ന്യൂഡൽഹി: 2024 ലെ ഇന്ത്യയുടെ 75 ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. തന്റെ സന്ദർശനം മക്രോൺ സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ എത്തുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് മക്രോൺ.

' എന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദി, റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചതിന് നന്ദി. നിങ്ങൾക്കൊപ്പം ആഘോഷിക്കാൻ ഞാൻ അവിടെയെത്തും' മക്രോ്ൺ എക്‌സിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് മക്രോൺ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയും നേരത്തെ അറിയിച്ചിരുന്നു. തന്ത്രപ്രധാന പങ്കാളികൾ എന്ന നിലയിൽ ഇന്ത്യയും ഫ്രാൻസും നിരവധി പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഒരേ നിലപാട് സ്വീകരിച്ചവരാണ്. ഈ വർഷം ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തിന്റെ 25 ാം വാർഷികം ആഘോഷിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ജൂലൈ 14 ന് പാരിസിൽ നടന്ന ബാസ്റ്റിൽ ഡേ പരേഡിൽ നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. സെപ്റ്റംബറിൽ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മക്രോൺ ഇന്ത്യയിൽ എത്തിയിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്താൻ തനിക്ക് കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ചത്. അമേരിക്കയിൽ, ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പാനുനെ കൊലപ്പെടുത്താൻ ഇന്ത്യൻ ഏജന്റുമാർ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്ത്യ-യുഎസ് നയതന്ത്രബന്ധത്തിൽ വിള്ളൽ വീണതും, ബൈഡൻ ക്ഷണം നിരസിച്ചതും.

രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങൾ മെച്ചപ്പെടുത്താൻ മക്രോൺ

സൈന്യത്തെ ശക്തിപ്പെടുത്തുകയും ആയുധ ശേഖരം ആധുനികവത്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കൂടുതൽ റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിടാനിരിക്കുകയാണ് ഇന്ത്യ. ഫ്രാൻസുമായുള്ള ബന്ധം കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് മാക്രോണിനെ മോദി ക്ഷണിച്ചത്.ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശന വേളയിൽ ജനുവരിയിൽ തന്നെ 52,000 കോടി രൂപയുടെ കരാർ ഒപ്പിട്ടേക്കുമെന്നാണ് സൂചന.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ചരക്ക് വാണിജ്യം 2022 ൽ 15.8 ബില്യൺ ഡോളറായി ഉയർന്നിരുന്നു.

1976ലും 98-ലും മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ഷിറാക് വിശിഷ്ടാതിഥിയായിരുന്നു. പിന്നീട് വലേറി ഗിസ്‌കാർഡ് ഡെസ്താങ്, നിക്കോളാസ് സർകോസി, ഫ്രാൻസ്വാ ഹോളണ്ട് എന്നിവർ യഥാക്രമം 1980, 2008, വർഷങ്ങളിൽ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്. 2016 ൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാങ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായിരുന്നു.