- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അജിത് പവാറും ദേവേന്ദ്ര ഫട്നാവിസും തമാശ പറഞ്ഞ് ചിരിച്ചുമറിയുമ്പോൾ ഷിൻഡെയ്ക്ക് ആകെ മൗനം; എൻസിപിയുടെ വരവോടെ പൊയ്പ്പോയത് ശിവസേനയുടെ വിലപേശൽ ശേഷി; ഇനി എല്ലാം ബിജെപി പറയും പോലെ; ഒരുനാൾ തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറി
മുംബൈ: ശക്തിപ്രകടനത്തിനിടെ, അജിത് പവാർ ആ മോഹം മറച്ചുവച്ചില്ല. ഒരുദിവസം തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണം. ഇളയച്ഛനെ വിട്ട് ബിജെപിയെ കൂട്ടുപിടിച്ച് മഹാരാഷ്ട്ര സർക്കാരിൽ, ഉപമുഖ്യമന്ത്രി ആയ അജിത് പവാർ തന്റെ മോഹം പരസ്യമാക്കിയതോടെ, തീർച്ചയായും, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് ചങ്കിടിപ്പ് കൂടും.
അധികാരം പങ്കിടൽ സംബന്ധിച്ച് ഇപ്പോഴേ തർക്കങ്ങൾ ഉയർന്നുകഴിഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി പക്ഷത്തിന്റെ വരവിൽ ഷിൻഡേ പക്ഷം അസംതൃപ്തരാണ്. വേറൊന്നുമല്ല. മന്ത്രി സ്ഥാനവും, വകുപ്പുകളുടെ അഴിച്ചുപണിയും, അധികാരം പങ്കിടലും എല്ലാം തർക്ക വിഷയങ്ങളാണ്. ബിജെപി പുതിയ സഖ്യകക്ഷിയെ കൊണ്ടുവന്നതിലെ അനിഷ്ടം, ശിവസേന നേതാക്കൾ തുറന്നുപ്രകടിപ്പിക്കുന്നു. ബിജെപി നേതാക്കൾക്കും ചില കാര്യങ്ങളിൽ ആശങ്കയുണ്ട്. അജിത് പവാറും, എട്ടുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പ് വിഭജനം വൈകുകയാണ്.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ചൊവ്വാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം രണ്ട് ഉപമുഖ്യമന്ത്രിമാരുമായി പ്രത്യേക യോഗം ചേർന്നു. എന്നാൽ, വകുപ്പുകളെ ചൊല്ലിയുള്ള തർക്കം നീണ്ടതോടെ, യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.
ഏക്നാഥ് ഷിൻഡെയുടെ അതൃപ്തി ശരീര ഭാഷയിൽ നിന്ന് വ്യക്തമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മന്ത്രിസഭായോഗത്തിൽ, ഷിൻഡെയുടെയും ശിവസേന മന്ത്രിമാരുടെയും ശരീരഭാഷ ഒതുങ്ങിയ തരത്തിലായിരുന്നു. എന്നാൽ, അജിത് പവാർ വളരെ ഉത്സാഹഭരിതനായിരുന്നു. അജിത് പവാറും, ദേവേന്ദ്ര ഫട്നവിസും, സുഹൃത്തുക്കളെ പോലെ പെരുമാറിയപ്പോൾ, ഷിൻഡെ ഒറ്റപ്പെട്ടു.
ബുധനാഴ്ച വകുപ്പ് വിഭജനം നിശ്ചയിക്കാൻ മൂന്നുനേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തും. അജിത് പവാർ ക്യാമ്പ് ധനകാര്യം, ഊർജ്ജം, ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഗ്രാമ വികസനം, ജലവിഭവം, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളാണ് ആവശ്യപ്പെടുന്നത്. അജിത്തിന് ധനകാര്യം നൽകുന്നതിനോട് ഷിൻഡെ വിഭാഗത്തിന് താല്പര്യമില്ല. മഹാവികാസ് അഗാഡി സർക്കാരിൽ ധനമന്ത്രിയായിരിക്കെ, വകുപ്പുകൾക്ക് അനുപാതരഹിതമായി വിഹിതം നൽകിയതാണ് കഴിഞ്ഞ വർഷത്തെ കലാപത്തിന് മുഖ്യകാരണം. തന്റെ പാർട്ടിയുടെ മന്ത്രിമാർ കൈവശം വച്ചിരിക്കുന്ന വകുപ്പുകൾ വച്ച് മാറണമെന്ന ബിജെപി നിർദ്ദേശത്തോടും മുഖ്യമന്ത്രി മുഖം തിരിച്ചുനിൽക്കുന്നു.
പുതിയ സഖ്യകക്ഷിയുടെ വരവിൽ മുറുമുറുപ്പ്
തങ്ങളെ വിശ്വാസത്തിലെടുക്കാതെ, ബിജെപി പുതിയ സഖ്യകക്ഷിയെ കൊണ്ടുവന്നതിനെ ശിവസേന എംഎൽഎമാരായ സഞ്ജയ് ശിർസത്ത്, ഭാരത് ഗോഗാവാലെ, മന്ത്രി ദീപക് കേസർകർ എന്നിവർ ചോദ്യം ചെയ്തു.' ഞങ്ങൾക്ക് സമ്പൂർണ ഭൂരിപക്ഷം ഉള്ളപ്പോൾ, ഇതിന്റെ ആവശ്യം എന്തായിരുന്നു? സഞ്ജയ് ശിർസത്ത് ചോദിച്ചു. തന്റെ രാഷ്ട്രീയ എതിരാളിയായ അദിതി തത്കറെ ഇപ്പോൾ മന്ത്രിയായതാണ് ഗോഗോവാലെയെ ചൊടിപ്പിച്ചത്.
എന്നാൽ, അസംതൃപ്തി പരസ്യമാായി പ്രകടിപ്പിക്കുമ്പോഴും ഷിൻഡെ ക്യാമ്പംഗങ്ങൾ നിസ്സഹായരാണ്. ദേഷ്യം പ്രകടിപ്പിച്ചിട്ട് എന്തുകാര്യം. ഞങ്ങൾ ഈ സാഹചര്യം അംഗീകരിച്ച് മുന്നോട്ടുപോകും. ഒരുഅപ്പം കിട്ടിയിരുന്നവർക്ക് ഇനി പാതിയും, പാതി കിട്ടിയവർക്ക് കാൽഭാഗവും മാത്രമേ ഇനി കിട്ടൂ, അദ്ദേഹം പറഞ്ഞു. അജിത്തിന് ധനകാര്യം നൽകാതെ ശിവസേനയോട് ബിജെപി നീതി പുലർത്തുമെന്നാണ് ഗോഗോവാലെയുടെപ്രതീക്ഷ.
എന്നാൽ, എല്ലാ നേതാക്കളും ഈ അഭിപ്രായക്കാരല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയം മുന്നിൽ കണ്ട് ശരദ് പവാറിനെ ദുർബലനാക്കാനുള്ള നീക്കമാണിതെന്നും, ചില ശിവസേന എംഎൽഎമാർക്ക് മന്ത്രിസ്ഥാനമോഹം ഉണ്ടെങ്കിലും അത് വലിയ പ്രശ്നം അല്ലെന്നുമാണ് ഗജാജനൻ കീർത്തികറുടെ അഭിപ്രായം. കാര്യങ്ങൾ കിർത്തികർ പറയും പോലെ ലളിതമല്ല. തങ്ങളെ മന്ത്രിമാരാക്കാമെന്ന വാഗ്ദാനം ഷിൻഡെ പാലിക്കാത്തതിൽ, ചില എംഎൽമാർ നേരിട്ട് മുഖ്യമന്ത്രിയെ അനിഷ്ടം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം, ശിവസേന മന്ത്രിമാർ വിദ്യാഭ്യാസ മന്ത്രി ദീപക് കേസർകറിന്റെ വസതിയിൽ യോഗം ചേർന്ന് എൻസിപി, സർക്കാരിൽ ചേർന്നതിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്തിരുന്നു. രാഷ്ട്രപതിക്കൊപ്പം ഒരുപരിപാടിയിൽ പങ്കെടുക്കാൻ, നാഗ്പൂരിലായിരുന്ന ഷിൻഡെ പെട്ടെന്ന് മുംബൈയിലേക്ക് തിരിച്ചുവന്നതും അഭ്യൂഹങ്ങൾക്കിടയാക്കി. വകുപ്പ് വിഭജനം സംബന്ധിച്ച് ചർച്ച ചെയ്യാനാണ് അദ്ദേഹം തിരക്കിട്ട് എത്തിയത്.
ചില ബിജെപി നേതാക്കൾക്കും ആശങ്ക
തങ്ങൾ പല ആരോപണങ്ങൾ ഉന്നയിച്ചിരുന്ന എൻസിപിയെ കൂടെ കൂട്ടിയതിൽ വോട്ടർമാർ അസന്തുഷ്ടരെന്ന തോന്നലും ചില ബിജെപി നേതാക്കൾക്കുണ്ട്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയമാണ് മുഖ്യം. പവാർ, ഷിൻഡെ ക്യാമ്പുകൾക്ക് 13 മന്ത്രിസ്ഥാനങ്ങൾ വീതം കിട്ടാനാണ് സാധ്യത. ബിജെപി 16 സ്ഥാനങ്ങൾ നിലനിർത്തും. ഷിൻഡെ ക്യാമ്പ് പ്രതിഷേധിച്ചേക്കാമെങ്കിലും, അജിത് പവാർ വിഭാഗം വന്നതോടെ, അവരുടെ വിലപേശൽ ശേഷി കുറഞ്ഞുവെന്നും, ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടി വരുമെന്നും ചില ബിജെപി നേതാക്കൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ