മുംബൈ: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുംബൈയിൽ അടുത്ത സമ്മേളനത്തിനായി ഒരുങ്ങുന്നതിനിടെ, മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ അടിക്കടി തന്റെ അനന്തരവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിൽ സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ പക്ഷം കടുത്ത അതൃപ്തിയിലാണ്.

തനിക്ക് ബിജെപിയുമായി കൂട്ടുകൂടാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ശരദ് പവാർ ആണയിടുന്നുണ്ടെങ്കിലും, ഉദ്ധവ് താക്കറെയ്ക്ക് അത്ര വിശ്വാസം പോരാ. അതിനിടെ, എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട്, ശരദ് പവാറിനെ തങ്ങൾക്കൊപ്പം കൂട്ടാനായി കേന്ദ്രമന്ത്രി പദവിയും നിതി ആയോഗ് അധ്യക്ഷ സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്‌തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ ആരോപിച്ചു. കേന്ദ്ര കൃഷിമന്ത്രി പദവിയാണ് ശരദ് പവാറിന് വാഗ്ദാനം ചെയ്തത്. എൻ.സി.പിയെ പിളർത്തി ബിജെപിക്കൊപ്പം ചേർന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ശനിയാഴ്ച പുണെയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത് ഇതേക്കുറിച്ചാണെന്നും ചവാൻ പറഞ്ഞു.

കാബിനറ്റ് പദവിയോടെ നിതി ആയോഗ് അധ്യക്ഷ സ്ഥാനവും പവാറിന് വാഗ്ദാനം ചെയ്യപ്പെട്ടെന്ന് മുൻ കേന്ദ്ര മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കൂടിയായ പൃഥ്വിരാജ് ചവാൻ പറഞ്ഞു. എൻ.സി.പി നേതാവ് ജയന്ത് പാട്ടീലും ശനിയാഴ്ചത്തെ കൂടിക്കാഴ്ചയിലുണ്ടായിരുന്നു. അജിത് പവാർ മുന്നോട്ടുവെച്ച വാഗ്ദാനം ശരദ് പവാർ തള്ളിക്കളഞ്ഞുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ചവാൻ പറഞ്ഞു. ശരദ് പവാറിനൊപ്പമുള്ള നേതാക്കളായ ജയന്ത് പാട്ടീൽ, സുപ്രിയ സുലേ എന്നിവർക്കും വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തന്റെ രാഷ്ട്രീയ നിലപാട് ശരദ് പവാർ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്കൊപ്പം ചേരാൻ ചില 'അഭ്യുദയകാംക്ഷികൾ' തന്നെ നിർബന്ധിക്കുന്നുണ്ടെന്നും എന്നാൽ അതൊരിക്കലും സംഭവിക്കില്ലെന്നുമാണ് പവാർ പറഞ്ഞത്. ബിജെപിയുമായുള്ള ഒരുതരത്തിലുള്ള കൂട്ടുകെട്ടും എൻ.സി.പിയുടെ രാഷ്ട്രീയാദർശത്തിന് ചേർന്നതല്ല. 'അജിത് പവാർ എന്റെ അനന്തരവനാണ്. ഞാൻ അനന്തരവനെ കാണുന്നതിൽ എന്താണ് കുഴപ്പം. കുടുംബത്തിലെ ഒരു മുതിർന്നയാൾക്ക് മറ്റൊരംഗത്തെ കാണണമെന്ന് തോന്നി. അത്രമാത്രമേയുള്ളൂ' -ശനിയാഴ്ചത്തെ കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾ എൻ.സി.പി-ശിവസേന-കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സഖ്യത്തെ തന്നെ ഭരണചുമതലയേൽപ്പിക്കുമെന്നും ശരദ് പവാർ പറഞ്ഞു.

എന്നാൽ,ശരദ് പവാർ അനന്തരവനെ അടിക്കടി കാണുന്നത് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് തീരെ രസിച്ചിട്ടില്ല. അവരത് പരസ്യമാക്കുകയും ചെയ്തു. ' ശരദ് പവാർ പറയുന്നത് അജിത് പവാർ തന്റെ അനന്തരവനാണ് അതുകൊണ്ട് അദ്ദേഹത്തെ കാണുന്നതിൽ തെറ്റില്ല എന്നാണ്. അങ്ങനെയാണെങ്കിൽ, ഇുവരുടെയും അനുയായികൾ തെരുവിൽ ഏറ്റുമുട്ടുന്നത് എന്തിനാണ്? നമ്മുടെ പ്രവർത്തകർ പരസ്പരം തമ്മിലടിക്കുമ്പോൾ, എതിർകക്ഷി നേതാക്കളുമായി ഒന്നിച്ചിരിക്കുകയാണ്' ശിവസേന നേതാവ് സഞ്ജയ് റൗത്ത് തുറന്നടിച്ചു.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഭീഷ്മ പിതാമഹനായ ശരദ് പവാർ ആളുകളുടെ മനസ്സിൽ സംശയം ഉണ്ടാകുന്ന രീതിയിൽ ഒന്നും ചെയ്യരുതെന്നും റൗത്ത് പറഞ്ഞു. അജിത്തിനെ സീനിയർ പവാറിനെ കാണാൻ അയയ്ക്കുക വഴി ബിജെപിയുടെ ചാണക്യൻ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, അത്തരം കൂടിക്കാഴ്ചകൾ ശരദ് പവാറിന്റെ പ്രതിച്ഛായയ്ക്ക് നല്ലതല്ലെന്നും ശിവസേന മുഖപത്രമായ സാംമ്‌ന എഴുതി. ശരദ് പവാർ മറുകണ്ടം ചാടിയാൽ, മഹാവികാസ് അഗാഡി സഖ്യം അതോടെ തകരും. ഇതാണ് ഉദ്ധവ് താക്കറെയുടെ ചങ്കിടിപ്പ് കൂട്ടുന്നത്.