കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റിലെങ്കിലും വിജയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് മമത ബാനർജി. എൻ ഡി എ 400-ലേറെ സീറ്റുകളിൽ വിജയിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ മമത പരിഹസിച്ചു. തിരഞ്ഞെടുപ്പ് റാലിയിലാണ് മമത ഇക്കാര്യം പറഞ്ഞത്.

2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 200-ലേറെ സീറ്റുകൾ നേടുമെന്നാണ് ബിജെപി. അവകാശപ്പെട്ടത്. എന്നാൽ 77-നപ്പുറം പോകാൻ അവർക്ക് കഴിഞ്ഞില്ല.' -മമത പറഞ്ഞു.

ബംഗാളിൽ പൗരത്വഭേദഗതി നിയമം (സി.എ.എ) നടപ്പാക്കില്ലെന്നും മമത ആവർത്തിച്ചു. സി.എ.എയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനെതിരെ അവർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അപേക്ഷ നൽകുന്നതിലൂടെ അപേക്ഷകർ വിദേശികളായി മാറുമെന്ന് മമത പറഞ്ഞു. 'ഇന്ത്യൻ പൗരന്മാരെ വിദേശികളാക്കി മാറ്റാനുള്ള കെണിയാണ് സി.എ.എ. ബംഗാളിൽ സി.എ.എയും എൻ.ആർ.സിയും നമ്മൾ അനുവദിക്കില്ല.' -മമത ബാനർജി പറഞ്ഞു.

ബംഗാളിൽ ഇന്ത്യ സഖ്യം എന്നൊന്നില്ലെന്നും സിപിഎമ്മും കോൺഗ്രസും ഇവിടെ ബിജെപിക്കായാണ് പ്രവർത്തിക്കുന്നതെന്നും മമത പറഞ്ഞു.