- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂരിൽ സമാധാനത്തിന്റെ കാഹളം മുഴക്കി യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ആയുധം വച്ചുകീഴടങ്ങി; യുഎൻഎൽഎഫ് കേന്ദ്ര സർക്കാരുമായി സമാധാന കരാറിൽ ഒപ്പു വച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി: മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന നിരോധിത സായുധ ഗ്രൂപ്പ് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്( UNLF) കേന്ദ്രസർക്കാരുമായി സമാധാന കരാറിൽ ഒപ്പുവച്ചു. ഈ ഗ്രൂപ്പ് വൈകാതെ മുഖ്യധാരയിലേക്ക് വരും.
സമാധാന കരാറിൽ ഒപ്പുവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എക്‌സിൽ അറിയിച്ചത്. സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം യുഎൻഎൽഎഫ് പ്രവർത്തകർ ആയുധങ്ങൾ വെച്ച് കീഴടങ്ങുന്നതിന്റെ വീഡിയോയും അദ്ദേഹം എക്‌സിൽ പങ്കുവച്ചു. മെയ് 3 ന് സംസ്ഥാനത്ത് ആരംഭിച്ച വംശീയ കലാപത്തിന് ശേഷം ഇതാദ്യമായാണ് താഴ്‌വരയിലെ ഒരു നിരോധിത സംഘടന സർക്കാരുമായി സമാധാന ചർച്ചകളിൽ ഏർപ്പെടുന്നത്.
ഇത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് അമിത് ഷാ വിശേഷിപ്പിച്ചു. വടക്കു-കിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ തീവ്രശ്രമങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലേക്ക് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിനെ സ്വാഗതം ചെയ്യുന്നതായും, സമാധാനത്തിന്റെയും, പുരോഗതിയുടെയും പാതയിലെ യാത്രയ്ക്ക് ആശംസകൾ നേരുന്നതായും ഷാ കുറിച്ചു
മണിപ്പൂർ മുഖ്യമന്ത്രി എൻ.ബീരേൻ സിങ് സമാധാന കരാറിനെ സ്വാഗതം ചെയ്തു. മണിപ്പൂരിൽ താഴ് വര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പ് മുഖ്യധാരയിലേക്ക് മടങ്ങുന്നതും, ഭരണഘടനയെയും നാട്ടിലെ നിയമങ്ങളെയും മാനിക്കാൻ സമ്മതിക്കുന്നത് ഇതാദ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമാധാര കരാറിൽ ഒപ്പു വച്ചതോടെ, യുഎൻഎൽഎഫും സുരക്ഷാസേനയും തമ്മിൽ അരനൂറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷത്തിന് അറുതി വരികയാണ്. സംഘർഷത്തിൽ ഇരുപക്ഷത്തും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. യുഎൻഎൽഎഫ് മുഖ്യധാരയിലേക്ക് മടങ്ങുന്നതോടെ, മറ്റു സായുധ ഗ്രൂപ്പുകളും വരുംകാലത്ത് സമാധാനപ്രക്രിയയുടെ ഭാഗമാകുന്നതിന് പ്രോത്സാഹനമാകും എന്നും ആഭ്യന്ത്ര മന്ത്രാലയം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസമാദ്യം നിരധിച്ച നിരവധി മെയ്ത്തി തീവ്രവാദ സംഘടനകളിൽ പെട്ടതാണ് യുഎൻഎൽഎഫും അതിൻെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമിയും. സംസ്ഥാനത്തെ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്ന നിരോധനം. പീപ്പിൾസ് ലിബറേഷൻ ആർമി (PLA)അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് (RPF), യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (UNLF), അതിന്റെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമി (MPA), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക് (PREPAK), അതിന്റെ സായുധ വിഭാഗമായ 'റെഡ് ആർമി', കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി) അതിന്റെ സായുധ വിഭാഗമായ 'റെഡ് ആർമി', കംഗ്ലേയ് യോൾ കൻബ ലുപ് (കെവൈകെഎൽ), കോർഡിനേഷൻ കമ്മിറ്റി (കോർകോം), അലയൻസ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്ക് (ASUK) അവരുടെ മുന്നണി സംഘടനകൾ എന്നിവയെയാണ് നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് (യുഎപിഎ) കീഴിലാണ് ഇവയെ നിരോധിച്ചിരുന്നത്.
ഇംഫാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുമായി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്നും, വൈകാതെ സമാധാന കരാർ ഒപ്പിടുമെന്നും ബിരേൻ സിങ് നേരത്തെ സൂചിപ്പിച്ചിരുന്നു. മെയ് ആദ്യം മുതൽ പട്ടിക ഗ്രോത്ര വർഗ പദവി ലക്ഷ്യമിട്ട് മെയ്ത്തി സമുദായം നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 180 ലേറെ പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. മണിപ്പൂരിലെ ജനസംഖ്യയിൽ 53 ശതമാനത്തോളം വരുന്ന മെയ്ത്തികൾ കൂടുതലും ഇംഫാൽ താഴ് വരയിലാണ് ജീവിക്കുന്നത്. അതേസമയം, 40 ശതമാനത്തോളം വരുന്ന നാഗന്മാരും, കുക്കികളും അടങ്ങുന്ന ഗോത്രവിഭാഗക്കാർ മലമ്പ്രദേശങ്ങളിലാണ് താമസിക്കുന്നത്




