ന്യൂഡൽഹി: ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, മോദി സർക്കാരിന് നിരുപാധിക പിന്തുണയാണ് ഉറപ്പുനൽകിയത്. അതേസ്വരത്തിൽ തന്നെ അദ്ദേഹം ബിഹാറിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരവും തേടി. എൻഡിഎ യോഗത്തിൽ പ്രസംഗിച്ചതിന് ശേഷം മോദിയുടെ കാലിൽ തൊട്ട് വന്ദിക്കാനും നിതീഷ് മുതിർന്നു. സ്‌നേഹ പ്രകടനത്തിന് കുറവൊന്നുമില്ലെങ്കിലും 'ബിഹാർ കാ കാം' ഓർമ്മിപ്പിക്കാൻ നിതീഷ് മറന്നില്ല. ബിഹാർ കാ കാം എന്നാൽ സംസ്ഥാനത്തിന് പ്രത്യേക പദവി തന്നെ.

അതേസമയം മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജ്ജിതമായി തുടരുകയാണ്. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്നാണ് വിവരം. ഇന്നലെ രാത്രി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം ചേർന്നു. ഇന്ന് എൻഡിഎ എംപിമാരുടെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 240 സീറ്റാണ് നേടിയത്. കേവല ഭൂരിപക്ഷത്തിന് 32 സീറ്റ് കുറവ്. എൻ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി(16), നിതീഷ് കുമാറിന്റെ ജെഡിയു(12), ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന(7), ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി-രാം വിലാസ്( 5)എന്നീ നാല് സഖ്യകക്ഷികളുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണായകമാണ്.

ബിജെപിയും മുഖ്യ സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും തമ്മിലാണ് മുഖ്യചർച്ചകൾ.

തെലുഗുദേശം പാർട്ടി

ആന്ധ്രപ്രദേശിൽ ബിജെപിയുമായി കൈകോർത്ത് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോരാടിയ ചന്ദ്രബാബു നായിഡു തെലുഗുദേശത്തിനായി ലോക്സഭാ സ്പീക്കറുടെ പദവിയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തീരുന്നില്ല. എന്നാൽ സ്പീക്കർ പദവി വിട്ടുകൊടുക്കുന്നതിൽ ബിജെപിക്ക് ശക്തമായ എതിർപ്പുണ്ട്. ഈ ആവശ്യം അംഗീകരിച്ചേക്കില്ല. ഇതോടൊപ്പം തന്നെ ഐ.ടി. വകുപ്പും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കുമെന്ന വിവരം ഉണ്ട്.

നാല് ക്യാബിനറ്റ് പദവികളാണ് ടി.ഡി.പിയുടെ ആവശ്യം. ഇതിന് പുറമെ ശിവസേന ഷിന്ദെ പക്ഷവും ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയും രണ്ടു വീതം മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. റോഡ് ഗതാഗതം, ഗ്രാമീണ വികസനം, ആരോഗ്യം, ഭവന നിർമ്മാണ-നഗരകാര്യം, കൃഷി, ജൽശക്തി, ഐടി ആൻഡ് കമ്യൂണിക്കേഷൻസ്, വിദ്യാഭ്യാസം, ധനകാര്യം( സഹമന്ത്രി പദവി) എന്നിവയിൽ നിന്നുള്ള തിരഞ്ഞെടുപ്പിലാണ് നായിഡുവിന്റെ കണ്ണ്.

അതേസമയം, സർക്കാർ രൂപീകരണത്തിൽ കരുതലോടെ നീങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം. റാം മനോഹർ നായിഡുവും ചന്ദ്രശേഖർ പെമ്മസാനിയും മന്ത്രിമാരായേക്കുമെന്ന് വിവരമുണ്ട്. എന്നാൽ മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നത് അടക്കം പരിഗണനയിലുണ്ടെന്നും ടിഡിപി വൃത്തങ്ങൾ പറയുന്നു. മന്ത്രിസഭയിൽ കുറഞ്ഞ പ്രാതിനിധ്യവും മുന്നണിയിൽ കൂടുതൽ പ്രാതിനിധ്യവുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ജനതാദൾ യുണൈറ്റഡ്( ജെഡിയു)

പലപ്പോഴും കിങ് മേക്കർ എന്നറിയപ്പെടുന്ന നിതീഷ് കുമാറും വിലപേശലിന് മോശമല്ല. ജെഡിയു മൂന്നു ക്യാബിനറ്റ് പദവികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ലോക്ജനശക്തി പാർട്ടി

എൽജെപി ഒരു ക്യാബിനറ്റ് പദവിയും, ഒരു സഹമന്ത്രി പദവിയും ആവശ്യപ്പെടുന്നു.ബിഹാറിൽ തങ്ങൾക്ക് കിട്ടിയ അഞ്ചുസീറ്റും നേടിയാണ് എൽജെപി കരുത്ത്് തെളിയിച്ചത്.

ഹിന്ദുസ്ഥാൻ ആവാം മോർച്ച എച്എഎം( എസ്) അദ്ധ്യക്ഷൻ ജിതൻ റാം മാഞ്ചിയും ഒരു ക്യാബിനറ്റ് പദവി ആവശ്യപ്പെടുന്നു. മുൻ ബിഹാർ മുഖ്യമന്ത്രിയായ മാഞ്ചി ഗയയിൽ നിന്നുള്ള സീറ്റിലാണ് ഇതാദ്യമായി പാർലമെന്റിലേക്ക് എത്തുന്നത്.

ജനതാദൾ സെക്കുലർ( എസ്)

എച് ഡി കുമാരസ്വാമിക്ക് കണ്ണ് കൃഷി വകുപ്പിലാണെന്ന് പറയുന്നു. എന്നാൽ, താൻ അത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും, കർണാടകയ്ക്ക് ക്യാബിനറ്റ് പദവി നൽകുന്ന കാര്യത്തിൽ മോദി തീരുമാനമെടുക്കും എന്നുമാണ് കുമാരസ്വാമി പ്രതികരിച്ചത്. കർണാടകയിൽ ബിജെപി 17 സീറ്റിലും ജെ ഡി എസ് രണ്ടു സീറ്റിലുമാണ് ജയിച്ചത്.

ശിവസേന

പ്രധാനമന്ത്രിക്ക് പിന്തുണ വാഗ്ദാനം ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രണ്ടുമന്ത്രിസ്ഥാനമാണ് മോഹിക്കുന്നത്. ഏഴ് സീറ്റ് നേടിയ ശിവസേന ഷിൻഡെ വിഭാഗത്തെ കേന്ദ്രത്തിൽ ബിജെപിയുടെ നിർണായക സഖ്യകക്ഷിയായാണ് കണക്കാക്കുന്നത്. ശിവസേന, ലോക് ജന ശക്തി പാർട്ടി, ആർഎൽഡി, ജെഡിഎസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. എൽജെപിക്കും ശിവസേനക്കും ക്യാബിനറ്റ് പദവി ഉറപ്പാണ്. ബിജെപി മന്ത്രിമാരുടെ കാര്യത്തിൽ വ്യക്തത വരാനുണ്ട്.