മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിലെ എൻഡിഎയിൽ പ്രശ്‌നങ്ങൾ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിളിച്ച യോഗത്തിൽ നിന്നും വിട്ടുനിന്ന് അഞ്ച് എംഎ‍ൽഎമാർ. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ചുചേർത്ത യോഗത്തിൽ നിന്നും അഞ്ച് പേർ വിട്ടുനിന്നുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാനാണ് അജിത് പവാർ യോഗം വിളിച്ചത്.

എൻ.സി.പി അജിത് പവാർ വിഭാഗത്തിനുള്ളിൽ ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അഞ്ച് എംഎ‍ൽഎമാർ യോഗത്തിൽ നിന്നും വിട്ടുനിന്നത്. പാർട്ടിയിലെ നിരവധി എംഎ‍ൽഎമാർ ശരത് പവാറിനൊപ്പം പോകാൻ ഒരുങ്ങുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനിടെ എംഎ‍ൽഎമാർ യോഗത്തിനെത്താത്തത് അജിത് പവാറിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

ധർമ്മറാവു ബാബ അത്‌റാം, നർഹരി സിർവാൾ, സുനിൽ ടിങ്രെ, രാജേന്ദ്ര ഷിംഗനെ, അന്ന ബൻസോഡെ എന്നീ എംഎ‍ൽഎമാരാണ് യോഗത്തിനെത്താത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ എൻ.സി.പി അജിത് പവാർ വിഭാഗത്തിൽ കടുത്ത അതൃപ്തിയുണ്ട്. പാർട്ടി ശക്തികേന്ദ്രമായ ബാരാമതിയിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ സുപ്രിയ സുലെയോട് തോറ്റത് കടുത്ത തിരിച്ചടിയായി.

നാല് ലോക്‌സഭ സീറ്റുകളിലാണ് മഹാരാഷ്ട്രയിൽ എൻ.സി.പി അജിത് പവാർ വിഭാഗം മത്സരിച്ചത്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. റായ്ഗഢിൽ മാത്രമാണ് പാർട്ടിക്ക് നിലംതൊടാനായത്.നേരത്തെ 15ഓളം എംഎ‍ൽഎമാർ അജിത് പവാർ വിഭാഗത്തിൽ നിന്നും കൂറുമാറി ശരത് പവാറിനൊപ്പമെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എൻ.സി.പി ശരത് പവാർ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ പറഞ്ഞിരുന്നു. എന്നാൽ, അവകാശവാദം തള്ളി അജിത് പവാർ രംഗത്തെത്തുകയും ചെയ്തു.

അതേസമയം മുന്നണിക്കുള്ളിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് നാലുമാസത്തിനകം മുന്നണിയെ സജ്ജമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ട സഹചര്യമാണ് മുന്നണിക്ക് മുമ്പിലുള്ളത്. ബിജെപി.യും ഷിന്ദേവിഭാഗം ശിവസേനയും അജിത്പവാർ വിഭാഗം എൻ.സി.പി.യും തോൽവിയിൽ പരസ്പരംപഴിചാരി രംഗത്തുവരികയും പ്രത്യേക യോഗങ്ങൾ ചേർന്ന് പരാജയത്തെ അവലോകനം ചെയ്യുകയും ചെയ്തു.

ഷിന്ദേവിഭാഗവും അജിത്പവാർ വിഭാഗവും മുംബൈയിൽ യോഗം ചേർന്നാണ് തിരഞ്ഞെടുപ്പുഫലം അവലോകനംചെയ്തത്. ബിജെപി.യുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്. അജിത്പവാർ വിഭാഗവും ഷിന്ദേവിഭാഗവും പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചില്ലെന്ന് ബിജെപി. നേതൃത്വം കുറ്റപ്പെടുത്തുമ്പോൾ ബിജെപി. സീറ്റ് നിർണയം നീട്ടിക്കൊണ്ടുപോയതാണ് മഹായുതിക്കേറ്റ തിരിച്ചടിക്ക് പ്രധാനകാരണമെന്ന് ഷിന്ദേ വിഭാഗം കുറ്റപ്പെടുത്തി.

ബിജെപി. നടത്തിയ അഭിപ്രായസർവേപ്രകാരം സ്ഥാനാർത്ഥികളെ മാറ്റാൻ സമ്മർദം ഉണ്ടായതായും ഷിന്ദേ വിഭാഗം കുറ്റപ്പെടുത്തി. ബിജെപി.യുടെയും ഷിന്ദേ വിഭാഗം ശിവസേനയുടെയും വോട്ടുകൾ പാർട്ടി സ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ലെന്ന് അജിത്പവാർ വിഭാഗവും കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നാലുസീറ്റ് മാത്രം അനുവദിച്ചതിൽ അജിത് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.