- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ താഴെ പോകാൻ കാരണം ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ പിടിപ്പുകേട്; ശിവസേനയിലെ കലാപം അടിച്ചമർത്തുന്നതിൽ ഉദ്ധവ് അമ്പേ പരാജയമായി; അവസാനനിമിഷം വരെ പോരാടാതെ രാജി വച്ചതും അബദ്ധമായി; മുന്നണിയെ ഉലയ്ക്കാൻ പോന്ന പരാമർശങ്ങളുമായി ശരദ് പവാറിന്റെ ആത്മകഥ; അജിത് പവാർ തന്നെ ഞെട്ടിച്ചെന്നും പവാർ
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് മഹാവികാസ് അഘാഡി മുന്നണിയെ ഉലയ്ക്കാൻ പോന്ന പരാമർശവുമായി ശരദ് പവാർ. ശിവസേനയിലെ കലാപം അടിച്ചമർത്താനും പ്രതിസന്ധിയെ നേരിടാനുള്ള രാഷ്ട്രീയ ബുദ്ധിയും ഉദ്ധവ് താക്കറെക്ക് ഇല്ലായിരുന്നു എന്നാണ് ശരദ് പവാർ തുറന്നടിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പവാറിന്റെ ആത്മകഥ 'ലോക് മജേ സംഗ്തി'യുടെ രണ്ടാം ഭാഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉദ്ധവിന്റെ പിടിപ്പുകേട്
ഉദ്ധവ് താക്കറെ മുഖ്യന്ത്രിയെന്ന നിലയിലും നേതാവെന്ന നിലയിലും തുറന്നുകാട്ടുകയാണ് പവാർ. ' സംസ്ഥാനത്തിന്റെ ഭരണ ആസ്ഥാനത്ത് ആഴ്ചയിൽ രണ്ടുതവണമാത്രമേ ഉദ്ധവ് താക്കറെ സന്ദർശിച്ചിരുന്നുള്ളു എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ഉദ്ധവ് തലപ്പത്ത് എത്തിയപ്പോൾ ശിവസേന മേധാവി ആയിരുന്ന ബാൽതാക്കറെയും തുറന്ന സമീപനം കാണാൻ കഴിഞ്ഞില്ല. ഉദ്ധവിന് അദ്ദേഹത്തിന്റെ ഡോക്ടർമാരുമായുള്ള അപ്പോയ്ന്റ്മെന്റുകൾ പരിഗണിച്ച ശേഷം വേണമായിരുന്നു ഒരാൾക്ക് അദ്ദേഹത്തെ കാണാൻ സമയം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം പരിമിതികൾ ഉണ്ടായിരുന്നു.
'രാഷ്ട്രീയത്തിലെ ഉദ്ധവിന്റെ പരിചയക്കുറവ് കൊണ്ടാണ് അത് സംഭവിച്ചത്. രാഷ്ട്രീയത്തിൽ അധികാരം സംരക്ഷിക്കാൻ ഒരാൾ വളകെ വേഗം പ്രവർത്തിക്കണം. എംവിഎ സർക്കാർ വീഴുമെന്നായപ്പോൾ, ആദ്യഘട്ടത്തിൽ തന്നെ പോരാട്ടത്തിൽ നിന്ന് ഉദ്ധവ് പിന്മാറി. ഒരുപക്ഷ, അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാവാം,'പവാർ പറഞ്ഞു. അവസാന നിമിഷം വരെ പോരാടുന്നതിന് പകരം ഉദ്ധവ് രാജി വച്ചു. അത് എംവിഎ സർക്കാരിന് വലിയ തിരിച്ചടിയായി, അദ്ദേഹം പറഞ്ഞു.
ശിവസേനയെ ഒതുക്കി ബിജെപി
30 വർഷം പഴക്കമുള്ള സഖ്യകക്ഷിയായ ശിവസേനയെ ഇല്ലാതാക്കാൻ ബിജെപി. ഒരുങ്ങിയിരുന്നു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഈ പദ്ധതി തയ്യാറാക്കിയത്. ശിവസേനയെ തകർക്കാതെ മഹാരാഷ്ട്രയിൽ പ്രാമുഖ്യം നേടാനാകില്ലെന്ന് ബിജെപി.ക്ക് ബോധ്യപ്പെട്ടതോടെയാണ് ഈ പദ്ധതിയൊരുക്കിയതെന്നും ശരദ്പവാർ ആത്മകഥയിൽ പറയുന്നു. സംസ്ഥാനത്ത് ഭൂരിപക്ഷം നേടി അധികാരമുറപ്പാക്കാമെന്ന് ബിജെപി. അമിത ആത്മവിശ്വാസത്തിലായിരുന്നു. 2019-ൽ ശിവസേനയില്ലാതെ സ്വന്തം നിലയ്ക്ക് അധികാരം നേടാനുള്ള ആഗ്രഹത്തിലായിരുന്നു ബിജെപി. കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ബിജെപി. അവകാശവാദമുന്നയിച്ചു. അങ്ങനെ ശിവസേനയ്ക്ക് 124 സീറ്റുകൾ വിട്ടുകൊടുത്ത് 164 എണ്ണത്തിൽ മത്സരിക്കാൻ ബിജെപി. തീരുമാനിച്ചു. നാരായൺ റാണെയുടെ സ്വാഭിമാൻ പാർട്ടിയെ ലയിപ്പിച്ച് ശിവസേനയെ പ്രകോപിപ്പിച്ചു.അധികാരത്തിൽ തർക്കമില്ലാതെ അവകാശവാദം ഉന്നയിക്കുന്നതിൽ ശിവസേന എംഎൽഎ.മാരുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് ശിവസേനയെ തകർക്കാനുള്ള ശ്രമമായിരുന്നു അതെന്നും പവാർ വിവരിക്കുന്നു.
അജിത് പവാർ ഞെട്ടിച്ചു
തന്റെ അനന്തരവൻ അജിത് പവാറിനെ കുറിച്ചും ശരദ് പവാർ ആത്മകഥയിൽ തുറന്നുപറയുന്നുണ്ട്. ബിജെപി സർക്കാരിൽ ദേവേന്ദ്ര ഫട്നവിസിന് ഒപ്പം ഉപമുഖ്യമന്ത്രിയായി പുലർച്ചെ സത്യപ്രതിജ്ഞ ചെയ്തതിനെ കുറിച്ച് തനിക്ക് മുൻകൂട്ടി അറിവില്ലായിരുന്നു. അത്തരമൊരു അധാർമിക നീക്കത്തെ താൻ ഒരിക്കലും പിന്തുണയ്ക്കുമായിരുന്നില്ല. നേരത്തെ ശരദ് പവാറിന്റെ അറിവോടെയാണ് അജിത് പവാർ പ്രവർത്തിച്ചതെന്ന് ഫട്നാവിസ് ആരോപിച്ചിരുന്നു.
40 എംഎൽഎമാരുടെ പട്ടിക അജിത് സമർപ്പിച്ചപ്പോൾ, എൻസിപി നിയമസഭാകക്ഷിയുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. ' എന്റെ പേര് ദുർവിനിയോഗിച്ച് ഒരുവിഭാഗം എംഎൽഎമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. വ്യക്തിപരമായി ഞാൻ അവരോട് ചോദിച്ചപ്പോൾ അവരെല്ലാവരും എനിക്കും എൻസിപിക്കും ഒപ്പം നിന്നു', പവാർ പറഞ്ഞു. അത് അജിത്തിന്റെ മോശം തീരുമാനമായിരുന്നു. അതുകൊണ്ട് രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് ഞാൻ ഉദ്ധവിനെ അറിയിച്ചു.
കോൺഗ്രസിന്റെ നിസ്സംഗ സമീപനം മൂലം ചർച്ചകൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. എംവിഎയുടെ സാധ്യതകൾ കൂടി മങ്ങിയതോടെ, അജിത്തിന്റെ ക്ഷമ നശിച്ചു. ' അജിത് വളരെ വൈകാരികമായി കാര്യങ്ങളെ എടുക്കുന്ന ആളാണ്. എങ്ങനെ ധൃതി പിടിച്ച തീരുമാനമെടുത്തു. അതിന് നൽകിയ വിശദീകരണം എനിക്ക് ബോധ്യമായെങ്കിലും, എൻിപിയിലെ കലാപം അടിച്ചമർത്തുക എനിക്ക് വലിയ വെല്ലുവിളിയായി മാറി. എൻസിപി എംഎൽഎമാരുടെ യോഗം വിളിച്ച ശേഷം ഉദ്ധവ് താക്കറെയുമായി സംയുക്ത വാർത്താ സമ്മേളനം നടത്തിയാണ് മഹാ വികാസ് അഘാഡി സഖ്യം ഒറ്റക്കെട്ടെന്ന സന്ദേശം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ