- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കിയ ആദ്യ വ്യക്തിയെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയതിൽ അഭിമാനിക്കുന്നു; ആദ്യം പുറത്താക്കൽ, അതു കഴിഞ്ഞ് കങ്കാരു കോടതി; എത്തിക്സ് കമ്മിറ്റിക്കെതിരെ മഹുവ മൊയ്ത്ര
കൊൽക്കത്ത: ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം പി മഹുവ മോയിത്ര. ലോക്സഭാ എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കുന്ന ആദ്യത്തെ വ്യക്തി എന്ന നിലയിൽ പാർലമെന്റിന്റെ ചരിത്രത്തിൽ ഇടം നേടുന്നതിൽ അഭിമാനമുണ്ടെന്ന് അവർ പ്രതികരിച്ചു. എത്തിക്‌സ് കമ്മിറ്റി ഇല്ലാത്ത അധികാരം ഉപയോഗിക്കയാണെന്ന് അവർ കുറ്റപ്പെടുത്തി.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാർശ ചെയ്തതിനു പിന്നാലെയാണ് അവരുടെ എക്‌സ് പോസ്റ്റ്. 'എത്തിക്‌സ് കമ്മിറ്റി അധാർമികമായി പുറത്താക്കിയ പാർലമെന്റിലെ ആദ്യ വ്യക്തി എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയതിൽ അഭിമാനക്കുന്നു. ആദ്യം പുറത്താക്കൽ. പിന്നീട് തെളിവുകൾ കണ്ടെത്താൻ സിബിഐയോട് ആവശ്യപ്പെടൽ. അതു കഴിഞ്ഞ് കങ്കാരു കോടതി. തുടക്കം മുതൽ അവസാനം വരെ കുരങ്ങു ബിസിനസ്.''-എന്നാണ് മഹുവ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.
''നല്ലൊരു പ്രതിസന്ധി ഒരിക്കലും പാഴാക്കരുത് എന്നാണ് അവർ പറയുന്നത്. ഇത് അടുത്ത തെരഞ്ഞെടുപ്പിൽ എന്റെ വിജയവോട്ടുകൾ ഇരട്ടിയാക്കാൻ സഹായിച്ചു.''-എന്ന് മഹുവ തുടർന്നും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാർശ ചെയ്തത്. മഹുവക്കെതിരായ റിപ്പോർട്ട് നാലിനെതിരെ ആറ് വോട്ടുകൾക്കാണ് എത്തിക്‌സ് കമ്മിറ്റി പാസാക്കിയത്. റിപ്പോർട്ട് ലോക്‌സഭ സ്പീക്കർ ഓം ബിർലക്ക് കൈമാറും. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നടപടിയെടുക്കുമെന്നാണ് സൂചന. ചോദ്യക്കോഴ വിവാദത്തിൽ നവംബർ ഒന്നിന് മഹുവ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു.
ബിജെപി എംപി വിനോദ് കുമാർ സോങ്കർ ചെയർമാനായ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ദർശൻ ഹീരാനന്ദാനി എന് വ്യവസായിക്ക് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ തന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും കൈമാറിയെന്നും പകരമായി സമ്മാനങ്ങൾ കൈപ്പറ്റിയെന്നുമാണ് മഹുവയ്‌ക്കെതിരായ ആരോപണം.
പ്രധാനമന്ത്രിക്കും അദാനി ഗ്രൂപ്പിനും എതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. ദർശനും ഇക്കാര്യം സമ്മതിച്ചിരുന്നു. ലോഗിൻ വിവരങ്ങൾ ദർശന് കൈമാറിയത് സമ്മതിച്ച മഹുവ കോടികൾ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും ചില സമ്മാനങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും മറുപടി നൽകുകയുണ്ടായി. ദർശൻ ദുബൈയിൽ നിന്നാണ് മഹുവയുടെ ലോഗിൻ ഐ.ഡി ഒന്നിലേറെ തവണ ഉപയോഗിച്ചത്.
അതേസമയം, ലോഗിൻ വിവരങ്ങൾ പങ്കുവെക്കാൻ യാതൊരു നിയന്ത്രണവുമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്‌സ് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അങ്ങനെ നിയമമുണ്ടെങ്കിൽ എംപിമാരുമായി ഇക്കാര്യം പങ്കുവെക്കണമെന്നും കത്തിൽ അവർ ആവശ്യപ്പെട്ടിരുന്നു. മഹുവ മൊയ്ത്രയിലൂടെ രാജ്യസുരക്ഷാ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് നൽകി. പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകൾ എംപിമാർക്ക് മുൻകൂറായി നൽകിയിരുന്നു.
ഇതിലെ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ജമ്മു കശ്മീർ മണ്ഡല പുനർ നിർണയ ബില്ലടക്കം നൽകിയിരുന്നു. ഇക്കാലയളവിലാണ് ലോഗിൻ വിവരങ്ങൾ മഹുവ ഹിരാ നന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതൽ 2023 ഏപ്രിലിൽ വരെ 47 തവണ യു എ ഇയിൽ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ചോദ്യങ്ങളിൽ 50 ചോദ്യങ്ങളും ഹിരാ നന്ദാനിക്ക് വേണ്ടിയാണെന്നും എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.