ശ്രീനഗർ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തനിക്കെതിരെ മത്സരിക്കുന്ന ശശി തരൂർ ശത്രുവല്ലെന്ന് മല്ലികാർജുൻ ഖാർഗെ. പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് തരൂരുമായി മത്സരിക്കുന്നത് രാജ്യത്തിന്റേയും പാർട്ടിയുടേയും വളർച്ചയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ വേണ്ടിയാണെന്നും ഖാർഗെ വ്യക്തമാക്കി. ശ്രീനഗറിൽ വെച്ച് പാർട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തന്നെ നേതാക്കൾ സ്വമേധയാ പിന്തുണയ്ക്കുന്നു. വലിയൊരു വിഭാഗം നേതാക്കൾ ഒപ്പമുള്ളതിനു താനെന്ത് ചെയ്യാനാണ്?. നല്ല അവസരങ്ങൾ സോണിയ ഗാന്ധി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പദവികളിൽ ഉള്ളവർ പ്രചാരണം നടത്തുന്നതിനോടു ഖർഗെ പ്രതികരിച്ചില്ല.

'ഇതൊരു ആഭ്യന്തര തിരഞ്ഞെടുപ്പാണ്. ഒരു വീട്ടിലെ രണ്ടു സഹോദരങ്ങളെ പോലെയാണ്. അവർ പരസ്പരം തമ്മിലടിക്കില്ല. എന്നാൽ അവരുടെ കാഴ്ചപ്പാട് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഞാൻ എന്തു ചെയ്യുന്നുവെന്നതല്ല ചോദ്യം. ഞങ്ങൾ ഒരുമിച്ചു രാജ്യത്തിനും പാർട്ടിക്കും വേണ്ടി എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനം. ഞാൻ ഇതു ചെയ്തു, അത് ചെയ്തു. അല്ലെങ്കിൽ മറ്റൊരാൾ അങ്ങനെ ചെയ്തു എന്ന സംസാരമൊന്നും വേണ്ട. നിങ്ങളും (പാർട്ടി പ്രവർത്തകർ) ഞാനും ഒരുമിച്ചു പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം, രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും എങ്ങനെ സംരക്ഷിക്കാം എന്നതാണ് ചോദ്യം. രാജ്യത്തെ നിലവിലെ സാഹചര്യം വളരെ മോശമാണ്. സമാധാനവും ഒത്തൊരുമയും കൊണ്ട് നാം രാജ്യത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. അതിനാണ് ജോഡോ യാത്ര നടത്തുന്നത്' ഖർഗെ പറഞ്ഞു.

അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കുന്നത് ശശി തരൂരായാലും മല്ലികാർജുൻ ഖാർഗെയായാലും കോൺഗ്രസ് കുടുംബത്തിന്റെ 'റിമോട്ട് കൺട്രോളിൽ' ആയിരിക്കില്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരുവരും ഔന്നത്യവും അറിവുമുള്ള നേതാക്കളാണ്. അധ്യക്ഷസ്ഥാനത്തേക്ക് വിജയിക്കുന്നയാൾ ഗാന്ധികുടുംബത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് പറയുന്നത് അവരെ അപമാനിക്കുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.