ഭോപാൽ: മധ്യപ്രദേശിൽ അധികാരം തിരിച്ചുപിടിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, ഒബിസിക്ക് 27 ശതമാനം സംവരണം, സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ, സംസ്ഥാനത്തിന് ഒരു ഐപിഎൽ ടീം രൂപീകരിക്കൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ കമൽ നാഥ് ആണ് പ്രകടനപത്രിക പുറത്തിറക്കിയത്.

കർഷകർ, സ്ത്രീകൾ, സർക്കാർ ജോലിക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകളെയും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് അറിയിച്ചു. '25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസാണ് ഞങ്ങൾ നൽകുന്നത്, അതിൽ പത്തു ലക്ഷത്തിന്റെ അപകട ഇൻഷുറൻസും ഉൾപ്പെടുന്നുണ്ട്'പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കമൽനാഥ് അറിയിച്ചു. മധ്യപ്രദേശിന് സ്വന്തമായി ഒരു ഐപിഎൽ ടീമും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കർഷകർക്ക് രണ്ടു ലക്ഷം രൂപ വരെ വായ്പ, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ എന്നിവയും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

106 പേജുള്ള പ്രകടനപത്രികയിൽ 59 വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്. സ്ത്രീകളും കർഷകരും സർക്കാർ ഉദ്യോഗസ്ഥരുമുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പ്രകടനപത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. എല്ലാ ആളുകൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും തങ്ങൾ നൽകുമെന്നും പ്രകടനപത്രിക പുറത്തിറക്കികൊണ്ട് കമൽ നാഥ് പറഞ്ഞു.

നാരി സമ്മാൻ യോജന പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ, പഴയ പെൻഷൻ പദ്ധതി, 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, കാർഷിക വായ്പ എഴുതിത്ത്ത്തള്ളൽ, കുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം, എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 500 രൂപയും 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 1,500 രൂപയും ക്യാഷ് ഇൻസെന്റീവ്, യുവാക്കൾക്ക് 8,000 രൂപ വരെ തൊഴിലില്ലായ്മ വേതനം, കർഷകർക്ക് നിശ്ചിത മാസവരുമാനം, വിളകൾക്ക് മിനിമം താങ്ങുവില എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

മധ്യപ്രദേശിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമും ഉണ്ടാകുമെന്ന് കമൽ നാഥ് പറഞ്ഞു. 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ, സ്‌കൂൾ വിദ്യാഭ്യാസം സൗജന്യം, യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം രണ്ടു വർഷത്തേക്ക് പ്രതിമാസം 1500 രൂപ മുതൽ 3000 രൂപ വരെ നൽകുമെന്നും പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം നൽകി.

മധ്യപ്രദേശിൽ കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. കമൽ നാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകൻ ജയവർധൻ സിങിനെ രാഘിഗഠ് സീറ്റിൽ നിന്ന് മത്സരിപ്പിക്കും. മുൻ രാജ്യസഭാംഗം വിജയ് ലക്ഷ്മി സാധോ മഹേശ്വരർ പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കും.

മുൻ ക്യാബിനറ്റ് മന്ത്രി ജിതു പട്വാരി, റാവു അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ജനറൽ കാറ്റഗറിയിൽ നിന്ന് 47 പേരെയും ഒബിസി വിഭാഗക്കാർ 39, 30 പട്ടിക വർഗക്കാർ, 22 പട്ടിക ജാതിക്കാർ, 1 മുസ്ലിം, 19 സ്ത്രീകൾ എന്നിങ്ങനെയാണ് മധ്യപ്രദേശിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക.

മധ്യപ്രദേശിൽ നവംബർ 17 ന് ആണ് 230 നിയമസഭാ മണ്ഡലങ്ങിളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായാണ് നടത്തുക. ഡിസംബർ മൂന്നിന് ആണ് വോട്ടെണ്ണൽ. മധ്യപ്രദേശിലെ പകുതിയിലധികം നിയമസഭാ മണ്ഡലങ്ങളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.