ന്യൂഡൽഹി: മിസോറം തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിൽക്കുന്നത് കാരണം വിശദീകരിക്കാതെ. എന്നാൽ പ്രതിപക്ഷത്തിന് വലിയ ആയുധമാണ് ഈ വിട്ടു നിൽക്കൽ. പ്രചരണത്തിൽ മോദിക്ക് പകരം അമിത് ഷാ പങ്കെടുക്കും. 30നു മിസോറമിലെ മാമിതിൽ പ്രചാരണ റാലിയിൽ മോദി പങ്കെടുക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്.

പ്രചാരണത്തിനെത്തുന്ന മോദിയുമായി വേദി പങ്കിടില്ലെന്ന് മിസോറമിൽ നിലവിൽ അധികാരത്തിലിരിക്കുന്ന എം.എൻ.എഫ്. നേതാവും മുഖ്യമന്ത്രിയുമായ സൊറംതങ്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു. മണിപ്പുരിൽ കുക്കികൾക്കും ക്രൈസ്തവാരാധനാലയങ്ങൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മോദി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയതായി ബിജെപി. നേതാവ് പ്രഖ്യാപിക്കുന്നത്.

ഇരുനൂറോളം പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്ത മണിപ്പുർ കലാപം വലിയ ചർച്ചയായി. ഈ സമയത്ത് പ്രധാനമന്ത്രി മിസോറാമിൽ എത്തിയില്ല. ഇത് വലിയ വിവാദമായിരുന്നു. മാസങ്ങൾ നീണ്ട മൗനത്തിനു ശേഷമാണ് മണിപ്പുരിനെക്കുറിച്ചു സംസാരിക്കാൻ പോലും തയാറായത്. മണിപ്പുർ സന്ദർശിക്കാത്ത മോദി അയൽസംസ്ഥാനമായ മിസോറമിൽ എത്തുന്നതു വിപരീതഫലമാകും ഉണ്ടാക്കുകയെന്നതിനാലാണ് സന്ദർശനം റദ്ദാക്കിയതെന്നാണ് സൂചന. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാകെ മണിപ്പൂർ കലാപം പ്രതിഫലിച്ചിട്ടുണ്ട്.

മണിപ്പുർ കലാപം മിസോറമിലെ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. 2018ൽ 40ൽ 39 സീറ്റിലും മത്സരിച്ച് ഒരെണ്ണത്തിൽ മാത്രം ജയിച്ച ബിജെപി ഇത്തവണ കൂടുതൽ ജയം ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് നവംബർ ഏഴിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബിജെപി. പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഈ മാസം 30-ന് മോദി മിസോറമിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മിസോറമിൽ പ്രചാരണത്തിനെത്തും. തീയതി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി. മീഡിയ കൺവീനർ ജോണി ലാൽതൻപിയ പറഞ്ഞു. മാമിത് ജില്ലയിലടക്കം അമിത്ഷാ പ്രചാരണം നടത്തും. തിങ്കളാഴ്ച നിതിൻ ഗഡ്കരിയും സംസ്ഥാനം സന്ദർശിക്കാനുള്ള സാധ്യതയുണ്ട്. നവംബർ ഏഴിനാണ് മിസോറമിൽ തിരഞ്ഞെടുപ്പ്.

ഡിസംബർ മൂന്നിന് വോട്ടെണ്ണൽ. 40 അംഗ നിയമസഭാ സീറ്റിൽ 23 ഇടങ്ങളിലാണ് ബിജെപി. മത്സരിക്കുന്നത്. നിലവിൽ ഒറ്റ എംഎ‍ൽഎ. മാത്രമാണ് ബിജെപി.ക്ക് സംസ്ഥാനത്തുള്ളത്. മിസോറത്തിലെ ജനങ്ങൾ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. മണിപ്പൂരിൽ നുറുകണക്കിന് പള്ളികളാണ് അഗ്നിക്കിരയാക്കിയത്. മിസോറത്തിലെ മൊത്തം ജനങ്ങളും അത്തരം ആശയത്തിനെതിരാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ബിജെപിയോടുള്ള അനുകൂല നിലപാട് തന്റെ പാർട്ടിക്ക് വലിയ മൈനസ് പോയിന്റായി മാറുമെന്ന നിലപാട് മിസോറാം മുഖ്യമന്ത്രി എടുത്തിരുന്നു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.