- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി കയ്യൊഴിഞ്ഞെന്ന വിമർശനത്തിനിടെ പ്രതികരിച്ചു തൃണമൂൽ കോൺഗ്രസ്; കോഴവിവാദത്തിൽ പാർട്ടിക്ക് വിശദീകരണം നൽകി മഹുവ; അന്വേഷണത്തിന് ശേഷം തീരുമാനമെന്ന് ഡെറിക് ഒബ്രിയൻ; എന്തെങ്കിലും ഒളിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ബിജെപിയും
ന്യൂഡൽഹി: മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണങ്ങളിൽ പാർലമെന്ററി അന്വേഷണം പൂർത്തിയായതിന് ശേഷമേ ഉചിതമായ തീരുമാനമെടുക്കുവെന്ന് ടിഎംസി നേതാവ് ഡെറിക് ഒബ്രിയൻ. മഹുവ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ കടന്നാക്രമണത്തിന് ഇടയിലാണ് ഒബ്രിയന്റെ വിശദീകരണം. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹരിനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നാണ് മൊയ്ത്രയ്‌ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം.
തൃണമൂൽ എംപിയായ മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തിൽ ആദ്യമായാണ് ഒരു തൃണമൂൽ കോൺഗ്രസ് നേതാവ് പ്രതികരിക്കുന്നത്. പാർലമെന്റ് സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷം പാർട്ടി വേണ്ട തീരുമാനമെടുക്കുമെന്നും ഡെറിക് ഒബ്രിയാൻ പറഞ്ഞു. ഇക്കാര്യത്തിൽ മഹുവയോട് നിലപാട് വിശദീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. മഹുവ അത് വിശദീകരിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇതിനിടെ, മഹുവ മൊയിത്രയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തെത്തി. മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോഗിച്ചതിന് തെളിവുകിട്ടിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടു. വിവാദത്തിൽ തൃണമൂൽ കോൺഗ്രസിന് ഒരു വാക്ക് പോലും പറയാനില്ലെന്നും, ബന്ധപ്പെട്ടവർ മറുപടി പറയുമെന്നും നേരത്തെ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് അറിയിച്ചു. മഹുവ മൊയിത്രയുടെ പാർലമെന്റ് അക്കൗണ്ട് ഉപയോഗിച്ച് താൻ ചോദ്യങ്ങൾ അപ്ലോഡ് ചെയ്‌തെന്ന് നേരത്തെ വ്യവസായി ദർശൻ ഹിരാനന്ദാനി ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.
ഹിരാനന്ദാനി ദുബായിലാണ് താമസിക്കുന്നത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ ദുബായിൽ അക്കൗണ്ട് തുറന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോമാറ്റികസ് സെന്റർ, എൻഐസി കണ്ടെത്തിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. അന്വേഷണ ഏജൻസികൾ എൻഐസിയിൽ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ദർശൻ ഹീരനന്ദാനിയിൽ നിന്ന് മഹുവ കൈപ്പറ്റിയെന്നും ദുബെ ലോക്പാലിന് നല്തിയ പരാതിയിൽ ആരോപിച്ചു.
എത്തിക്‌സ് കമ്മിറ്റിക്കും സിബിഐക്കും പുറമെയാണ് പരാതി ലോക്പാലിന് മുമ്പാകെയും എത്തുന്നത്. അതേസമയം വിവാദം കത്തുമ്പോൾ മഹുവ മൊയിത്രയെ പൂർണമായും കൈയൊഴിയുകയാണ് തൃണമൂൽ കോൺഗ്രസ്. എല്ലാം വ്യക്തമാകട്ടെ എന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്. ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എംപി. മഹുവ മൊയ്ത്രയെ പാർട്ടി കൈയൊഴിഞ്ഞുവെന്ന് ബിജെപി വക്താവ് അമിത് മാളവ്യയും പറഞ്ഞിരുന്നു. തൃണമൂലിന്റെ നിശ്ശബ്ദത സൂചിപ്പിക്കുന്നത് ആരോപണങ്ങൾ അംഗീകരിക്കുന്നുവെന്നാണോ അതോ പാർട്ടി എന്തെങ്കിലും ഒളിക്കുകയാണോ എന്നാണ് ബിജെപിയുടെ ആരോപണം.
എന്നാൽ മഹുവക്കെതിരെ നടപടിയെടുക്കാൻ തൃണമൂൽ കോൺഗ്രസിന് ഭയമാണോ എന്നാണ് ബിജെപി ചോദിക്കുന്നത്. മഹുവയെ മമത ബാനർജി കൈയൊഴിഞ്ഞതിൽ അതിശയിക്കാനൊന്നും ഇല്ല. അഭിഷേക് ബാനർജി ഒഴികെയുള്ള തൃണമൂൽ കോൺഗ്രസിന്റെ പല നേതാക്കളും അഴിമതിക്കേസിലും ക്രിമിനൽ കേസിലും ഉൾപ്പെട്ടപ്പോൾ മമത ബാനർജി മൗനം തുടരുകയായിരുന്നുവെന്നും അമിത് മാളവ്യ ആരോപിച്ചു.
മഹുവ പ്രതിക്കൂട്ടിലായ വിവാദത്തിൽ ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടുന്ന പാർട്ടിയുടെ ഉന്നതനേതൃത്വം തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് വിവരം. നേതൃത്വത്തോടോ സഹ എംപി.മാരോടോ കാര്യമായ ബന്ധമില്ലാത്ത മഹുവയെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന വികാരം പാർട്ടിക്കുള്ളിലുണ്ട്. പാർട്ടിനേതാവ് മമതയുമായും മഹുവ സ്വരച്ചേർച്ചയിലല്ലെന്നാണ് റിപ്പോർട്ട്. മഹുവ വിഷയത്തിൽ അഴിമതിയുണ്ടോയെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയില്ല. അതിനാൽ പ്രശ്‌നം മഹുവതന്നെ കൈകാര്യം ചെയ്യട്ടെയെന്ന അഭിപ്രായമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക്.
ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതുകയും സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയിൽ നിന്ന് മഹുവയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തനിക്ക് വേണ്ടി നേരിട്ട് ചോദ്യങ്ങൾ തയ്യാറാക്കാൻ മഹുവ തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്വേഡും നൽകിയെന്ന് സമ്മതിച്ച് വ്യവസായി ദർശൻ ഹിരാനന്ദാനി സമർപ്പിച്ച സത്യവാങ്മൂലം പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റിയുടെ മുന്നിലാണ്. ലോഗിൻ ഐഡിയും പാസ്വേഡും പങ്കിട്ടെന്ന ആരോപണത്തിന് പിന്നാലെ, എല്ലാ എംപിമാരുടെയും വിശദാംശങ്ങൾ പുറത്തുവിടാൻ മഹുവ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് (എൻഐസി) അഭ്യർത്ഥിച്ചു.
എംപിമാരുടെ എല്ലാ വിശദാംശങ്ങളും പരസ്യമായി പുറത്തുവിടാൻ എൻഐസിയോട് അഭ്യർത്ഥിക്കുകയാണ്. മെയിലുകൾ തുറന്ന സാഹചര്യങ്ങളിൽ എംപിമാർ അവിടെ ഹാജരാണോ എന്ന് പരിശോധിക്കുക. ചോർച്ചയ്ക്കായി വ്യാജ ഡിഗ്രിക്കാരെ ഉപയോിക്കരുത്. എല്ലാം പരസ്യമാക്കൂവെന്നും അവർ ശനിയാഴ്ച എക്സിൽ (ട്വിറ്ററിൽ) എഴുതി. ഈ വർഷം മാർച്ചിൽ, നിഷികാന്ത് ദുബെയുടെ എംബിഎ, പിഎച്ച്ഡി ബിരുദങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ലോക്സഭാ അംഗത്വം അവസാനിപ്പിക്കണമെന്ന് മഹുവ ആവശ്യപ്പെട്ടിരുന്നു. എത്തിക്സ് കമ്മിറ്റി ചെയർമാൻ മാധ്യമങ്ങളോട് തുറന്ന് സംസാരിച്ചതിനെയും മഹുവ വിമർശിച്ചു. ഹിരാനന്ദാനിയുടെ സത്യവാങ്മൂലം എങ്ങനെ ചോർന്നുവെന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.