ടോങ്ക്: തന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ' കഴിഞ്ഞ ദിവസം ഞാൻ രാജസ്ഥാനിൽ എത്തിയപ്പോൾ ചില സത്യങ്ങൾ എന്റെ 90 സെക്കന്റ് പ്രസംഗത്തിൽ രാജ്യത്തിന് മുമ്പാകെ വച്ചിരുന്നു. ഇതോടെ കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലും ആകെ പരിഭ്രാന്തിയായി. നിങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രത്യേക ആൾക്കാർക്ക് വിതരണം ചെയ്യാൻ കോൺഗ്രസ് ആഴത്തിലുള്ള ഗൂഢാലോചന നടത്തുകയാണന്ന സത്യമാണ് ഞാൻ രാജ്യത്തിന് മുമ്പാകെ വച്ചത്. അവരുടെ വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയത്തെ ഞാൻ തുറന്നുകാട്ടി. ആവട്ടെ, കോൺഗ്രസ് എന്തുകൊണ്ടാണ് സത്യത്തെ ഇത്രമേൽ ഭയക്കുന്നത്?, മോദി ടോങ്കിലെ പൊതുജന സമ്മേളനത്തിൽ ചോദിച്ചു.

2014 ന് ശേഷം കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ആയിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്നും മോദി ചോദിച്ചു. '2014 ൽ രാജ്യത്തെ സേവിക്കാൻ മോദിയെ നിങ്ങൾ അനുവദിച്ചു. അതുവരെ ആരും സങ്കൽപ്പിക്കാത്ത തീരുമാനങ്ങൾ അതിന് ശേഷം രാജ്യമെടുത്തു. എന്നാൽ, അന്ന് കോൺഗ്രസ് സർക്കാരായിരുന്നു അധികാരത്തിൽ വന്നിരുന്നെങ്കിലോ? ഇന്നും ജമ്മു-കശ്മീരിൽ നമ്മുടെ സൈനികർക്ക് നേരേ കല്ലേറ് തുടർന്നേനെ. കോൺഗ്രസായിരുന്നെങ്കിൽ, അതിർത്തി കടന്ന് ശത്രുക്കൾ എത്തിയേനെ. വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാകുമായിരുന്നില്ല', മോദി പറഞ്ഞു.

'2004 ൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ച ഉടൻ ആദ്യം ചെയ്തത് ആന്ധ്രപ്രദേശിൽ എസ്‌സി എസ്ടി സംവരണം വെട്ടികുറച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകുകയായിരുന്നു. ആ പൈലറ്റ് പദ്ധതി രാജ്യമെമ്പാടും നടപ്പാക്കണമെന്നുണ്ടായിരുന്നു. 2004 നും 2010 നും മധ്യേ ആന്ധ്രയിൽ മുസ്ലിം സംവരണം നടപ്പാക്കാൻ കോൺഗ്രസ് നാലുവട്ടം ശ്രമിച്ചു. എന്നാൽ നിയമതടസ്സം കൊണ്ടും സുപ്രീം കോടതി ഇടപെടൽ കൊണ്ടും അത് നടപ്പാക്കാനായില്ല', മോദി പറഞ്ഞു.

' ഭരണഘടന അതിന് പൂർണമായി എതിരാണ്. ദളിതർക്കും, പിന്നോക്ക വിഭാഗങ്ങൾക്കും ഗോത്രവർഗ്ഗക്കാർക്കും ബാബ സാഹേബ് നൽകിയ സംവരണത്തിനുള്ള അവകാശം കോൺഗ്രസ് ഇൻഡി സഖ്യത്തിന് മതാടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് നൽകണമെന്നായിരുന്നു. കോൺഗ്രസിന്റെ ഈ ഗൂഢാലോചനകൾക്കിടയിലും മോദി ഉറപ്പുതരുന്നു, ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഗോത്രവിഭാഗങ്ങളുടെയും സംവരണം ഒരിക്കലും അവസാനിപ്പിക്കില്ല. മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും അനുവദിക്കില്ല. ഇത് മോദിയുടെ ഗ്യാരന്റിയാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, രാജ്യത്തിന്റെ സമ്പത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തേടി. രാജസ്ഥാനിലെ ബൻസ്വാറിൽ ഞായറാഴ്ച നടന്ന റാലിയിലാണ് മോദി വിവാദ പ്രസംഗം. ഒന്നരമണിക്കൂറോളം ദൈർഘ്യമുള്ള പ്രസംഗത്തിന്റെ ദൃശ്യങ്ങൾ നാളേക്കുള്ളിൽ ഹാജരാക്കാനും, ഉള്ളടക്കം എഴുതി നൽകാനുമാണ് ബൻസ്വാർ ഇലക്ട്രൽ ഓഫീസർക്കുള്ള നിർദ്ദേശം. പെരുമാറ്റ ചട്ട ലംഘനം തെളിഞ്ഞാൽ സാധാരണ നിലക്ക് താക്കീത് നൽകാം, പ്രചാരണത്തിൽ നിന്ന് വിലക്കുകയും ചെയ്യാം.