ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ. പ്രിയ നേതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ദ്വാരകയിൽ നിർമ്മിച്ചിരിക്കുന്ന 'യശോഭൂമി' ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്റർ (ഐഐസിസി) അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഇതോടൊപ്പം യശോഭൂമി ദ്വാരക സെക്ടർ 25ലെ മെട്രോ സ്റ്റേഷൻ ഉദ്ഘാടനവും മോദി നിർവഹിക്കും.

പിറന്നാൾ ദിനത്തിൽ മിക്ക സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തകർ പ്രത്യേക യോഗ സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വം ഇന്ന് പാവപ്പെട്ടവർക്ക് സൗജന്യമായി പാചക വാതക കണക്ഷനുകൾ നൽകുന്നുണ്ട്. ഗുജറാത്തിലെ സ്‌കൂൾ വിദ്യാർത്ഥിനികളായ 30,000 പെൺകുട്ടികൾക്ക് ബിജെപി നേതൃത്വം സൗജന്യമായി ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകുന്നു. രാജ്യമെമ്പാടും യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യം നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ മൂന്നാം തവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ കരുക്കൾ നീക്കുകയാണ് ബിജെപി.

ഇന്ത്യ സ്വാതന്ത്ര്യം നേടി മൂന്ന് വർഷത്തിനിപ്പുറം 1950 സപ്റ്റംബർ 17ന് ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ ആറ് മക്കളിൽ മൂന്നാമനായിട്ടാണ് മോദിയുടെ ജനനം. ചെറുപ്പത്തിലേ ആർഎസ്എസ് ശാഖയിലൂടെ തുടങ്ങി ഇരുപതാം വയസിലാണ് മോദി രാഷ്ട്രീയം ജീവിതമായി തെരഞ്ഞെടുത്തത്. അന്ന് മുതൽ 24 മണിക്കൂർ രാഷ്ട്രീയക്കാരനാണ് മോദി. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത് മുതൽ പല ഘട്ടങ്ങളിലായി ഗുരുതരമായ വിമർശനങ്ങളും ആരോപണങ്ങളും മോദിക്ക് നേരെ ഉയർന്നു. എല്ലാറ്റിനെയും മറികടന്ന് നേട്ടങ്ങൾ കൈവരിക്കുന്ന മോദി ശൈലി കഠിനാധ്വാനത്തിന്റേതും തനത് രാഷ്ട്രീയ തന്ത്രങ്ങളുടേതുമാണ്.

ഗുജറാത്തിലെ വട്‌നഗർ എന്ന ചെറു പട്ടണത്തിലായിരുന്നു നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം. ജീവിതത്തിന്റെ ആദ്യ ഘട്ടം യാതനകൾ നിറഞ്ഞതായിരുന്നു. പക്ഷെ അതിൽ നിന്ന് അദ്ദേഹം കഠിനാധ്വാനത്തിന്റെ മഹത്വം പഠിച്ചു. ഒപ്പം സാധാരണക്കാരുടെ പ്രയാസങ്ങൾ മനസിലാക്കാനും അദ്ദേഹത്തിനു സാധിച്ചു. ഈ അനുഭവങ്ങളാണ് സാധാരണക്കാരെയും രാഷ്ട്രത്തെയും സേവിക്കാൻ സ്വയം സമർപ്പിക്കാൻ ചെറുപ്പത്തിലെ അദ്ദേഹത്തിന് പ്രചോദനമായത്. രാഷ്ട്ര പുനർ നിർമ്മാണത്തിനായുള്ള പ്രവർത്തനങ്ങൾ നരേന്ദ്ര മോദിയെ കൊണ്ടെത്തിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘത്തിലേക്കായിരുന്നു. പിന്നീട് ഭാരതീയ ജനത പാർട്ടിയുടെ പ്രവർത്തനങ്ങളിലേക്ക് അദ്ദേഹം വ്യാപൃതനായി.

ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനിച്ച പ്രഥമ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി 2014 മുതൽ തുടർച്ചയായി രണ്ടാം വട്ടവും പ്രധാനമന്ത്രി പദത്തിലുണ്ട്. 2014 ലെയും 2019 ലെയും പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദി ഭാരതീയ ജനതാ പാർട്ടിയെ നയിക്കുകയും, രണ്ടു തവണയും കേവല ഭൂരിപക്ഷം നേടി പാർട്ടിയെ റെക്കോഡ് വിജയത്തിൽ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതിനു മുമ്പ് ഒരു പാർട്ടി ഇതുപോലെ കേവല ഭൂരിപക്ഷം നേടിയത് 1984 ലെ തിരഞ്ഞെടുപ്പിൽ ആയിരുന്നു. 2001 ഒക്ടോബർ മുതൽ 2014 മെയ് വരെ ഏറ്റവും കൂടുതൽ കാലം, ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു എന്ന ബഹുമതിയും മോദിക്കു സ്വന്തമാണ്.

ഓൺലൈനിലൂടെ ജനങ്ങളുമായി വ്യക്തിബന്ധം സ്ഥാപിക്കാനും നരേന്ദ്ര മോദിക്കായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ, ജനങ്ങളിൽ എത്താനും, അവരെ ഉത്തേജിപ്പിക്കാനും, അവരുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും മോദിക്കായി. ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രം, ലിങ്ടിൻ, വെയ്ബൊ, സൈനണ്ട് ക്ലൗഡ് ഉൾപ്പെടെയുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.

പതിവ് രാഷ്ട്രീയ ശൈലി വിട്ട് അധികാരം ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നതാണ് നരേന്ദ്ര മോദി ഭരണത്തിൽ ഇന്ത്യ കണ്ടത്. മൂന്നാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലിരിക്കേ 2014 ലാണ് മോദിയുടെ നേതൃത്വത്തിൽ ബിജെപി ഡൽഹിയിൽ അധികാരം പിടിക്കുന്നത്. 2019 ൽ കൂടുതൽ സീറ്റുകൾ നേടി രണ്ടാം തവണയും മോദി അധികാരമുറപ്പിച്ചു. എന്നാൽ നോട്ട് നിരോധനം, കർഷക പ്രക്ഷോഭം, പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ശ്രമിച്ചത് തുടങ്ങിയവ കനത്ത തിരിച്ചടിയായി. വർഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ ശൈലിയെന്ന നിരന്തര വിമർശനവും മോദിയും സർക്കാറും നേരിടുകയാണ്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ മോദിയെ എങ്ങനെയും താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുകയാണ്. മോദിയും സർക്കാറും ചർച്ചയാകാൻ ആഗ്രഹിക്കാത്ത തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ പ്രതിപക്ഷം സജീവ ചർച്ചയാക്കുകയാണ്. എന്നാൽ ഏത് പ്രതിസന്ധി ഘട്ടത്തിലും സ്വന്തം രാഷ്ട്രീയ തന്ത്രങ്ങളുപയോഗിച്ച് വിജയം തന്റേതാക്കുന്ന മോദി ശൈലി ഇത്തവണയും ഫലം കാണുമോയെന്നതാണ് നിർണായകം.