ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പു അടുത്ത മധ്യപ്രദേശിൽ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷമായ കോൺഗ്രസ് തുരുമ്പുപിടിച്ച ഇരുമ്പ് പോലെ ഉപയോഗശൂന്യമായെന്ന് മോദി വിമർശിച്ചു. തിങ്കളാഴ്ച ഭോപ്പാലിലെ ജംബോരി ഗ്രൗണ്ടിൽ ജനസംഘം സഹസ്ഥാപകൻ ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനത്തിൽ സംഘടിപ്പിച്ച 'കാര്യകർത്താ മഹാകുംഭ'ത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെയും പൗരന്മാരെയും വളർച്ചയിൽ നിന്ന് ഒഴിവാക്കി തങ്ങളുടെ കുടുംബ ക്ഷേമം മാത്രമാണ് കോൺഗ്രസ് നോക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്കിനെ ഘമാണ്ഡിയ ഗത്ബന്ധൻ (ധിക്കാരസഖ്യം) എന്ന് പരാമർശിച്ച മോദി അവർ പാതി മനസ്സോടെയാണ് വനിതാ സംവരണ ബില്ലിന് വേണ്ടി വോട്ട് ചെയ്തതെന്നും പറഞ്ഞു.

അർബൻ നക്സലൈറ്റുകളാണ് കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നത്. ഇന്ത്യയുടെ വികസനത്തിൽ പ്രതിപക്ഷത്തിന് അസൂയയുണ്ടെന്ന് പറഞ്ഞ അദ്ദേഹം 20 ആം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകാനാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഭൂരിപക്ഷം സീറ്റുകളോടെ ബിജെപിയെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹം മധ്യപ്രദേശിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. മധ്യപ്രദേശിലെ ബിജെപി സർക്കാർ 20 വർഷം പൂർത്തിയാക്കി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കൾ ബിജെപി സർക്കാരിനെ മാത്രമേ കണ്ടിട്ടുള്ളൂ. മധ്യപ്രദേശിലെ ഇപ്പോഴത്തെ യുവാക്കൾ കോൺഗ്രസിനെ കാണാത്തത് ഭാഗ്യമാണ്. സംസ്ഥാനത്തെപുതിയ ഊർജം നൽകി സംസ്ഥാനത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ്. പാവപ്പെട്ടവരുടെ വീടുകളും കോളനികളും അവർക്ക് വീഡിയോഷൂട്ടിനുള്ള ലൊക്കേഷനുകളാണ്. പാവങ്ങളുടെ ജീവിതം കോൺഗ്രസ് നേതാക്കൾക്ക് സാഹസിക ടൂറിസമാണ്. മുൻകാലത്തും ഇതൊക്കെത്തന്നെയാണ് കോൺഗ്രസ് ചെയ്തിരുന്നത്. അതേസമയം ബിജെപി രാജ്യത്തിന്റെ വികസിതവും മഹത്തരവുമായ മുഖമാണ് ലോകത്തിനുമുന്നിലേക്ക് കൊണ്ടുവരുന്നത്. രാജ്യത്തെ ഒരു പൗരനേയും ദാരിദ്ര്യത്തിൽ കഴിയാൻ താനനുവദിക്കില്ലെന്നും മോദി പറഞ്ഞു.

'എന്റെ രീതി, കഠിനാധ്വാനം, കാഴ്ചപ്പാട് എല്ലാം മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമാണ്. രാജ്യവും രാജ്യത്തെ ജനങ്ങളുമാണ് എനിക്കേറ്റവും പ്രധാനം. ഞാൻ നിരവധി വിഷമതകൾ നേരിട്ടിട്ടുണ്ട്, പക്ഷെ രാജ്യത്തെ ജനങ്ങൾ ഒരു തരത്തിലുള്ള കഷ്ടപ്പാടും അഭിമുഖീകരിക്കാൻ ഞാൻ അനുവദിക്കില്ല'- മോദി പറഞ്ഞു. മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം നേടാനായി എല്ലാ ബിജെപി. പ്രവർത്തകരും പരിശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. വികസിത ഇന്ത്യയ്ക്കായി വികസിതമായ മധ്യപ്രദേശ് മുഖ്യമാണെന്നും അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി. തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.