- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാരിനെ ലാക്കാക്കി മോദി
തൃശൂർ :കരുവന്നൂർ കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പേരുകൾ ഉയർന്നിട്ടുണ്ട്. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകും. ഇതിന് പിന്നിലെ നിയമസാധുത പരിശോധിക്കുകയാണന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ ബൂത്ത് തല പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
ബാങ്കിൽ കൊള്ള നടത്തിയവരിൽ ഇടതുപക്ഷത്തെ ഉന്നതരായ നേതാക്കളുമുണ്ടെന്നാണ് മനസിലാക്കുന്നത്. സാധാരണക്കാരുടെ പണം തട്ടിയെടുത്തത് ഇവരാണെന്നും പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വർണ്ണ കടത്ത് കേസിൽ കണ്ണികൾ ഏത് ഓഫീസിൽ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാമെന്നും മോദി ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി.എൻ സരസുവിന് ഉറപ്പു നൽകിയിരുന്നു. സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിൽ വലിയ തോതിലുള്ള തട്ടിപ്പുകളാണ് നടക്കുന്നതെന്നും കരുവന്നൂരിലുണ്ടായ തട്ടിപ്പ് ഇത്തരത്തിലുള്ളതാണെന്നും സ്ഥാനാർത്ഥി പറഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉറപ്പുനൽകിയത്.
കേരളത്തിൽ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ, ബിജെപിയെ തോൽപിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ കൈകോർക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുറന്ന് കാട്ടണമെന്നും നിർദ്ദേശിച്ചു. ഇത്തവണ കേരളത്തിൽ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.