ന്യൂഡൽഹി: ബിജെപിക്ക് ആശ്വാസമായി നിതീഷ് കുമാറിന്റേയും ചന്ദ്രബാബു നായിഡുവിന്റേയും നിലപാട്. കേന്ദ്രത്തിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ 240 പേരുടെ പിന്തുണയുള്ള ബിജെപിയുടെ നേതൃത്വം അനിവാര്യമാണെന്നാണ് ജെഡിയുവിന്റെ നേതാവായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇപ്പോഴത്തെ നിലപാട്. ആന്ധ്രയിലെ പ്രത്യേക സാഹചര്യത്തിൽ ടിഡിപിയും ബിജെപിയെ തന്നെ നല്ല കൂട്ടുകാരനായി കണ്ടു. ആന്ധ്രയിൽ കോൺഗ്രസിനെ തറപറ്റിച്ചു കൂടിയാണ് നായിഡു വീണ്ടും അധികാരം പിടിച്ചത്. വൈ എസ് ആർ കോൺഗ്രസിന്റെ ജഗൻ മോഹൻ റെഡ്ഡിയിൽ നിന്നും ഭരണം പിടിച്ചെടുത്തത് ബിജെപിയേയും പവൻകുമാർ കല്യാണിന്റെ ജനശക്തിയേയും കൂടെ കൂട്ടിയാണ്. ഈ സാഹചര്യത്തിലാണ് ബിജെപിക്കൊപ്പം നായിഡുവും അടിയുറച്ചു നിൽക്കുന്നത്. ജൂൺ 12ന് സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു ബിജെപി പദ്ധതി. എന്നാൽ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ അതിവേഗം വേണമെന്ന് നിർദ്ദേശിച്ചത് നിതീഷും നായിഡുവുമാണ്.

മോദി പ്രധാനമന്ത്രിയാകണമെന്നതാണ് ബീഹാറിലെ ജനവധിയെന്നാണ് നിതീഷ് പ്രതികരിച്ചത്. ഇതേ നിലപാട് എൻഡിഎ യോഗത്തിൽ ചന്ദ്രബാബു നായിഡുവും സ്വീകരിച്ചു. ആന്ധ്രയിലെ ചരിത്ര വിജയത്തിൽ മോദി ഫാക്ടറും ഘടകമായി എന്നാണ് വിലയിരുത്തൽ. എൻസിപിയുടെ പ്രഫുൽ പട്ടേലും മോദി പ്രധാനമന്ത്രിയാകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ പ്രധാന ഘടകക്ഷികളെല്ലാം ഈ ഘട്ടത്തിൽ മോദിക്ക് പിന്നിലാണ്. കേന്ദ്ര വകുപ്പുകളിലും വലിയ മാറ്റം വന്നേക്കും. എന്നാൽ ആഭ്യന്തരവും വിദേശകാര്യവും പ്രതിരോധവും ധനകാര്യവും ബിജെപി ഘടകക്ഷികൾക്ക് നൽകില്ല.

സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. വൈകിട്ട് ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക. എൻഡിഎ എംപിമാരുടെ യോഗത്തിന് മുന്നോടിയായാണ് ബിജെപി എംപിമാരുടെ യോഗം നടക്കുന്നത്. ശനിയാഴ്ച മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം. നാളെ പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ മോദിയെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും. ബിജെപിക്കുള്ളിൽ ആരും മോദിയെ എതിർക്കില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ഇതുറപ്പിക്കാൻ വേണ്ടി കൂടിയാണ് അതിവേഗം എൻഡിഎ യോഗം ചേർന്നതും മോദിയെ പ്രധാനമന്ത്രിയായി വീണ്ടും പ്രഖ്യാപിച്ചതും.

നിലവിൽ എൻ.ഡി.എയിലെ രണ്ടാമത്തെ ഒറ്റകക്ഷിയാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടി. ആന്ധ്രയിൽ 17 സീറ്റിൽ മത്സരിച്ച ടി.ഡി.പി, 16 സീറ്റിൽ വിജയിച്ചു. ബിഹാറിൽ 16 സീറ്റിൽ മത്സരിച്ച ജെ.ഡി.യു. 12 സീറ്റിൽ വിജയിച്ചു. എൽ.ജെ.പിക്ക് അഞ്ച് എംപിമാരാണുള്ളത്. ഹിന്ദുസ്ഥാൻ അവാമി മോർച്ച മത്സരിച്ച് വിജയിച്ച ഏക സീറ്റ് ജിതൻ റാം മഞ്ചിയുടെ ഗയയാണ്. കർണാടകയിൽ മൂന്ന് സീറ്റിൽ മത്സരിച്ച ജെ.ഡി.എസ്. രണ്ടെണ്ണത്തിൽ വിജയിച്ചു. മഹാരാഷ്ട്രയിൽ 15 ഇടത്ത് മത്സരിച്ച ഏക്നാഥ് ഷിൻഡേ ശിവസേനയുടെ ഏഴുപേർ മാത്രമാണ് വിജയിച്ചത്. ഏഴു പേരുള്ളതു കൊണ്ട് ശിവസേനയുടെ നിലപാടും നിർണ്ണായകമാണ്. എൻഡിഎ മുന്നണിക്ക് പൊതുമിനിമം പരിപാടിയും വരും.

സർക്കാർ രൂപവത്കരണം വേഗത്തിലാക്കാൻ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും യോഗത്തിൽ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. നടപടികളിൽ കാലതാമസമുണ്ടാകരുതെന്ന് നിതീഷ് യോഗത്തിൽ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എത്രയും പെട്ടന്ന് സർക്കാർ രൂപവത്കരണം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ. സർക്കാർ ജൂൺ എട്ട് ശനിയാഴ്ച സത്യപ്രതിജ്ഞചെയ്തേക്കുമെന്നാണ് വിവരം. ബുധനാഴ്ച തന്നെ എൻ.ഡി.എ. നേതാക്കൾ രാഷ്ട്രപതിയെ സന്ദർശിച്ച് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ, ജൂൺ ഏഴിന് എംപിമാരുമായുള്ള ചർച്ചകൾക്ക് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടാൽ മതിയെന്നാണ് നിലവിലെ തീരുമാനം.

ബിജെപിയോട് എൻ.ഡി.എ. ഘടകകക്ഷികൾ ആവശ്യപ്പെട്ടത് സ്പീക്കർ സ്ഥാനം മുതൽ പ്രധാനപ്പെട്ട വകുപ്പുകൾ വരെയാണ്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളെ പിണക്കാതെ സർക്കാർ രൂപവത്കരിക്കേണ്ടിവരും. റെയിൽവേ, കൃഷി, ജൽശക്തി, ഗതാഗത വകുപ്പുകളിൽ ഒന്നിലേറെ കക്ഷികൾ താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. ലോക്സഭാ അധ്യക്ഷസ്ഥാനത്തിന് പുറമേ ടി.ഡി.പി. അധ്യക്ഷൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത് എട്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും. റോഡ് ഗതാഗതം, ഗ്രാമീണ വികസനം, ആരോഗ്യം, പാർപ്പിട- നഗരവികസനം, കൃഷി, ജൽശക്തി, ഐ.ടി, വിദ്യാഭ്യാസം, എന്നീ വകുപ്പുകളിൽ ക്യാബിനറ്റ് പദവിയാണ് ആവശ്യപ്പെട്ടത്. ധനകാര്യവകുപ്പിലാണ് സഹമന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്.

മൂന്ന് ക്യാബിനറ്റ് പദവികളാണ് ജെ.ഡി.യു. ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയിൽവേ, ഗ്രാമവികസനം, ജൽശക്തി വകുപ്പുകളാണ് നിതീഷിന് താത്പര്യമെന്ന് റിപ്പോർട്ടുണ്ട്. ഗതാഗതമോ കൃഷിയോ ലഭിച്ചാൽ തൃപ്തരായേക്കുമെന്നും സൂചനയുണ്ട്. ഇതിനു പുറമേ സ്പീക്കർ സ്ഥാനവും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് ടിഡിപിക്കും ജെഡിയുവിനും സ്പീക്കർ സ്ഥാനം വേണം. ക്യാബിനറ്റ് പദവിയുള്ള ഒരുമന്ത്രിസ്ഥാനം എൽ.ജെ.പി. നേതാവ് ചിരാഗിനും നൽകിയേക്കും. മന്ത്രിമാരുടെ അനുപാതത്തിൽ ഫോർമുല വരാനും സാധ്യതയുണ്ട്. ബിഹാറിൽനിന്നുതന്നെയുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മഞ്ചിയും ഒരുമന്ത്രിസ്ഥാനം അവകാശപ്പെട്ടുവെന്ന് വിവരമുണ്ട്.

കൃഷി വകുപ്പാണ് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാൽ, കർണാടകയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മുൻഗണനയെന്നും അത്തരം ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നുമാണ് കുമാരസ്വാമിയുടെ പരസ്യപ്രതികരണം.