാൻ ഭഗവാൻ ശ്രീരാമൻ തിരഞ്ഞെടുത്തിരുന്നു, അദ്വാനി പറഞ്ഞു. 'രഥയാത്ര 33 വർഷം പൂർത്തിയാക്കിയിരിക്കുന്നു. യാത്ര തുടങ്ങിയപ്പോൾ ഇത് രാജ്യം മുഴുവൻ വ്യാപിക്കുന്ന പ്രസ്ഥാനമായി മാറുമെന്ന് അറിഞ്ഞിരുന്നില്ല', അദ്ദേഹം എഴുതി.
രഥയാത്രയിൽ ഉടനീളം നരേന്ദ്ര മോദി തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അദ്വാനി ലേഖനത്തിൽ പറയുന്നു. 'അന്ന് അദ്ദേഹം അത്ര പ്രശസ്തനായിരുന്നില്ല. പക്ഷേ അക്കാലത്തേ രാമൻ അദ്ദേഹത്തിന്റെ ഭക്തനെ ക്ഷേത്രം പുനർനിർമ്മിക്കാൻ തിരഞ്ഞെടുത്തിരുന്നു. അയോധ്യയിൽ ശ്രീരാമന്റെ ഒരു മഹത്തായ ക്ഷേത്രം ഉയരണമെന്ന് വിധി കാത്തുവച്ചിട്ടുണ്ടെന്ന് അന്ന് എനിക്ക് തോന്നി. ഇനി അതിനു കുറച്ച് സമയമേയുള്ളൂ. രഥയാത്ര തുടങ്ങി ദിവസങ്ങൾക്ക് ശേഷം, ഞാൻ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര തന്നെയായിരുന്നു. രാമന്റെ ജന്മസ്ഥലത്തേക്ക് പോകുന്നതിനാൽ ആരാധന അർഹിക്കുന്ന 'രഥം' ആയിരുന്നു അത്', അദ്വാനി പറഞ്ഞു.
'അയോധ്യയിൽ മോദി പ്രാണപ്രതിഷ്ഠ നടത്തുമ്പോൾ അദ്ദേഹം ഓരോ ഇന്ത്യൻ പൗരനെയുമാണ് പ്രതിനിധീകരിക്കുന്നത്. ശ്രീരാമന്റെ ഗുണങ്ങൾ സ്വാംശീകരിക്കാൻ എല്ലാ ഇന്ത്യാക്കാർക്കും ഈ ക്ഷേത്രം പ്രചോദനമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു' , അദ്വാനി കുറിച്ചു. രഥയാത്രയ്ക്കിടെ വിദൂരഗ്രാമങ്ങളിൽ നിന്നുപോലും ഗ്രാമീണർ ശ്രീരാമ രാമം ഉച്ചരിച്ച് പ്രണാമം അർപ്പിച്ച് മടങ്ങുമ്പോൾ ഞാൻ വികാരഭരിതനാകുമായിരുന്നു. രാമക്ഷേത്രം സ്വപ്നം കാണുന്ന ധാരാളം പേരുണ്ടെന്ന സന്ദേശമായിരുന്നു അത്. ജനുവരി 22 ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ ആ ഗ്രാമീണരുടെ അടിച്ചമർത്തപ്പെട്ട മോഹങ്ങൾ സാക്ഷാത്കരിക്കപ്പെടും.
താൻ ആഗ്രഹിച്ച കാര്യം മോദി പൂർത്തിയാക്കിയതിന് അദ്ദേഹത്തെ ലേഖനത്തിൽ അദ്വാനി അഭിനന്ദിക്കുന്നുണ്ടെന്നും സൂചനയുണ്ട്. മാസികയുടെ പകർപ്പ് അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യും.