- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ പ്രധാനമന്ത്രിക്ക് വലിയ പ്രതീക്ഷ; ഇന്ത്യാ സഖ്യത്തെ വിളിക്കുന്നത് സാമ്പാർ മുന്നണിയെന്ന്; 2024ലും അധികാരം ഉറപ്പെന്ന ആത്മവിശ്വാസം; വികസനവും വിശ്വാസവും ചർച്ചയാക്കി മുന്നേറാൻ മോദി; പുതുവൽസരാശംസയ്ക്കൊപ്പം പങ്കുവച്ചത് ബിജെപി പ്രതീക്ഷ; ബാഹുബലിയെന്ന് കളിയാക്കി രാഹുലും
ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുമ്പോൾ ചർച്ചകളിൽ നിറയ്ക്കുന്നതും ഭരണ തുടർച്ച. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിലാണ് അദ്ദേഹം ആശംസകളറിയിച്ചത്. ഈ വർഷം രാജ്യം ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊർജം പുതിയ വർഷത്തിലും മുന്നോട്ട് പോകാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. കായിക മത്സരങ്ങളിലും, ഓസ്‌കറിലും ഇന്ത്യ വലിയ നേട്ടങ്ങൾ നേടിയെടുത്തു. പാരീസ് ഒളിംപിക്‌സിലും രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വികസിത ഭാരതത്തന്റെ ഗുണം യുവാക്കൾക്കാണ് കൂടുതൽ ലഭിക്കുക. പുതു വർഷത്തിൽ യുവാക്കൾ ആരോഗ്യത്തിന് പ്രാധാന്യം നൽകണം, ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. അക്ഷയ് കുമാർ, വിശ്വനാഥന് ആനന്ദ്, ജഗ്ഗി വാസുദേവ് തുടങ്ങിയവർ മൻ കീ ബാതിൽ ഫിറ്റ്‌നസ് സന്ദേശം നൽകി. കൂടാതെ മില്ലറ്റ് അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പുകളെ പ്രധാനമന്ത്രി പരിചയപ്പെടുത്തി. ഈ വർഷത്തെ അവസാനത്തെ മൻകീ ബാത് ആണ് ഇന്നത്തേത്. മൻ കീ ബാത്തിന്റെ നൂറ്റിഎട്ടാമത് എഡിഷനാണിത്. രാവിലെ പതിനൊന്ന് മണിക്കാണ് മൻകീ ബാത് ആരംഭിച്ചത്. മൻ കീ ബാത്തിന് മുമ്പ് രാഷ്ട്രീയവും മറ്റൊരു മാധ്യമത്തിലൂടെ പ്രധാനമന്ത്രി ചർച്ചയാക്കിയിരുന്നു.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്നും ഗുസ്തി താരങ്ങലുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ചോദിച്ചു. കായിക രംഗത്തെ നേട്ടങ്ങളടക്കം പരാമർശിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന മൻകിബാത്ത് നടന്നുകൊണ്ടിരിക്കൊണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ നൽകിക്കൊണ്ടുള്ള രാഹുലിന്റെ പ്രതികരണം. വിനേഷ് ഫോഗട്ട് പുരസ്‌കാരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ ഉപേക്ഷിച്ച് പോകുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
വീണ്ടും അധികാരത്തിൽ എത്തുമെന്ന് മോദി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ വിമർശനവുമായി എത്തിയത്. താനൊരു വിദ്യാർത്ഥിയാണെന്നും ജീവിതാനുഭവങ്ങളാണ് തന്റെ ഭരണത്തെ കാര്യക്ഷമമാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 23 വർഷത്തോളം ഇതുവരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 30 വർഷക്കാലം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ യാത്ര ചെയ്യുകയും പല മനുഷ്യരുമായി ചേർന്ന് പ്രവർത്തിക്കുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്തത് ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യത്തിൽ വളർന്ന്, താഴെത്തട്ടിലുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള ഭാഗ്യമുണ്ടായത് അധികാരത്തെ സ്വാധീനിച്ചിട്ടുണ്ട്. പരിഷ്‌കാരങ്ങൾ കേവലം തലക്കെട്ടുകളിലല്ലെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച അനുഭവങ്ങൾ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിതം, അവരുടെ ജീവിത സൗകര്യം, ബിസിനസ്സ് ചെയ്യാനുള്ള സൗകര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച നടപ്പിലാക്കിയ വിവിധ പദ്ധതികളാലാണ് ഇന്ത്യയുടെ വളർച്ച അതിവേഗമാക്കിയതെന്നും അ?ദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പണപ്പെരുപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് കോൺ?ഗ്രസ് ഭരണകാലത്തെക്കാൾ കുറവാണ് നിലവിലെ പണപ്പെരുപ്പമെന്നായിരുന്നു മോദിയുടെ പ്രതികരണം.
കേരളത്തിലും ബിജെപിയുടെ ശക്തി വർധിച്ചു വരുന്നതായി മോദി വിലയിരുത്തുന്നു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി ശക്തി തെളിയിച്ചിട്ടുണ്ടെന്നും ലോക്‌സഭാ സീറ്റുകളുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. 2024 ലും ബിജെപി അധികാരത്തിലെത്തും. കൂട്ടുകക്ഷി സർക്കാരിനെ രാജ്യത്തിന് ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് മുന്നിൽ മറ്റൊരു ബദലില്ല .രാജ്യത്ത് ഒരു സാമ്പാർ മുന്നണി സർക്കാരിന്റെ ആവശ്യമില്ല-മോദി പറയുന്നു.
മോദിയുടെ ഗ്യാരന്റികൾ വോട്ട് ഉന്നമിട്ടുള്ളതല്ല .രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഉറപ്പാണത് .മോദി പിന്നോട്ട് പോകില്ലെന്ന് ജനത്തിനറിയാം. ജനപിന്തുണയാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു തീരുമാനവും തന്റേത് മാത്രമല്ലെന്നും രാജ്യതാൽപര്യം മാത്രമാണ് പരിഗണനഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുന്നത് ബിജെപിയിൽ ആദ്യമല്ലെന്നും ഒരു ഭരണ പരിചയവുമില്ലാതെയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളതെല്ലാം കുടുംബ പാർട്ടികളായതിനാലാണ് ഇതൊരു പുതിയ ട്രെൻഡായി തോന്നുന്നതെന്നും മോദി പരിഹസിച്ചു.




