- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീതയ്ക്കായി പ്രത്യേക ക്ഷേത്രം പണിയുമെന്ന് അമിത് ഷാ
പട്ന: അയോധ്യയിലെ ശ്രീരാമ പ്രതിഷ്ഠ വിജയകരമായി പൂർത്തിയാക്കിയതോടെ കഴിയുന്നില്ല മോദി സർക്കാരിന്റെ ദൗത്യം. ബിഹാറിലെ സീതാമണ്ഡിയിൽ സീതയ്ക്കായി പ്രത്യേക ക്ഷേത്രം പണിയുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്ന് വ്യക്തമാക്കിയാണ്, സീതയ്ക്കായി ക്ഷേത്രം പണിയുമെന്ന അമിത് ഷായുടെ പ്രഖ്യാപനം.
"ബിജെപി വോട്ട് ബാങ്കിനെക്കുറിച്ച് ആശങ്കാകുലരല്ല. മോദി അയോധ്യയിൽ രാം ലല്ലയുടെ ക്ഷേത്രം പണികഴിപ്പിച്ചു. ഇനി ബാക്കിയുള്ളത് സീതാ ദേവിയുടെ ഓർമയ്ക്കായുള്ള മന്ദിരമാണ്. രാമക്ഷേത്രത്തിൽ നിന്നു മാറിനിന്നവർക്ക് അതു സാധിക്കില്ല. സീതയുടെ ജീവിതം പോലെ മാതൃകാപരമായ ഒരു ക്ഷേത്രം പണിയാൻ സാധിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അത് നരേന്ദ്ര മോദിയാണ്, ബിജെപിയാണ്." അമിത് ഷാ പറഞ്ഞു.
സീതാമണ്ഡിക്കു സമീപത്തുനിന്നാണ് ജനക രാജാവിന് സീതയെ ലഭിച്ചെന്ന് കരുതപ്പെടുന്നത്. തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മെയ് 20നാണ് സിതാമണ്ഡിയിൽ പോളിങ്. ബിഹാറിലെ 40 നിയോജക മണ്ഡലങ്ങളിൽ ഒന്നാണിത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 40ൽ 39 സീറ്റുകൾ നേടി എൻഡിഎ സഖ്യം ബിഹാർ തൂത്തുവാരിയിരുന്നു.
നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയുമ്പോൾ പ്രധാനമന്ത്രി പദത്തിൽ നിന്ന് മാറില്ലെന്ന് അമിത് ഷാ ആവർത്തിച്ചു. 2029വരെ മോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകും. അതു കഴിഞ്ഞും മോദി തന്നെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കും-അമിത് ഷാ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോദി അടുത്ത വർഷം 75 വയസാകുമ്പോൾ വിരമിക്കുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ പറഞ്ഞിരുന്നു.