റായ്പൂർ: തെരഞ്ഞെടുപ്പു അടുക്കുമ്പോൾ കേന്ദ്രസർക്കാർ പതിവുപോലെ പുറത്തെടുക്കുന്ന ആയുധമാണ് ഇഡി എന്ന ആരോപണം പ്രതിപക്ഷ പാർട്ടികളെല്ലാം ശരിവെക്കുന്നതാണ്. രാജ്യത്തെ ഇഡി ഓപ്പറേഷനുകൾ തന്നെ പ്രതിപക്ഷ പാർട്ടികൾക്ക് നേരെയാണ്. ഛത്തീസ്‌ഗഡിലും രാജസ്ഥാനിലുമെല്ലാം അടുത്തിടെ വ്യാപകമായി ഇഡി ഓപ്പറേഷനുകൾ നടന്നിരുന്നു. ഇതിന്റെ പ്രധാന ലക്ഷ്യം രാഷ്ട്രീയമായിരുന്നു താനും. ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ഉന്നം വച്ചായിരുന്നു ഇ ഡി നീക്കങ്ങൾ. ബാഗലിനെതിരെ വെളിപ്പെടുത്തലുകളും തെരഞ്ഞെടുപ്പു വേളയിൽ പുറത്തുവന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കാര്യങ്ങൾ നേരെ തിരിയുകയാണ്.

ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് 508 കോടി നൽകിയെന്ന മൊഴിമാറ്റി മഹാദേവ് ബെറ്റിങ് അഴിമതി കേസിലെ പ്രതി അസിം ദാസ് രംഗത്തുവന്നു. ഛത്തീസ്‌ഗഢിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അസിം ദാസിന്റെ മൊഴി മാറ്റം. കേസിൽ തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ഇ.ഡി ഡയറ്കടർക്ക് നൽകിയ കത്തിൽ അസിം ദാസ് വ്യക്തമാക്കുന്നത്.

മഹാദേവ് ബെറ്റിങ് ആപിന് പിന്നിലെ ബുദ്ധികേന്ദ്രമായ ശുഭം സോണി തന്റെ ബാല്യകാല സുഹൃത്താണ്. ഛത്തീസ്‌ഗഢിൽ കൺസ്ട്രക്ഷൻ ബിസിനസിൽ പങ്കാളിയാക്കാമെന്ന് ശുഭം സോണി തന്നോട് പറഞ്ഞു. ഇതിനുള്ള പണവും സംഘടിപ്പിക്കാമെന്ന് സോണി പറഞ്ഞു. തുടർന്ന് താൻ സോണിയുടെ നിർദേശപ്രകാരം റായ്പൂർ വിമാനത്താവളത്തിലെത്തി.

വിമാനത്താവളത്തിലെത്തിയ തന്നോട് പാർക്കിങ്ങിലുള്ള കാറെടുത്ത് ഹോട്ടലിലേക്ക് സോണി പോകാൻ പറഞ്ഞു. ഹോട്ടലിലെത്തി കാർ പാർക്ക് ചെയ്ത് റൂമിലേക്ക് പോയി. ഇതിനിടയിൽ ആരോ തന്റെ കാറിൽ പണം കൊണ്ടു വെക്കുകയായിരുന്നുവെന്നും പിന്നാലെയെത്തിയ ഇ.ഡി സംഘം ഹോട്ടൽ മുറിയിൽ വെച്ച് അറസ്റ്റ് ചെയ്തുവെന്നും അസിംദാസ് പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരനും പണം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലീഷിലെഴുതിയ മൊഴിയിൽ ഇ.ഡി സംഘം നിർബന്ധിച്ചു ഒപ്പുവെപ്പിച്ചുവെന്നും അസിം ദാസ് ഇ.ഡി ഡയറ്കടർക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യു.എ.ഇയിൽ 200 കോടി മുടക്കി നടത്തിയ ആഡംബര വിവാഹത്തോടെയാണ് മഹാദേവ് ബെറ്റിങ് ആപ് ഇ.ഡിയുടെ വലയത്തിൽ വരുന്നത്. പിന്നീട് കോൺഗ്രസ് മുഖ്യമന്ത്രി ഉൾപ്പടെ ആരോപണ വിധേയനായി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് ഇ.ഡിയെ ഉപയോഗിക്കുന്നതെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് അസിം ദാസിന്റെ ഇപ്പോഴുള്ള മൊഴി.ട

നേരത്തെ ആപ്പ് ഉടമ ശുഭം സോണിയും ബാഗലിനെതിരെ രംഗത്തുവന്നിരുന്നു. ഭൂപേഷ് ബാഗേലിന്റെ ഉപദേശപ്രകാരമാണ് താൻ ദുബായിലേക്ക് പോയതെന്ന് ശുഭം സോണി പറഞ്ഞു. സ്വയം ചിത്രീകരിച്ച് പുറത്തുവിട്ട വീഡിയോയിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാദേവ് ബെറ്റിങ് ആപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന പ്രതിയാണ് ശുഭം സോണി.

വിവാദങ്ങളെ തുടർന്ന് ഓൺലൈൻ വാതുവയ്‌പ്പ് ആപ്പ് മഹാദേവ് ആപ്പിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. മഹാദേവ് അടക്കം 22 ആപ്പുകൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഇഡിയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. ഛത്തീസ്ഘഢിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടൽ.

ഓൺലൈൻ ബെറ്റിങ് ആപ്പാണ് മഹാദേവ്. ഓൺലൈൻ ബെറ്റിങ്ങിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ ദുബായ് വഴിയാണ് ഇവരുടെ ഓപ്പറേഷൻ. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നവരാണ് 2016 -ൽ ദുബായിൽ മഹാദേവ് ആപ്പ് എന്ന പേരിൽ ഓൺലൈൻ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്. 2020 ൽ കോവിഡ് കാലത്ത് ജനം ഓൺലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം.

2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവിൽ രജിസ്റ്റർ ചെയ്തിരുന്നത്. 2019 ൽ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ദിവസേന 200 കോടി വരെ ഉടമകളുടെ പോക്കറ്റിലെത്തി.പണം വന്നതും പോയതും എല്ലാം ഹവാല റൂട്ടുകളിൽ ബെറ്റുവെച്ച് എത്ര പേർ ജയിച്ചാലും തോറ്റാലും, ലാഭം ഒടുവിൽ കമ്പനിക്ക് മാത്രം.