- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രി സോറംതംഗയെ തോൽപ്പിച്ച മുന്നേറ്റം; മിസോറാമിലും ഭരണമാറ്റം; നാൽപ്പതിൽ 27 നേടി സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; എംഎൻഎഫ് ഏറ്റുവാങ്ങുന്നത് സമാനതകളില്ലാത്ത തിരിച്ചടി; നില മെച്ചപ്പെടുത്തി ബിജെപി; തകർന്ന് കോൺഗ്രസ്; വടക്ക് കിഴക്കും അഴിമതി വിരുദ്ധർ ജയത്തിൽ
ഐസ്വാൾ: മിസോറമിലും ഭരണമാറ്റം. സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ എംഎൻഎഫിനും കോൺഗ്രസിനു വലിയ തിരിച്ചടിയാണ് നേരിട്ടത്. ബിജെപി നില മെച്ചപ്പെടുത്തി. ഐസോൾ ഈസ്റ്റ്1 മണ്ഡലത്തിൽ മുഖ്യമന്ത്രി സോറംതംഗ തോറ്റു. ഇത് എംഎൻഎഫിന് തീരാ നാണക്കേടായി. സോറംതംഗയുടെ തിരഞ്ഞെടുപ്പ് തന്ത്രമെല്ലാം പാളി.
കഴിഞ്ഞ തവണ ഒരു സീറ്റീൽ ജയിച്ച ബിജെപി ഇത്തവണ രണ്ട് സീറ്റ് നേടി. ഒരു ഘട്ടത്തിൽ മൂന്ന് സീറ്റിൽ ലീഡ് ചെയ്തിരുന്നു. മുഴുവൻ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. വടക്കു കിഴക്കൻ മേഖലയിൽ കോൺഗ്രസിന്റെ ശക്തിക്ഷയത്തിന് തെളിവ് കൂടിയായി ഇതെല്ലാം. പോസ്റ്റൽ വോട്ടുകളിൽ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിനായിരുന്നു മുൻതൂക്കം. എന്നാൽ ഇവി എം വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ സ്ഥിതിമാറി. അതിവേഗം സോറം പീപ്പിൾസ് മൂവ്‌മെന്റ് ഇരച്ചു കയറി. അഴിമതി വിരുദ്ധതയാണ് ഈ പാർട്ടിയുടെ മുഖമുദ്ര. ആംആദ്മി പാർട്ടിയോടാണ് ഏവരും ഈ കൂട്ടത്തേയും താരതമ്യം ചെയ്യുന്നത്.
കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് സോറം പീപ്പിൾസ് മൂവ്‌മെന്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമ പ്രതികരിച്ചു. എംഎൻഎഫിന് അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടു. മുഖ്യമന്ത്രിയും എംഎൻഎഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാൾ ഈസ്റ്റ് ഒന്നിൽ സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാനാർത്ഥി ലാൽതൻസങ്കയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകൾക്കാണ് മിസോറം മുഖ്യമന്ത്രി പരാജയമറിഞ്ഞത്. ഉപമുഖ്യമന്ത്രി തവൻലൂയ സെഡ്പിഎം സ്ഥാനാർത്ഥിയായ ഛുവാനോമയോട് 909 വോട്ടുകൾക്കും പരാജയപ്പെട്ടു.
ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ എംഎൻഎഫും സോറം പീപ്പിൾസ് മൂവ്‌മെന്റും (സെഡ്പിഎം) കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. എംഎൻഎഫിന്റെ സോറംതംഗയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് എക്‌സിറ്റ് പോൾ പ്രവചനം ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഫലം.
പ്രചണരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നിരുന്നില്ല. എൻ ഡി എ സഖ്യകക്ഷിയാണ് എംഎൻഎഫ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ല. മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയെ തള്ളി പറഞ്ഞു. മോദിയുമായി വേദി പങ്കിടില്ലെന്നും വിശദീകരിച്ചു. ഇതെല്ലാം ദേശീയ തലത്തിൽ പോലും വലിയ ചർച്ചയായി. എന്നാൽ ബിജെപിയെ അകറ്റിയുള്ള ഈ തന്ത്രം വോട്ടായി മാറിയില്ല.
കഴിഞ്ഞ തവണ എംഎൻഎഫ് 27 സീറ്റിലും സെഡ്പിഎം 8 സീറ്റിലും കോൺഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്. ഇത്തവണ 27 സീറ്റ് സോറം പീപ്പിൾ മൂവ്‌മെന്റിന് കിട്ടുന്നു. കോൺഗ്രസ് എല്ലാ അർത്ഥത്തിലും തകർന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത് സമൂദായ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വോട്ടെണ്ണൽ ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ചയിലേക്കു മാറ്റിയത്.




