ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്ത നേതാക്കൾ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ തടഞ്ഞു. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് മർദനമേറ്റു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി.ശർമയ്ക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ശനിയാഴ്ച ജബൽപുരിലാണു സംഭവം നടന്നത്.

മധ്യപ്രദേശിൽ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജബൽപ്പുർ നോർത്ത് മണ്ഡലത്തിലാണ് സംഭവം. അഭിലാഷ് എന്ന വ്യക്തിക്കാണ് മണ്ഡലത്തിൽ സീറ്റ് നൽകിയിരുന്നത്.എന്നാൽ. ഇദ്ദേഹം മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഗ്വാളിയോറിലും സമാനമായ പ്രതിഷേധമുണ്ട്.

കേന്ദ്രമന്ത്രിയെ പ്രവർത്തകർ തടഞ്ഞുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നതായും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പാർട്ടി സ്ഥാനാർത്ഥികളുടെ അഞ്ചാം പട്ടിക ശനിയാഴ്ച പുറത്തുവിട്ടതോടെയാണ് സീറ്റ് കിട്ടാത്ത നേതാക്കൾ രോഷാകുലരായി മന്ത്രിയെ തടഞ്ഞത്. ഇതിനിടെ ഇവർ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്റെ കഴുത്തിൽ നേതാക്കൾ കുത്തിപ്പിടിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. കസേരയിലേക്കു വീണ ഉദ്യോഗസ്ഥൻ അരയിലുള്ള തോക്ക് എടുക്കാൻ ശ്രമിക്കുന്നതും മറ്റു നേതാക്കൾ അദ്ദേഹത്തെ സാന്ത്വനിപ്പിക്കുന്നതും വിഡിയോയിലുണ്ട്.

നവംബർ 17-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 92 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതോടെ ഒരുകൂട്ടം നേതാക്കളും അനുയായികളും ജബൽപുരിലെ പാർട്ടി ഓഫിസിലേക്കു തള്ളിക്കയറുകയായിരുന്നു. ജബൽപുർ നോർത്ത് സീറ്റ് കിട്ടാത്ത നേതാവിന്റെ അനുയായികളാണു പ്രശ്നമുണ്ടാക്കിയതെന്നാണു റിപ്പോർട്ട്. അഭിലാഷ് പാണ്ഡെയെന്ന നേതാവിനാണ് ഇവിടെ സീറ്റ് നൽകിയിരിക്കുന്നത്.

പ്രതിഷേധക്കാർ കേന്ദ്രമന്ത്രിയുടെ അടുത്തേക്ക് എത്തുന്നതു തടയാൻ ശ്രമിച്ചതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥനു മർദനമേറ്റത്. നേതാക്കളെ ശാന്തരാക്കാൻ കേന്ദ്രമന്ത്രി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മധ്യപ്രദേശിൽ 230 സീറ്റുകളിലേക്കുള്ള 228 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബിജെപി മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 29 എംഎൽഎമാർക്കു സീറ്റ് നൽകിയിട്ടില്ല. ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയയുടെ മകൻ ആകാശിനെയും ഒഴിവാക്കി.