ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആപ്പാലിക്കാൻ ഇഡിയെ വ്ജ്രായുധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. തെരഞ്ഞെുപ്പു പ്രഖ്യാപിച്ചതിന് ശേഷം മാഹാദേവ ബെറ്റിങ് ആപ്പിനെ കുറിച്ചു അന്വേഷണം ഊർജ്ജിതമാക്കി ഇഡി കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെയാണ് നീങ്ങുന്നത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉയർത്തി കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരടുന്നത്.

ഇതിനിടെ ഭൂപേഷ് ബാഗേലിനെതിരേ ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വെളിപ്പെടുത്തലുമായി ആപ്പ് ഉടമ ശുഭം സോണി രംഗത്തെത്തി. ഭൂപേഷ് ബാഗേലിന്റെ ഉപദേശപ്രകാരമാണ് താൻ ദുബായിലേക്ക് പോയതെന്ന് ശുഭം സോണി പറഞ്ഞു. സ്വയം ചിത്രീകരിച്ച് പുറത്തുവിട്ട വീഡിയോയിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാദേവ് ബെറ്റിങ് ആപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന പ്രതിയാണ് ശുഭം സോണി. ഇപ്പോൾ പുറത്തുവന്ന വീഡിയോ ഇയാൾ ദുബായിൽ നിന്നാണ് ചിത്രീകരിച്ചതെന്നാണ് സൂചന.

അടുത്തിടെ അസിം ദാസ് എന്നയാളിൽ നിന്ന് ഇ.ഡി. 5.39 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഭൂപേഷ് ബാഗേലിനുവേണ്ടി ശുഭം സോണി ദുബായിൽനിന്ന് അയച്ച പണമാണ് ഇതെന്നാണ് ഇ.ഡി. പറയുന്നത്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ചില ബിനാമി ബാങ്ക് അക്കൗണ്ടുകൾ അടുത്തിടെ മരവിപ്പിച്ചിരുന്നു. 15.59 കോടി രൂപയാണ് ഈ അക്കൗണ്ടുകളിൽ ഉള്ളത്.

അസിം ദാസിനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ ഫോണും ശുഭം സോണി അയച്ച ഇ-മെയിലും പരിശോധിച്ചതിൽ നിന്നും ഭൂപേഷ് ബാഗേലിന് പതിവായി പണം നൽകാറുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയതായാണ് വിവരം. ഇത്തരത്തിൽ ഇതുവരെ 508 കോടി രൂപ കൈമാറിയെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു.

മഹാദേവ് ആപ്പിന് ഇന്ത്യയിൽ വിലക്ക്.

അതിനിടെ ഓൺലൈൻ വാതുവയ്‌പ്പ് ആപ്പ് മഹാദേവ് ആപ്പിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. മഹാദേവ് അടക്കം 22 ആപ്പുകൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഇഡിയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. ഛത്തീസ്ഘഢിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടൽ.

ഓൺലൈൻ ബെറ്റിങ് ആപ്പാണ് മഹാദേവ്. ഓൺലൈൻ ബെറ്റിങ്ങിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ ദുബായ് വഴിയാണ് ഇവരുടെ ഓപ്പറേഷൻ. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നവരാണ് 2016 -ൽ ദുബായിൽ മഹാദേവ് ആപ്പ് എന്ന പേരിൽ ഓൺലൈൻ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്. 2020 ൽ കോവിഡ് കാലത്ത് ജനം ഓൺലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്‌ബോൾ, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം.

2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവിൽ രജിസ്റ്റർ ചെയ്തിരുന്നത്. 2019 ൽ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ദിവസേന 200 കോടി വരെ ഉടമകളുടെ പോക്കറ്റിലെത്തി.പണം വന്നതും പോയതും എല്ലാം ഹവാല റൂട്ടുകളിൽ ബെറ്റുവെച്ച് എത്ര പേർ ജയിച്ചാലും തോറ്റാലും, ലാഭം ഒടുവിൽ കമ്പനിക്ക് മാത്രം.

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളുകയാണ് ഭൂപേഷ് ബാഗൽ. ലുക്ക്ഔട്ട് സർക്കുലറുണ്ടായിട്ടും എന്തുകൊണ്ടാണ് 'മഹാദേവ്' വാതുവെപ്പ് ആപ്പ് പ്രൊമോട്ടർമാരെ കേന്ദ്രം അറസ്റ്റ് ചെയ്യാത്തതെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചോദിച്ചു. വാതുവെപ്പ് ആപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി വെള്ളിയാഴ്ച പുറത്തിറക്കിയ പത്ര കുറിപ്പ് ബിജെപിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയാണെന്നും അദ്ദേഹം പറഞ്ഞു.

'ബിജെപിക്ക് നേരിട്ട് പോരാടാൻ കഴിയില്ല. അതിനാൽ അവർ ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയെ സമീപിച്ചു. ഇന്നലെ രണ്ട് ബിജെപി പ്രകടന പത്രികകൾ പുറത്തിറങ്ങി. ആദ്യത്തേത് ബിജെപിയുടെ ലെറ്റർഹെഡിൽ ഹിന്ദിയിലും മറ്റൊന്ന് ഇ.ഡിയുടെ ലെറ്റർഹെഡിൽ ഇംഗ്ലീഷിലുമായിരുന്നു'- ഭൂപേഷ് ഭാഗേൽ പറഞ്ഞു. ഒരു അന്വേഷണവും നടത്താതെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബാഗേൽ പറഞ്ഞു. കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും അവരുമായി ബന്ധമുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആപ്പിന്റെ പ്രധാന പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവരുൾപ്പെടെ 14 പ്രതികളെ ഉൾപ്പെടുത്തി മഹാദേവ് ആപ്പ് കേസിൽ ഇ.ഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടർമാർ ബാഗേലിന് 508 കോടി രൂപ നൽകിയതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഇ.ഡി അറിയിച്ചതിനു പിന്നാലെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് മൂർധന്യത്തിലെത്തി. ബിജെപി നിരയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും എതിർപക്ഷത്തു നിന്ന് കോൺഗ്രസ് നേതാക്കളും ആരോപണ, പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങി.

ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരവസരവും കോൺഗ്രസ് പാഴാക്കില്ലെന്നും മഹാദേവിനെ പോലും അവർ വെറുതെ വിട്ടില്ലെന്നും പ്രചാരണറാലിയിൽ മോദി ആരോപിച്ചു. മഹാദേവ് ആപ്പിനെതിരെ അന്വേഷണം നടത്തിയതും കേസെടുത്തതും കോൺഗ്രസ് സർക്കാരാണെന്നും കമ്പനിയുടെ പ്രമോട്ടർമാരെ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തിരിച്ചടിച്ചു.