ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര കൂടുതൽ കുഴപ്പത്തിൽ. മഹുവ മൊയ്ത്രക്കെതിരെ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് ഐടി മന്ത്രാലയം റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് മഹുവയുടെ പ്രതിരോധങ്ങൾ പൊളിയുന്നത്. മഹുവയുടെ പാർലമെന്റ് ഇമെയിൽ ദുബായിൽ നിന്ന് 49 തവണ ഉപയോഗിച്ചു എന്നാണ് ഐ ടി മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വ്യവസായി ദർശൻ ഹിര നന്ദാനിയുടെ സഹായിയാണ് കൈകാര്യം ,ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്.

ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തികസ് കമ്മിററിക്ക് മുന്നിൽ നാളെ ഹാജരാകാൻ മഹുവയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ പരാതിക്കാരെ വിസ്തരിക്കാൻ അനുമതി നൽകണമെന്ന് മഹുവ ആവശ്യപ്പെട്ടു. ചോദ്യത്തിന് കോഴ ആരോപണ വിവാദത്തിൽ വ്യവസായ ഗ്രൂപ്പായ ഹിരാനന്ദാനിക്ക് പാർലമെന്റ് മെയിൽ വിവരങ്ങൾ കൈമാറിയിരുന്നുവെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചിട്ടുണ്ട്. ചില ചോദ്യങ്ങൾ തയ്യാറാക്കുന്നതിന ് വേണ്ടിയാണ് വിവരങ്ങൾ കൈമാറിയത്.

ആ ചോദ്യങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെടണമെങ്കിൽ ബന്ധപ്പെട്ട ഒടിപി നമ്പറിന് താൻ അംഗീകാരം നൽകണം. ഹിരാഗ്രൂപ്പ് നൽകിയ വിവരങ്ങൾ അതേ പടി കൈമാറിയിട്ടില്ലെന്നും മഹുവ ന്യായീകരിച്ചു. ഒരു രൂപ പോലും ഗ്രൂപ്പിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്ന് വിശദീകരിച്ച മഹുവ ലിപ് സ്റ്റിക്കുകൾ, മെയ്ക്കപ്പ് സാധനങ്ങൾ എന്നിവ സമ്മാനങ്ങളായി ഹിരാനന്ദാനി സിഇഒ ദർശൻ നന്ദാനി തനിക്ക് നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്തി.

അതേസമയം ഇമെയ്ൽ വിവരങ്ങൾ കൈമാറരുതെന്ന് പാർലമെന്റ് ചട്ടങ്ങളിൽ എവിടെയും പറയുന്നില്ല. ഈ പഴുത് മഹുവയക്ക് ആശ്വാസമാകും. ഒരു എംപിയും ചോദ്യങ്ങൾ സ്വയം തയ്യാറാക്കുന്നില്ലെന്നുമാണ് മഹുവയുടെ പ്രതിരോധം. എന്നാൽ വ്യവസായ ഗ്രൂപ്പിനെ സഹായിക്കും വിധം നിർണ്ണായക വിവരങ്ങൾ കൈമാറിയ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത്താര്യത്തിൽ തനിക്കെതിരെ ഇരട്ടത്താപ്പാണ് എന്നും മഹുവ ആരോപിക്കുന്നുണ്ട്. തന്റെ കാര്യത്തിലും ബിജെപി എംപി രമേശ് ബിധുഡിയുടെ കാര്യത്തിലും എത്തിക്സ് കമ്മിറ്റി സ്വീകരിച്ചത് ഇരട്ട നിലപാടാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.

മഹുവ മൊയ്ത്രക്കെതിരായ ആരോപണം പരിശോധിക്കാൻ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി നേരത്തെ യോഗം ചേർന്നിരുന്നു. പരാതി ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി എന്നിവർ അന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. എല്ലാ കാര്യങ്ങളും എത്തിക്‌സ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ആരോപണം. അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായിയെ ഉദ്ധരിച്ചാണ് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർലക്ക് പരാതി നൽകിയത്.

ദർശനിൽ നിന്ന് ഒരു സ്‌കാർഫും ലിപ്സ്റ്റിക്ക് ഉൾപ്പെടെയുള്ള മേക്കപ്പ് വസ്തുക്കളും മാത്രമാണ് ലഭിച്ചതെന്നാണ് മഹുവ പറയുന്നത്. ദർശൻ ദുബായിൽ നിന്ന് വരുമ്പോൾ മേക്കപ്പ് സെറ്റ് കൊണ്ടുവന്നിരുന്നു. മുംബയ് യാത്രകളിൽ അദ്ദേഹത്തിന്റെ വാഹനം ഉപയോഗിച്ചു. എംപിയെന്ന നിലയിൽ ലഭിച്ച ബംഗ്ലാവ് നവീകരിക്കാൻ സഹായം തേടിയതിനെ തുടർന്ന് വാസ്തുവിദ്യാ പ്ലാനുകൾ ദർശൻ നൽകിയിരുന്നു. എന്നാൽ പണി നടത്തിയത് കേന്ദ്ര സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പാണ്. ദർശനെ ഭീഷണിപ്പെടുത്തിയാണ് സത്യവാങ്മൂലം വാങ്ങിയത്. അദാനിയെക്കുറിച്ച് മറ്റൊരാൾ വഴി വിവരം ശേഖരിക്കേണ്ട ആവശ്യം വൻ വ്യവസായിയ അദ്ദേഹത്തിനില്ല. മുൻ പങ്കാളി ജയ് ആനന്ദ് ദേഹാദ്രായിയുമായി വളർത്തു നായയുടെ പേരിലുള്ള കലഹമാണുള്ളത്.

അതിൽ എത്തിക്സ് കമ്മിറ്റി ഇടപെടേണ്ടതില്ല. തന്റെ ഫോട്ടോകൾ ദേഹാദ്രായി ബിജെപി നേതാക്കൾക്ക് നൽകി ദുരുപയോഗം ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.വിദേശത്ത് ബാങ്കിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്ത് ആഡംബര ജീവിതം നയിച്ചിരുന്നു. വിലപിടിപ്പുള്ള 35 ജോഡി ഷൂസുകളുണ്ട്. എന്നാൽ എംപിയെന്ന നിലയിൽ ബാറ്റയുടെ ഹവായി ചെരുപ്പാണ് ധരിക്കുന്നത്. ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രി മമതാ ബാനർജി അകറ്റിയെന്ന ആരോപണവും അവർ തള്ളി. അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ചോദ്യങ്ങൾ ചോദിക്കാൻ പാർലമെന്റ് ലോഗിൻ ഐ.ഡി വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്നായിരുന്നു ആരോപണം. തെളിയിക്കേണ്ടത്പരാതിക്കാരൻ ദർശൻ മറ്റെന്തെങ്കിലും നൽകിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് ഹാജരാക്കട്ടെ.

വജ്രാഭരണങ്ങൾ തന്നിട്ടുണ്ടെങ്കിൽ ഫോട്ടോയുൾപ്പെടെയുള്ള തെളിവ് കാണിക്കാം. ആരോപണങ്ങൾ തെളിയിക്കാനുള്ള ബാദ്ധ്യത പരാതിക്കാരനാണ്. രണ്ടു കോടി രൂപ ലഭിച്ചെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം പരാമർശിക്കവെ, അക്കാര്യം ദർശൻ പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നും മഹുവ ചൂണ്ടിക്കാട്ടി.