ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ ബിഎസ്‌പിയുടെ സ്‌കോർ പൂജ്യമാണ്. പാർട്ടി മതിയായ പ്രാതിനിധ്യം നൽകിയിട്ടും മുസ്ലിം സമുദായത്തിന് ബിഎസ്‌പിയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മായാവതി പറഞ്ഞു. വരും കാലത്ത് നന്നായി ആലോചിച്ചുമാത്രമേ, മുസ്ലിം സമുദായാംഗത്തിന് മത്സരിക്കാൻ അവസരം നൽകൂ എന്നും അവർ വ്യക്തമാക്കി.

എസ്‌പിയുമായി ചേർന്ന് മത്സരിച്ച 2019 ൽ ബിഎസ്‌പി 10 സീറ്റ് നേടിയിരുന്നു. എന്നാൽ, ഇത്തവണ നിരാശയാണ് ഫലം. ബിഎസ്‌പിക്ക് ഉണ്ടായ തിരിച്ചടിയെ കുറിച്ച് ആഴത്തിലുള്ള വിശകലനം നടത്തി പാർട്ടിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി നടപടികൾ എടുക്കും.

ദളിത് സമുദായത്തോടും യാദവ സമുദായത്തോടും മായാവതി നന്ദി രേഖപ്പെടുത്തി. അതേസമയം, മുസ്ലിം സമുദായത്തോട് അതൃപ്തിയും രേഖപ്പെടുത്തി. ' ബിഎസ്‌പിയുടെ സുപ്രധാന ഭാഗമായ മുസ്ലിം സമുദായത്തിന് പാർട്ടിയെ ശരിയായി മനസ്സിലാക്കാൻ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടി ഇനി വളരെ ആലോചിച്ചുമാത്രമേ ആ സമുദായത്തിൽ പെട്ടവരെ മത്സരിപ്പിക്കൂ. ഇത്തരമൊരു കനത്ത പരാജയം ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ശ്രമിക്കും, മായാവതി പറഞ്ഞു.

ബിഎസ്‌പി മുസ്ലിം സമുദായത്തിൽ പെട്ട 35 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിച്ചത്. എന്നാൽ, ആരും ജയിച്ചില്ല.

കടുത്ത ചൂടുള്ള കാലാവസ്ഥയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനോടും മായാവതി എതിർപ്പു പ്രകടിപ്പിച്ചു. ദീർഘമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പകരം മൂന്നോ നാലോ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തണമെന്നും അവർ പറഞ്ഞു.