ന്യൂഡൽഹി: പുതിയ മോദി സർക്കാരിൽ, എൻ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്കും, നിതീഷ് കുമാറിന്റെ ജെഡിയുവിനും ഒരു ക്യാബിനറ്റ് പദവിയും ഒരുസഹമന്ത്രി പദവിയും വീതം കിട്ടുമെന്ന് സൂചന. എൻഡി ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഇന്നു വൈകിട്ട് 7.15 ലാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. അതിന് മുന്നോടിയായി നിയുക്ത മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ ചായ സൽക്കാരം നടത്തും.

മൂന്നാം ഊഴത്തിലും സുപ്രധാന ക്യാബിനറ്റ് പദവികൾ ബിജെപി അംഗങ്ങൾ തന്നെ വഹിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. റോഡ്-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എന്നിവർ തങ്ങളുടെ വകുപ്പുകൾ നിലനിൽത്തിയേക്കും. രാജ്യഭാംഗങ്ങളായ നിർമ്മല സീതാരാമൻ, ഡോ.എസ്.ജയശങ്കർ എന്നിവരും, ധന, വിദേശകാര്യമന്ത്രി പദവികൾ നിലനിർത്തിയേക്കും. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ മന്ത്രിയാകുമെന്നും സൂചന കിട്ടി. നിയുക്തപ്രധാനമന്ത്രി നടത്തുന്ന ചാസൽക്കാരത്തിൽ പങ്കെടുക്കുന്നവരിൽ അണ്ണാമലൈയുടെ പേരും ഉണ്ടെന്നാണ് അറിയുന്നത്. കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ഡി.എം.കെയുടെ മുന്മേയർ ഗണപതി രാജ്കുമാറിനോട് 1,18,068 വോട്ടുകൾക്ക് അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. അതിനാൽ കേന്ദ്രമന്ത്രി ആവുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തുനിന്ന് മത്സരിച്ച് രാജ്യസഭാംഗമാകേണ്ടി വരും.

ഐ.പി.എസ് ഉപേക്ഷിച്ച് ബിജെപിയിലെത്തിയ അണ്ണാമലൈയുടെ വളർച്ച അതിവേഗമായിരുന്നു. അണ്ണാമലൈയുടെ സ്ഥാനാർത്ഥിത്വത്തോടെയാണ് ബിജെപി കേന്ദ്രനേതൃത്വം വരെ ഉറ്റുനോക്കുന്ന തലത്തിലേക്ക് കോയമ്പത്തൂർ മണ്ഡലം മാറുന്നത്. 2019 തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യകക്ഷിയായ സിപിഎം. വിജയിച്ച ഇടമാണ് കോയമ്പത്തൂർ. എന്നാൽ, ഇത്തവണ സിപിഎമ്മിന് ദിണ്ടിഗൽ സീറ്റുനൽകി ഗണപതി രാജ്കുമാറിനെ ഡി.എം.കെ. കളത്തിലിറക്കിയതിന് പിന്നിലും ഇതേ വാശിയായിരുന്നു.

സഖ്യകക്ഷികളിൽ, എൽജെപി( രംവിലാസ്)യുടെ ചിരാഗ് പാസ്വാൻ, ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമി, അപ്‌നാദൾ(സോനേലാൽ) നേതാവ് അനുപ്രിയ പട്ടേൽ, ആൽഎൽഡിയുടെ ജയന്ത് ചൗധരി, ഹിന്ദുസ്ഥാൻ ആവാം മോർച്ചയുടെ ജിതിൻ റാം മാഞ്ചി എന്നിവർക്കും മന്ത്രിസ്ഥാനം കിട്ടിയേക്കും. ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയെ ബുൽധാന എംപി പ്രതാപ്‌റാവു ജാദവ് മന്ത്രിസഭയിൽ പ്രതിനിധീകരിക്കും. ബിജെപിയുടെ ദീർഘകാല സഖ്യകക്ഷി റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ രാജ്യഭാ എംപി രാംദാസ് അതാവ്‌ലെയും മന്ത്രിയായേക്കും.

പശ്ചിമ ഡൽഹി എംപി കമൽജൂത് സേഹ്രവത്, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശ് നേതാക്കളായ ശിവരാജ് സിങ് ചൗഹാൻ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും മന്ത്രിമാരായേക്കും. വടക്കുകിഴക്കുനിന്നുള്ള നേതാക്കളായ സർബാനന്ദ് സോനോവാൾ, കിരൺ റിജിജു എന്നിവർ വീണ്ടും മന്ത്രിമാരായേക്കും.

ജി കിഷൻ റെഡ്ഡി, ശോഭ കരന്തലജെ, ബി എൽ വർമ്മ, ബൻഡി സഞ്ജയ് കുമാർ, നിത്യാനന്ദ റായ് എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്.മന്ത്രിമാരാകാൻ സാധ്യതയുള്ളവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പിപ്പ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ബിജെപി. നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ, പ്രഹ്ലാദ് ജോഷി, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്ക് പുറമേ, എൽ.ജെ.പി. നേതാവ് ചിരാഗ് പസ്വാൻ, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവർക്കാണ് ഇതുവരെ അറിയിപ്പ് ലഭിച്ചത്.