ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബിജെപിക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണി ഉയർത്തി തുടങ്ങിയോ? ദേശീയ തലത്തിൽ നടക്കുന്ന ചർച്ചകൾ പരിശോധിച്ചാൽ ഈ സംശയം പ്രകടിപ്പിച്ചാലും അതിൽ അതിശമില്ലെന്നതാണ് അവസ്ഥ. അതിന് കാരണം, ബിജെപി രാഹുൽ ഗാന്ധിയുടെ ഷർട്ടിന്റെ വിലയിൽ പിടിയിച്ചാണ് വിമർശനം ഉന്നയിച്ചു തുടങ്ങിയിട്ടുള്ളത്. മറുവശത്ത് കോൺഗ്രസുകാർ മോദിയുടെ കോട്ടിന്റെ വിലയെ കുറിച്ചും അഭിപ്രായം രേഖപ്പെടുത്തി തിരിച്ചടിച്ചു.

ഇതിനിടെ ബിജെപിക്ക് മുന്നറിയിപ്പുമായി തൃണമൂൽ കോൺഗ്രസ് എം പി മഹുവ മോയിത്രയും രംഗത്തുവന്നു. ബിജെപിയോട് അതിരുലംഘിക്കരുതെന്നും പ്രതിപക്ഷാംഗങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്നും മഹുവ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിച്ച ടി-ഷർട്ടിന്റെ വിലയെച്ചൊല്ലി ബിജെപി-കോൺഗ്രസ് പോര് മുറുകുന്നതിനിടയിലാണ് മഹുവയുടെ പരാമർശം.

'അതിരുകടക്കരുതെന്നും പ്രതിപക്ഷാംഗളുടെ വസ്ത്രങ്ങളെക്കുറിച്ചും മറ്റ് വസ്തുക്കളെക്കുറിച്ചും അഭിപ്രായം പറയുതെന്നും ബിജെപി.യെ ഉപദേശിക്കുന്നു. ബിജെപി എംപിമാരുടെ വാച്ചുകൾ, പേനകൾ, ഷൂസുകൾ, മോതിരങ്ങൾ, വസ്ത്രങ്ങൾ എന്നിവയെ കുറച്ച് ഞങ്ങളും പറയാൻ തുടങ്ങിയാൽ ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഓർക്കുക' -മഹുവ മൊയിത്ര ട്വീറ്റ് ചെയ്തു.

ഭാരത് ജോഡോ യാത്രയ്ക്കായി രാഹുൽ ഗാന്ധി ധരിച്ച ടി-ഷർട്ടിന്റെ വില 41,000 ആണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. 'ഭാരത് ദേഖോ' എന്ന ക്യാപ്ഷനോടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് രാഹുൽ ടിഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്.

പിന്നാലെ ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ ബിജെപി ഭയപ്പെടുന്നുണ്ടെന്ന് പറഞ്ഞ കോൺഗ്രസ്, വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാമെന്നും ട്വീറ്റ് ചെയ്തു. നേരത്തെ മഹുവ മൊയിത്ര ഉപയോഗിക്കുന്ന ബാഗ് വിലകൂടിയതാണെന്ന് ബിജെപി ആരോപിച്ചിരുന്നു.