പത്തനംതിട്ട: പാർലമെന്റ് തെരഞ്ഞെടുപ്പിൽ പെന്തക്കോസ്ത് സഭ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന പ്രചാരണം എതിർത്ത് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെയും ഡെമോക്രാറ്റിക്ക് ബിലീവേഴ്സ് ഫോറത്തിന്റെയും ഭാരവാഹികൾ രംഗത്ത്. സഭ ഒരു പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഉന്നതമായ ജനാധിപത്യ ബോധവും രാഷ്ട്രീയ പക്വതയും പുലർത്തുന്ന സഭാ നേതൃത്വമാണ് പെന്തക്കോസ്ത് സഭകളുടേത്. നാളിതുവരെ പരസ്യമായ രാഷ്ട്രീയ നിലപാട് സഭ എടുത്തിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സമദൂരമാണ് സ്വീകരിച്ചിട്ടുള്ളത്. സഭയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ ആരെയും നേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

രാജ്യം നിർണായകമായ തെരഞ്ഞെടുപ്പാണ് നേരിടുന്നത്. പരമ്പരാഗതമായി കാത്തു സൂക്ഷിച്ച മാനവിക മൂല്യങ്ങളും മതസൗഹാർദവും സാമുദായിക മൈത്രിയും നഷ്ടപ്പെട്ടതായും അവർ പറഞ്ഞു. ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ക്രൈസ്തവരുടെ പിന്നാക്ക അവസ്ഥ പഠിക്കാൻ നിയമിച്ച ജസ്റ്റീസ് ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണം. മലയോരമേഖകളിൽ വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ജില്ലാ സെക്രട്ടറി പാസ്റ്റർ സന്തോഷ് എന്നിവർ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ജനവിരുദ്ധ നയങ്ങളും ന്യൂനപക്ഷ പീഡനങ്ങളും തുടരുമ്പോൾ എൽ.ഡി.എഫിന്റെ അച്ചാരം വാങ്ങിയ ചിലർ അവർക്ക് അനുകൂലമായി തെരഞ്ഞെടുപ്പിൽ രംഗത്തെത്തിയത് അപലപനീയമാണെന്ന് ഡെമോക്രാറ്റിക്ക് ബിലിവേഴ്സ് ഫോറം ഭാരവാഹികൾ പറഞ്ഞു. പെന്തക്കോസ്തരുടെ പൊതുനിലപാടെന്ന പേരിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള വഞ്ചന ജനാധിപത്യബോധമുള്ള എല്ലാവരും തള്ളിക്കളയുമെന്നും ഭാരവാഹികൾ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി തട്ടിക്കൂട്ടിയ യുണൈറ്റഡ് പെന്തകോസ്ത് സിനഡ് എന്ന സംഘടന ചിലരുടെ സ്വർത്ഥതാൽപര്യം സംരക്ഷിക്കുവാനാണ്. പിന്നിൽ ഭരണകക്ഷിയിലെ ചിലരുടെ ആശിർവാദവുമുണ്ട്. എൽ. ഡി.എഫിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായായിട്ടാണ് സംഘടന രൂപീകരിച്ചത്. വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷ വേട്ട നടന്നപ്പോൾ ആന്റോ ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപി മാരാണ് ആദ്യം ഓടിയെത്തിയതെന്നും സംസ്ഥാന ഉപദേശക സമിതി അംഗം അഡ്വ. ഷാം കുരുവിള, കോട്ടയം ജില്ലാ പ്രസിഡന്റ് അജി കുളങ്ങര, പത്തനംതിട്ട ജില്ല പ്രസിഡന്റ് ബെൻസൻ തെങ്ങുംപള്ളിൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഷാജി കുളനട, മീഡിയ കോ-ഓർഡിനേറ്റർ ജോജി ഐപ്പ് മാത്യൂസ്, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി പറന്തൽ, സംസ്ഥാന നിർവാഹക സമിതി അംഗം ഉഷാ തോമസ് എന്നിവർ പറഞ്ഞു.