- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി
ന്യൂഡൽഹി: ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവിയാകും. ജൂൺ 30 ന് സ്ഥാനമൊഴിയുന്ന ജനറൽ മനോജ് സി പാണ്ഡെയ്ക്ക് പകരമാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുന്നത്.
പരമ വിശിഷ്ട സേവാ മെഡലും, അതി വിശിഷ്ട സേവാ മെഡലും നൽകി രാജ്യം ആദരിച്ച ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി ഇപ്പോൾ ഉപ കരസേനാ മേധാവിയാണ്. ജൂൺ 30 ന് ഉച്ചകഴിഞ്ഞ് ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവിയായി ചുമതലയേൽക്കും.
1964 ജൂലൈ ഒന്നിന് ജനിച്ച ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 നാണ് കരസേനയിലെ ജമ്മു-കശ്മീർ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടത്. നാൽപത് വർഷത്തോളം നീണ്ടുനിന്ന സ്തുത്യർഹമായ സേവനത്തിൽ, അദ്ദേഹം സേനയിലെ വിവിധ മേഖലകളിൽ ജോലി നോക്കിയിട്ടുണ്ട്.
( കമാൻഡ് ഓഫ് റജിമെന്റ്) 18 ജമ്മു-കശ്മീർ റൈഫിൾസ്, 26 സെക്ടർ അസം റൈഫിൾസ്( ബ്രിഗേഡ്), അസം റൈഫിൾസ് ഈസ്റ്റ് ( ഇൻസ്പക്ടർ ജനറൽ), 9 കോർപ്‌സ് എന്നിവയുടെ തലവനായിരുന്നു. പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്
ലഫ്റ്റനന്റ് ജനറൽ റാങ്കിലിരിക്കെ, 2022-2024 കാലഘട്ടത്തിൽ, ജനറൽ ഇൻഫൻട്രി ഡയറക്ടർ, ജനറൽ ഓഫീസർ കമാൻഡർ ഇൻ ചീഫ്( നോർത്തേൺ കമാൻഡ് ആസ്ഥാനം) എന്നീ പദവികളിൽ ഇരുന്നു. അതേതുടർന്നാണ് ഫെബ്രുവരിയിൽ കരസേന ഉപമേധാവിയായി നിയമിതനായത്.
റിവ സൈനിക് സ്‌കൂൾ, നാഷണൽ ഡിഫൻസ് കോളേജ്, യുഎസ് ആർമി വാർ കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയാണ്. ഡിഫൻസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസിൽ എംഎഫിലും, സ്ട്രാറ്റജിക് സ്റ്റഡീസിലും, മിലിട്ടറി സയൻസിലും രണ്ട് ബിരുദാനന്തര ബിരുദവും ഉണ്ട്. ഡിഎസ്എസി വെല്ലിങ്ടണിലും ആർമി വാർ കോളേജിലും കോഴ്‌സുകൾ ചെയ്തിട്ടുണ്ട്.