- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ കെ അദ്വാനിക്ക് ഭാരതരത്ന; രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ അമരക്കാരനായി നിന്ന് ബിജെപി രാഷ്ട്രീയത്തെ വളർത്തിയ നേതാവിന് രാജ്യത്തിന്റെ പരമോന്നത പുരസ്‌ക്കാരം; ഇന്ത്യയുടെ വികസനത്തിന് അദ്വാനി നൽകിയ സംഭാവനകൾ വലുതെന്ന് അഭിനന്ദന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന ലാൽകൃഷ്ണ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന. പുരസ്‌ക്കാരം നൽകുന്ന വിവരം സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. ഇന്ത്യയുടെ വികസനത്തിന് അദ്വാനി നൽകിയ സംഭാവനകൾ വലുതെന്ന് അഭിനന്ദന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബിഹാറിലെ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും മരണാനന്തര ബഹുമതിയായി ഈ വർഷം ഭാരതരത്‌ന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്വാനിക്കും ഭാരതരത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്.
അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എൽ.കെ അദ്വാനിജിക്ക് ഭാരതരത്ന നൽകി ആദരിക്കുന്ന കാര്യം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു, ഇന്ത്യയുടെ വികസനത്തിന് അഡ്വാനി നൽകിയ സംഭാവനകൾ വലുതാണ്. താഴെത്തട്ടിൽനിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അഡ്വാനിയെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
96ാം വയസ്സിലാണ് പരോമന്നത സിവിലിയൻ ബഹുമതി അഡ്വാനിയെ തേടിയെത്തുന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ അമരക്കാരനായി നിന്നു ബിജെപിയെ വളർത്തിയ നേതാവാണ് എൽ കെ അദ്വാനി. അദ്വാനി തുടങ്ങിവെച്ച ദൗത്യം നരേന്ദ്ര മോദി അയോധ്യയിലെ ക്ഷേത്രം ഉദ്ഘാടനം ചെയ്തു നിർവഹിച്ച വേളയിലാണ് മുതിർന്ന നേതാവിന് ഭരതരത്‌ന ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 1990 സെപ്റ്റംബർ 25ന് അയോധ്യയിലെ ബാബരി പള്ളി പൊളിച്ച് ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര ആരംഭിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ അടിത്തറ രാജ്യം മുഴുവൻ വ്യാപിച്ചത് ഈ യാത്രയോടെയാിരുന്നത്.
അന്ന് അദ്വാനിക്ക് കൂട്ടായി മുരളി മനോഹർ ജോഷിയുമുണ്ടായിരുന്നു. 1984-ൽ രണ്ട് പാർലമെന്റ് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിയെ 15 വർഷത്തിനുള്ളിൽ സർക്കാർ രൂപീകരിക്കാൻ സഹായിച്ചത് ഇവരുടെ വർഗീയതയിലൂന്നിയ രാഷ്ട്രീയ പ്രവർത്തനങ്ങളായിരുന്നു. വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയെ 2009ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തികാട്ടിയെങ്കിലും പരാജയപ്പെട്ടിരുന്നു
1980 ന്റെ തുടക്കത്തോടെയാണ് ജനതാപാർട്ടി പരീക്ഷണം അവസാനിപ്പിച്ച് പുതിയ രൂപത്തിൽ ജനസംഘത്തെ അവതരിപ്പിക്കാൻ ആർഎസ്എസ് തിരുമാനിക്കുന്നത്. അങ്ങനെ എ ബി വാജ്പേയ് പ്രസിഡന്റും അദ്വാനി രണ്ടാമനുമായി. 1984 ലെ ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് വെറും രണ്ട് സീറ്റ്. ഇവിടെ നിന്നാണ് അദ്വാനി കളി തുടങ്ങുന്നത്. അതിന്റെ ഭാഗമായി അദ്വാനി അയോധ്യയിലെ പള്ളി പൊളിക്കൽ യജ്ഞം ഇന്ത്യൻ മുഖ്യധാര രാഷ്ട്രീയത്തിന്റെ ഭാഗമാക്കി.
അദ്വാനിയുടെ വിശ്വസ്തനായിരുന്നു മോദി. ഗുജറാത്ത് കലാപകാലത്തും മോദിയും സംരക്ഷകനായി നിലകൊണ്ടത് അദ്വാനിയായിരുന്നതു. മോദി രാജ ധർമ്മം മറന്നുവെന്നായിരുന്നു വാജ്പേയിയുടെ പ്രതികരിച്ചപ്പോഴും അദ്വാനി മോദിയെ സംരക്ഷിച്ചു. വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയെ 2009ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തികാട്ടിയെങ്കിലും പരാജയപ്പെട്ടിരുന്നു. 2014ൽ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ഉണ്ടായെങ്കിലും മോശം ആരോഗ്യം കാരണം അദ്വാനി പങ്കെടുത്തിരുന്നില്ല.
മറുനാടന് ഡെസ്ക്